ശ്രീലങ്കയില്‍ ജനുവരിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്
ശ്രീലങ്കയില്‍ ജനുവരിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്
Friday, November 21, 2014 10:54 PM IST
കൊളംബൊ: കാലാവധി തീരാന്‍ രണ്ടു വര്‍ഷം ശേഷിക്കേ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ അടുത്ത തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തി. ജനുവരിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്നു രാജപക്സെ പറഞ്ഞു. തുടര്‍ച്ചയായി രണ്ടു തവണ ശ്രീലങ്കന്‍ പ്രസിഡന്റായ രാജപക്സെ മൂന്നാം ഊഴത്തിനായി മത്സരിക്കും. 1978ല്‍ സ്വാതന്ത്യ്രം നേടിയതിനുശേഷം ഇതാദ്യമായാണ് ഒരു പ്രസിഡന്റ് മൂന്നാം തവണ ജനഹിതം തേടുക.

2005, 2010 വര്‍ഷങ്ങളില്‍ രാജപക്സെ ലങ്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടാമൂഴത്തിന്റെ നാലാം വര്‍ഷത്തിലൂടെയാണ് രാജപക്സെ ഇപ്പോള്‍ കടന്നുപോകുന്നത്.

തുടര്‍ച്ചയായ മൂന്നാം പ്രാവശ്യവും തെരഞ്ഞെടുക്കപ്പെടാന്‍, നേരത്തേതന്നെ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നു എന്നു രാജപക്സെ ടെലിവിഷനിലൂടെ വെളിപ്പെടുത്തുകയായിരുന്നു. നാലു വര്‍ഷത്തിലൊരിക്കല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഹ്വാനം നല്കണമെന്നു ലങ്കന്‍ ഭരണഘടനയിലുണ്ട്. എന്നാല്‍, സുപ്രീംകോടതി ഈ നിയമം താത്കാലികമായി തടഞ്ഞുവച്ചിരിക്കുകയാണ്. ഈ മാസം ആദ്യമാണ് സുപ്രീംകോടതിയുടെ ഉത്തരവ് വന്നത്. ഈ ഉത്തരവിനു പിന്നാലെയാണ് ജനുവരിയില്‍ തെരഞ്ഞെടുപ്പു നടത്തുമെന്ന രാജപക്സെയുടെ പ്രഖ്യാപനം. രാഷ്ട്രീയമായി തന്നെയും തന്റെ പാര്‍ട്ടിയെയും ലങ്കന്‍ ജനതയ്ക്കു തള്ളിക്കളയാനാവില്ലെന്ന ആത്മവിശ്വാസമാണ് തെരഞ്ഞെടുപ്പു നേരത്തേ നേരിടാന്‍ രാജപക്സെയെ പ്രേരിപ്പിച്ചത്. എന്നാല്‍, സെപ്റ്റംബറില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ രാജപക്സെയുടെ പാര്‍ട്ടിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി നേരിട്ടിരുന്നു.


രാജപക്സെയെ പിന്തുണച്ചിരുന്ന നാഷണല്‍ ഹെറിറ്റേജ് പാര്‍ട്ടി (ജെഎച്ച്യു) കഴിഞ്ഞ ബുധനാഴ്ച തങ്ങളുടെ പിന്തുണ പിന്‍വലിച്ചിരുന്നു. ജെഎച്ച്യു പിന്തുണ പിന്‍വലിച്ചത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രാജപക്സെയെ പ്രതികൂലമായി ബാധിക്കുമെന്നാണു വിലയിരുത്തല്‍. കാരണം, ബുദ്ധമതവിശ്വാസികളുടെ പ്രമുഖ പാര്‍ട്ടിയാണ് ജെഎച്ച്യു. ലങ്കന്‍ ജനസംഖ്യയില്‍ 70 ശതമാനവും ബുദ്ധമതവിശ്വാസികളാണ്. അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന രാജപക്സെയുടെ നിലപാടിനെത്തുടര്‍ന്നാണ് തങ്ങള്‍ പിന്തുണ പിന്‍വലിക്കുന്നതെന്നാണ് ജെഎച്ച്യുവിന്റെ വെളിപ്പെടുത്തല്‍.

2005ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രാജപക്സെ നേരിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എന്നാല്‍, ആറു വര്‍ഷത്തിനുശേഷം 2010ല്‍ രാജപക്സെയും പാര്‍ട്ടിയും വന്‍ഭൂരിപക്ഷം സ്വന്തമാക്കി.

അരനൂറ്റാണ്േടാളം നീണ്ടുനിന്ന എല്‍ടിടിഇ തീവ്രവാദത്തെ 2009ല്‍ രാജപക്സെയുടെ സര്‍ക്കാരാണ് അടിച്ചമര്‍ത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.