ആല്‍ബയിലെ ഡച്ചസ് അന്തരിച്ചു
ആല്‍ബയിലെ ഡച്ചസ് അന്തരിച്ചു
Friday, November 21, 2014 10:55 PM IST
മാഡ്രിഡ്: ആല്‍ബയിലെ പതിനെട്ടാമത്തെ ഡച്ചസ് കയേറ്റന (88) അന്തരിച്ചു. യൂറോപ്പിലെ അതിസമ്പന്നകളില്‍ ഒരാളായ അവര്‍ ഏറ്റവുമധികം പദവികള്‍ അലങ്കരിച്ചിട്ടുള്ള വനിതയുമാണ്.

പുരാതനമായ നിരവധി കൊട്ടാരങ്ങളും അമൂല്യമായ അനവധി കലാവസ്തുക്കളും ഉള്‍പ്പെട്ട വലിയൊരു സമ്പത്തിനുടമയായിരുന്നു. മുഴുവന്‍ പേര് മരിയ ഡെല്‍ കയേറ്റന അല്‍ഫോന്‍സ വിക്ടോറിയ എവുജീനിയ ഫ്രാന്‍സിസ്ക ഫിറ്റ്സ്-ജയിംസ് സ്റുവര്‍ട്ട് ഇ സില്‍വ.

ഇരുപത്തൊന്നാം വയസില്‍ വിവാഹിതയായ പ്രഭ്വി രണ്ടുവട്ടം വിധവയായി. ആദ്യ വിവാഹത്തില്‍ ആറു മക്കളുണ്ട്. ഏറ്റവുമൊടുവില്‍ 2011ല്‍ വിവാഹം കഴിച്ചത് 24 വയസ് കുറവുള്ള സിവില്‍ സര്‍വീസ് ഓഫീസര്‍ അല്‍ഫോന്‍സോ ഡയസിനെ. കാളപ്പോരിലും മറ്റും കമ്പക്കാരിയിയിരുന്ന ഡച്ചസ് വലിയ ഫാഷന്‍ ഭ്രമക്കാരിയുമായിരുന്നു.

സ്പെയിനിലെ ഏറ്റവും പഴയ പ്രഭുകുടുംബങ്ങളിലൊന്നാണ് ആല്‍ബ. 1400 മുതലുള്ള ചരിത്രം ഈ കുടുംബത്തിനുണ്ട്. ഏഴു നൂറ്റാണ്ടിനിടെ കയേറ്റനയ്ക്കു മുമ്പു രണ്ടു വനിതകളേ കുടുംബത്തിന്റെ നായകത്വം വഹിച്ചിട്ടുള്ളൂ. പതിനെട്ടാം നൂറ്റാണ്ടില്‍ കുടുംബനാഥയായിരുന്ന 13-ാം ഡച്ചസ് വിശ്രുത ചിത്രകാരന്‍ ഫ്രാന്‍സിസ്കോ ഗോയയുമായി വലിയ അടുപ്പത്തിലായിരുന്നു. ഗോയ വരച്ച ല മഹാ ഡെസ്നൂഡ് എന്ന നഗ്നചിത്രത്തിന്റെ മോഡല്‍ ആ പ്രഭ്വിയായിരുന്നുവെന്നു പറയപ്പെടുന്നു. പാബ്ളോ പിക്കാസോ ആ ചിത്രത്തിന്റെ പുനര്‍ചിത്രീകരണത്തിനു തന്നോടു മോഡലാകാന്‍ ആവശ്യപ്പെട്ട കാര്യം കയേറ്റന ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. പക്ഷേ, ഭര്‍ത്താവ് അനുവദിച്ചില്ല.


ലണ്ടനില്‍ അംബാസഡറായിരുന്ന പിതാവിനൊപ്പം കഴിഞ്ഞ സ്കൂള്‍കാലത്തു കയേറ്റനയ്ക്കു വിന്‍സ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയ ബ്രിട്ടീഷ് നേതാക്കളുമായി അടുപ്പമുണ്ടായി. ജാക്വിലിന്‍ കെന്നഡി, ഓഡ്രി ഹെപ്ബേണ്‍, ഈവ് സാന്‍ലോറാന്‍ തുടങ്ങിയ പ്രശസ്തര്‍ക്കു സ്പെയിനില്‍ ആതിഥേയയായിരുന്നു പ്രഭ്വി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.