വനിതാ മന്ത്രിമാരുടെ രാജി ആബെയ്ക്കു തിരിച്ചടി
വനിതാ മന്ത്രിമാരുടെ രാജി ആബെയ്ക്കു തിരിച്ചടി
Tuesday, October 21, 2014 11:37 PM IST
ടോക്കിയോ: അഴിമതി ആരോപണത്തെത്തുടര്‍ന്നു ജപ്പാനിലെ രണ്ടു വനിതാമന്ത്രിമാര്‍ രാജിവച്ചത് വനിതകള്‍ക്കു പ്രാമുഖ്യം നല്‍കി ഈയിടെ മന്ത്രിസഭ ഉടച്ചുവാര്‍ത്ത പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്കു തിരിച്ചടിയായി.

രാഷ്ട്രീയ ഫണ്ട് ദുരുപയോഗിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണ് വാണിജ്യമന്ത്രി യുകോ ഒബുച്ചി രാജിവച്ചത്. ഒരു മുന്‍പ്രധാനമന്ത്രിയുടെ പുത്രിയായ ഒബുച്ചി ഭാവിയില്‍ പാര്‍ട്ടിയുടെ ഉന്നതനേതൃത്വത്തിലെത്തുമെന്നു കരുതപ്പെട്ടിരുന്നയാളാണ്. ഒബുച്ചിയുടെ രാജിക്കുശേഷം മണിക്കൂറുകള്‍ക്കകം നീതിന്യായ വകുപ്പു മന്ത്രി മിഡോറി മത്സുഷിമയും രാജിവച്ചു. സ്വന്തം പേരെഴുതിയ ആയിരക്കണക്കിനു വിശറികള്‍ വോട്ടര്‍മാര്‍ക്കു വിതരണം ചെയ്തെന്നാണ് അവര്‍ക്ക് എതിരേയുള്ള പരാതി. ഇത് ഇലക്ഷന്‍നിയമത്തിന്റെ ലംഘനമാണെന്നു കാണിച്ച് പ്രതിപക്ഷം ക്രിമിനല്‍ ഹര്‍ജി നല്‍കിയിരുന്നു.


സെപ്റ്റംബറില്‍ മന്ത്രിസഭ അഴിച്ചുപണിതപ്പോഴാണ് അഞ്ചു വനിതകളെ പ്രധാനമന്ത്രി ആബെ കാബിനറ്റില്‍ ഉള്‍പ്പെടുത്തിയത്. വനിതകള്‍ക്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയ ആബെയുടെ നടപടി പ്രകീര്‍ത്തിക്കപ്പെട്ടു. ഇവരില്‍ രണ്ടു പേര്‍ രാജിവയ്ക്കേണ്ടിവന്നത് വനിതാ പ്രാതിനിധ്യത്തെക്കുറിച്ച് പുനര്‍ചിന്തനത്തിന് ഇടയാക്കുമെന്ന് തീര്‍ച്ചയാണ്.

രണ്ടുപേരെയും മന്ത്രിസഭയിലെടുത്തത് താനാണെന്നും ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാപ്പുചോദിക്കുന്നുവെന്നും ആബെ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ മന്ത്രിമാരെ ഉടന്‍ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.