പശ്ചിമേഷ്യയില്‍ പീഡകള്‍ സഹിക്കുന്നവര്‍ക്ക് സഹായമെത്തിക്കണം: മാര്‍പാപ്പ
Tuesday, October 21, 2014 11:38 PM IST
പ്രത്യേക പ്രതിനിധി

റോം: നീതിരഹിതമായി പീഡകള്‍ സഹിക്കുന്ന പശ്ചിമേഷ്യയില്‍ ക്രിസ്തീയ വിശ്വാസികള്‍ക്കു കൂടുതല്‍ സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ. പശ്ചിമേഷ്യയിലെ ക്രിസ്തീയ സഭകള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യാനായി ഇന്നലെ വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത കാലത്ത് ഇറാക്കിലും സിറിയായിലും നടന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണ്. അനേകര്‍ അവിടെ പീഡിപ്പിക്കപ്പെട്ടു. തങ്ങളുടെ ഭവനങ്ങള്‍ ഉപേക്ഷിക്കേണ്ടതായും വന്നു. മനുഷ്യജീവനു വില കല്പിക്കാത്ത അവസ്ഥ ഈ പ്രദേശത്ത് കണ്ടു. ഇവ സംഭവിക്കുന്നത് അനേകരുടെ നിസംഗത മൂലമാണെന്നു മാര്‍പാപ്പ പറഞ്ഞു.


ഈ അനീതി നിറഞ്ഞ സാഹചര്യം നമ്മുടെ നിരന്തരമായ പ്രാര്‍ഥനയും അന്തര്‍ദേശീയ സമൂഹത്തിന്റെ യോഗ്യമായ ഇടപടലും ആവശ്യപ്പെടുന്നു. മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ നടന്ന സമ്മേളനത്തില്‍ കര്‍ദിനാള്‍മാരും പശ്ചിമേഷ്യയിലെ പാത്രീയര്‍ക്കീസുമാരും സെക്രട്ടേറിയറ്റ് ഓഫ് സ്റേറ്റിലെ ഉദ്യോഗസ്ഥരുമടക്കം 86 പേര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.