സാന്താമരിയ മജോരെയില്‍ ഇന്നു തീര്‍ഥാടകസംഗമം, ജാഗരണ പ്രാര്‍ഥന
സാന്താമരിയ മജോരെയില്‍ ഇന്നു തീര്‍ഥാടകസംഗമം, ജാഗരണ പ്രാര്‍ഥന
Saturday, November 22, 2014 11:14 PM IST
വത്തിക്കാനില്‍നിന്ന് ഡോ. ഐസക് ആരിക്കാപ്പള്ളില്‍ സിഎംഐ

വാഴ്ത്തപ്പെട്ട ചാവറയച്ചനും എവുപ്രാസ്യമ്മയും നാളെ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നതിനോടനുബ ന്ധിച്ചുള്ള ജാഗരണ പ്രാര്‍ഥന റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയില്‍ ഇന്നുച്ചകഴിഞ്ഞു 3.15-ന് ആരംഭിക്കും. വിശുദ്ധ പദവി പ്രഖ്യാപനത്തിന് ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നും ധാരാളം തീര്‍ഥാടകര്‍ കഴിഞ്ഞ രണ്ടു ദിവസമായി എത്തിക്കൊണ്ടിരിക്കുകയാണ്. ജാഗരണ പ്രാര്‍ഥനയോടെ ഇന്ത്യന്‍ തീര്‍ഥാടകസംഘങ്ങളുടെ ഒരു സംഗമംതന്നെ സാന്താമരിയ മജോരെയില്‍ നടക്കും.

സീറോ മലബാര്‍, സീറോ മലങ്കര സഭകളുടെ തലവന്മാരായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ഇന്ത്യയില്‍നിന്നുള്ള ഇരുപത്തഞ്ചോളം ബിഷപ്പുമാര്‍, സിഎംഐ സഭയുടെ പ്രിയോര്‍ ജനറല്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി, സിഎം സി സഭാ സുപ്പീരിയര്‍ ജനറല്‍ മദര്‍ സാങ്റ്റ, സിഎംഐ- സിഎംസി ജനറല്‍ കൌണ്‍സിലര്‍മാര്‍, പ്രൊവിന്‍ഷ്യല്‍മാര്‍, സന്യാസസഭാ ശ്രേഷ്ഠര്‍, ഒട്ടനവധി വൈദികര്‍, സന്യാസ സഭാംഗങ്ങള്‍, നൂറുകണക്കിനു വിശ്വാസികള്‍ എന്നിവരൊക്കെ ഇന്നത്തെ ജാഗരണപ്രാര്‍ഥനയില്‍ പങ്കെടുക്കും.

രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ നയിക്കുന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെയും മന്ത്രിമാരായ പി.ജെ. ജോസഫ്, കെ.സി. ജോസഫ് എന്നിവരുള്‍പ്പെട്ട കേരള ഗവണ്‍മെന്റിന്റെയും പ്രതിനിധി സംഘങ്ങളെയും ഇന്നത്തെ ജാഗരണ പ്രാര്‍ഥനയ്ക്കു പ്രതീക്ഷിക്കുന്നുണ്ട്.

ഇറ്റാലിയന്‍ ഭാഷയില്‍, സീറോ മലബാര്‍ ആരാധനക്രമത്തിലെ റംശാ നമസ്കാരമാണു ജാഗരണ പ്രാര്‍ഥനയായി നടത്തപ്പെടുക. പൌരസ്ത്യ സഭകളുടെ സംഘത്തലവന്‍ കര്‍ദിനാള്‍ ലിയണാര്‍ദോ സാന്ദ്രിയാണു ജാഗരണ പ്രാര്‍ഥനയുടെ പ്രധാന കാര്‍മികന്‍. വിശുദ്ധ പദവി പ്രഖ്യാപന ആഘോഷങ്ങളുടെ ജനറല്‍ കണ്‍വീനറും സിഎംഐ ജനറല്‍ കൌണ്‍സിലറുമായ ഫാ. ജോര്‍ജ് താഞ്ചന്‍, റോമിലെ സീറോ മലബാര്‍ സഭാ സമൂഹത്തിന്റെ അജപാലകനും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ പ്രൊക്യുറേറ്ററുമായ മോണ്‍. സ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ സഹകാര്‍മികരായിരിക്കും.

ഒന്നാം വായന സിഎംഐ അമേരിക്കന്‍ പ്രതിനിധി ഫാ. ജയിംസ് കണിപ്പറമ്പിലും രണ്ടാം വായന സിഎംസി റോമാ പ്രതിനിധി സിസ്റര്‍ ദീപയുമായിരിക്കും നടത്തുക. പ്രധാന കാര്‍മികനായ കര്‍ദിനാള്‍ സാന്ദ്രിത ന്നെയാണു സന്ദേശം നല്‍കുന്നത്. സിഎംഐ ജര്‍മന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ആന്റണി കുറ്റിയാനിക്കല്‍, സിഎംസി റോമന്‍ സുപ്പീരിയര്‍ സിസ്റര്‍ നാന്‍സി എന്നിവരാണു പൂപ്പാത്രങ്ങള്‍ പ്രതിഷ്ഠിക്കുക.

മലയാള ഗായകസംഘവും ഇറ്റാലിയന്‍ ഗായകസംഘവും ദിവ്യഗീതങ്ങള്‍ ആലപിക്കും. പോസ്റുലേറ്റര്‍ റവ. ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ സിഎംഐ സ്വാഗതവും മോ ണ്‍. സ്റീഫന്‍ ചിറപ്പണത്ത് നന്ദിയും പറയും. മാസ്റര്‍ ഓഫ് സെറിമണീസ് ഫാ. നൈജു കളമ്പുകാട്ട് സിഎംഐ, നാമകരണ ചടങ്ങുകള്‍ക്കും 24-ലെ കൃതജ്ഞതാബലിക്കും അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ നല്‍കും.

