കേരളത്തില്‍നിന്നു വന്‍ മാധ്യമസംഘം
Monday, November 24, 2014 11:37 PM IST
വത്തിക്കാനില്‍നിന്നു ജോര്‍ജ് കള്ളിവയലില്‍

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും നാമകരണ ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തില്‍നിന്നു വത്തിക്കാനിലെത്തിയതു വന്‍ മാധ്യമസംഘം. കേരളത്തിലെ ദൃശ്യ-പത്രമാധ്യമങ്ങളുടെ ലേഖകരും കാമറാമാന്‍മാരും ഇന്നലെ വത്തിക്കാന്‍ ചത്വരത്തില്‍ എത്തിയത് അവിടെ ഒത്തുകൂടിയ മലയാളി തീര്‍ഥാടകര്‍ക്കും വിശിഷ്ട അനുഭവമായി.

ദീപിക ഉള്‍പ്പെടെ വിവിധ പത്രമാധ്യമങ്ങളുടെ ലേഖകരും കാമറാമാന്മാരും വത്തിക്കാനിലുണ്ടായിരുന്നു. ദൃശ്യമാധ്യമങ്ങള്‍ നാമകരണ ചടങ്ങുകളുടെ വാര്‍ത്തകളും ദൃശ്യങ്ങളും തത്സമയം ജനങ്ങളിലേക്കെത്തിച്ചു.

വത്തിക്കാന്‍ ചത്വരത്തില്‍ നടക്കുന്ന ഒരു പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തില്‍നിന്ന് ഇത്രയും മാധ്യമപ്രതിനിധികള്‍ എത്തുന്നത് ഇതാദ്യമാണ്. കേരളത്തിലെ മറ്റു മാധ്യമങ്ങള്‍ക്കു വാര്‍ത്തകളും അനുബന്ധ വിവരങ്ങളും ചിത്രങ്ങളും നല്‍കുന്നതിനു നാമകരണ നടപടികളുടെ മീഡിയ സെല്‍ സജ്ജീകരണമൊരുക്കിയിരുന്നു. ജര്‍മനി, ബ്രിട്ടന്‍, ഇറ്റലി തുടങ്ങി നിരവധി രാജ്യങ്ങളില്‍നിന്നുള്ള മാധ്യമ പ്രതിനിധികളും റോയിട്ടേഴ്സ് ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികളും നാമകരണ ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വത്തിക്കാനിലെത്തി. നാമകരണ ചടങ്ങുകള്‍ നേരിട്ടു റിപ്പോര്‍ട്ട് ചെയ്യുന്നതിനു പത്ര - ദൃശ്യമാധ്യമങ്ങള്‍ വത്തിക്കാനിലെത്തിയത് അതീവ സന്തോഷകരമാണെന്നു മീഡിയ സെല്‍ കണ്‍വീനര്‍ ഫാ.റോബി കണ്ണന്‍ചിറ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.