സീറോ മലബാര്‍ സഭയുടെ റോമിലെ പ്രവര്‍ത്തനം ശ്ളാഘനീയം: മാര്‍ ക്ളീമിസ് ബാവ
സീറോ മലബാര്‍ സഭയുടെ റോമിലെ പ്രവര്‍ത്തനം ശ്ളാഘനീയം: മാര്‍ ക്ളീമിസ് ബാവ
Tuesday, October 21, 2014 11:39 PM IST
വത്തിക്കാനില്‍നിന്നു ഫാ. ജോസഫ് സ്രാമ്പിക്കല്‍

സീറോ മലബാര്‍ സഭയ്ക്ക് റോമില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ഇടവകയിലൂടെ നടക്കുന്ന പ്രേഷിതപ്രവര്‍ത്തനം ശ്ളാഘനീയമാണെന്നു മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കര്‍ദനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ.

മിശിഹായ്ക്കു സാക്ഷ്യം വഹിക്കുക എന്ന വലിയ ദൌത്യമാണ് ആരാധനാസമൂഹം ചെയ്യുന്നത്. സീറോ മലബാര്‍ സഭയ്ക്കു റോമന്‍ രൂപതയില്‍ ഇടവക ലഭിച്ചതിന്റെ ഇരുപതാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറോ മലബാര്‍ സഭയുടെ വിശ്വാസത്തില്‍ അധിഷ്ഠിതമായ കുടുംബപാരമ്പര്യം റോമിലുള്ള പ്രവാസികളും തുടരുന്നത് പാശ്ചാത്യസഭയ്ക്കു പുതിയ ചൈതന്യം പകരുമെന്നു മാര്‍ ക്ളീമിസ് ബാവ കൂട്ടിച്ചേര്‍ത്തു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്തില്‍ വിശുദ്ധ അനസ്താസ്യാ ബസിലിക്കയില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. സീറോ മലബാര്‍ സഭയുടെ ആദ്യത്തെ വികാരി ജനറാളായ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ തുടങ്ങിവച്ച കുടുംബനവീകരണം ലക്ഷ്യം വച്ചുള്ള അജപാലന ശുശ്രൂഷയാണ് സഭ ഇന്നും ആഗോളതലത്തില്‍ തുടരുന്നതെന്നു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. മോണ്‍. സ്റീഫന്‍ ചിറപ്പണത്ത്, റവ. ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ സിഎംഐ, റവ. ഡോ. ഐസക്ക് അരിക്കാപ്പള്ളില്‍ സിഎംഐ, ഫാ. ജോസഫ് സ്രാമ്പിക്കല്‍, ഫാ. ബിജു മുട്ടത്തുകുന്നേല്‍ എന്നിവരടക്കം നിരവധി വൈദികര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായി. സീറോമലബാര്‍ വിശ്വാസികളെക്കൊണ്ട് ബസിലിക്കാ നിറഞ്ഞുകവിഞ്ഞിരുന്നു.


തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ റോമന്‍ രൂപതയുടെ പ്രവാസികാര്യ ഡയറക്ടര്‍ മോണ്‍. പിയര്‍ പൌളോ ഫെലിക്കൊളോ, ഫാ. ജോസഫ് സ്രാമ്പിക്കല്‍, ഫാ. ബിജോ കൊച്ചാദംപള്ളില്‍, സിസ്റര്‍ ഫെസില്‍ സിഎച്ച്എഫ്, ചാണ്ടി പ്ളാമൂട്ടില്‍, ജോസഫ് കരുമത്തി, ഫ്ളവര്‍ ജ്യോതി കണ്ണംപ്ളാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇടവകരൂപീകരണത്തിനും വളര്‍ച്ചയ്ക്കും നിര്‍ണായകസംഭാവനകള്‍ നല്‍കിയ മാര്‍ ആന്റണി പടിയറ, മാര്‍ ഏബ്രഹാം കാട്ടുമന, മാര്‍ വര്‍ക്കി വിതയത്തില്‍, മോണ്‍. മസോണെ, ഫാ. ലൂക്കാസ് വിത്തുവീട്ടിക്കലിന്റെ നേതൃത്വത്തുള്ള സിഎംഐ വൈദികര്‍, റവ. ഡോ. ജോര്‍ജ് നെടുംങ്ങാട്ട് എസ്. ജെ., മോണ്‍. ചെറിയാന്‍ കാഞ്ഞിരക്കൊമ്പില്‍ എന്നിവരടക്കം റോമില്‍ ശുശ്രൂഷ ചെയ്ത എല്ലാ സീറോ മലബാര്‍ അജപാലകരേയും സമ്മേളനം നന്ദിയോടെ അനുസ്മരിച്ചു.

വികാരി മോണ്‍. സ്റീഫന്‍ ചിറപ്പണത്ത്, സഹവികാരി ഫാ. ബിജു മുട്ടത്തുകുന്നേല്‍ എന്നിവരും നാല് കൈക്കാരന്‍മാരും രണ്ട് സെക്രട്ടറിമാരും അടക്കമുള്ള തൊണ്ണൂറംഗ പാരീഷ് കൌണ്‍സിലാണ് റോമന്‍ രൂപതയിലെ സീറോമലബാര്‍ ഇടവകയ്ക്ക് നേതൃത്വം നല്‍കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.