കേരളത്തില്‍നിന്നുള്ള തീര്‍ഥാടകസംഘങ്ങള്‍ റോമിലെത്തി

റോമില്‍നിന്നു ജോര്‍ജ് കള്ളിവയലില്‍, സിജോ പൈനാടത്ത്

വാഴ്ത്തപ്പെട്ടവരായ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനു കേരളത്തില്‍നിന്നുള്ള തീര്‍ഥാടകസംഘങ്ങള്‍ റോമിലെത്തി. സിഎംഐ, സിഎംസി സഭകളുടെയും വിവിധ ഏജന്‍സികളുടെയും നേതൃത്വത്തിലുള്ള തീര്‍ഥാടകസംഘങ്ങളാണ് റോമിലെത്തിയിട്ടുള്ളത്.


സിഎംഐ സഭയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം ഇറ്റലിയിലെ മിലാനിലാണ് വിമാനം ഇറങ്ങിയത്. എയര്‍ ഇന്ത്യ വിമാനത്തില്‍ കൊച്ചിയില്‍നിന്നു പുറപ്പെട്ട സംഘത്തിനൊപ്പം ഡല്‍ഹിയില്‍നിന്നു സിബിസിഐ മുന്‍ പ്രസിഡന്റും റാഞ്ചി ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ഡോ. ടെലിസ്ഫോര്‍ ടോപ്പോയും ചേര്‍ന്നു. കേരളത്തില്‍നിന്നുള്ള രണ്ടു പുണ്യാത്മാക്കളെ ഒരുമിച്ച് മാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത് ഭാരതസഭയ്ക്കു മുഴുവന്‍ അഭിമാനമാണെന്നു കര്‍ദിനാള്‍ ദീപികയോടു പറഞ്ഞു. മലയാളികളായ മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കും വിശ്വാസികള്‍ക്കും ഒപ്പം റോമിലെ നാമകരണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാകുന്നതില്‍ താന്‍ അതീവ സന്തോഷവാനാണെന്നു കര്‍ദിനാള്‍ ടോപ്പോ പറഞ്ഞു. 215 പേരടങ്ങിയ സംഘത്തില്‍ വൈദികര്‍ക്കും ആധ്യാത്മിക നേതാക്കള്‍ക്കും പുറമേ പിഎസ്സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, എഴുത്തുകാരന്‍ പ്രഫ. എം. തോമസ് മാത്യു, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ തുടങ്ങിയവരുമുണ്ട്. പാദുവ, അസീസി ഉള്‍പ്പെടെയുള്ള ഇറ്റലിയിലെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലും മറ്റു പ്രധാന സ്ഥലങ്ങളിലും സംഘം സന്ദര്‍ശനം നടത്തിവരുന്നു. നാമകരണ ശുശ്രൂഷകളില്‍ പങ്കെടുക്കുന്ന വൈദികര്‍ക്കുള്ള തിരുവസ്ത്രങ്ങള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്ന മലയാളികള്‍ക്കായി വിതരണം ചെയ്യുന്ന വിശുദ്ധരുടെ ചിത്രം ആലേഖനം ചെയ്ത കൊടികള്‍, തൊപ്പികള്‍ തുടങ്ങിയവയും സംഘം ഇറ്റലിയില്‍ എത്തിച്ചിട്ടുണ്ട്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയും ഇന്ത്യയില്‍നിന്നുള്ള മറ്റു മെത്രാന്‍മാരും ഇന്നും നാളെയുമായി റോമിലെത്തും. സിഎംസി സഭയുടെ നേതൃത്വത്തില്‍ ഒല്ലൂരില്‍നിന്നുള്ള തീര്‍ഥാടകസംഘവും ഇറ്റലിയിലെത്തിയിട്ടുണ്ട്.

ചാവറയച്ചന്റെയും എവുപ്രാസ്യാമ്മയുടെയും കുടുംബാംഗങ്ങളും രണ്ടു പുണ്യാത്മാക്കളുടെയും ജീവിതവുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിലെ വിശ്വാസികളും നാമകരണചടങ്ങുകളില്‍ പങ്കെടുക്കും.

വത്തിക്കാനില്‍ അടിയന്തര ചികിത്സാസഹായത്തിനു ക്രമീകരണം

റോം: ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന വത്തിക്കാനിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരില്‍ അടിയന്തര ചികിത്സാസഹായം വേണ്ടിവരുന്നവരെ ശുശ്രൂഷിക്കാന്‍ ആലപ്പുഴയില്‍നിന്നു വന്ന കാര്‍ഡിയോളജിസ്റ് ഡോ. പൌലോസ് പോത്തന്‍ സന്മനസ് കാണിച്ചിട്ടുണ്ട്. ഡോക്ടറെ അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ സന്നദ്ധസംഘടനയിലുള്ളവര്‍ സഹായിക്കും.

ഫാ. ജിനു തെക്കേത്തല ഫോണ്‍: 0039-3345413243, സജി തട്ടില്‍ ഫോണ്‍: 0039-3888972126, തോമസ് ഇരുമ്പന്‍ ഫോണ്‍: 0039-3292385643, കുര്യന്‍ തെക്കല്‍ ഫോണ്‍: 0039-3477165585, ജോര്‍ജ് റപ്പായി ഫോണ്‍: 0039-3293936939.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.