ഭക്തിസാന്ദ്രമായി സെന്റ് പീറ്റേഴ്സ് ചത്വരം
ഭക്തിസാന്ദ്രമായി സെന്റ് പീറ്റേഴ്സ് ചത്വരം
Monday, November 24, 2014 11:36 PM IST
വത്തിക്കാനില്‍നിന്ന് ഡോ. ഐസക് ആരിക്കാപ്പള്ളില്‍ സിഎംഐ

നവംബര്‍ 23 ഞായര്‍ ക്രിസ്തുരാജ തിരുനാള്‍കൂടി ആയിരുന്നതിനാല്‍ തിരുനാളിനുകൂടി യോജിച്ച വായനകളാണ് ഇന്നലെ വിശുദ്ധപദവി പ്രഖ്യാപന തിരുക്കര്‍മങ്ങള്‍ക്കു തെരഞ്ഞെടുത്തത്. ഒന്നാമത്തെ വായന എസക്കിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍നിന്നായിരുന്നു.

രണ്ടാമത്തെ വായന വിശുദ്ധ എവുപ്രാസ്യമ്മയുടെ വൈസ് പോസ്റുലേറ്റര്‍ സിസ്റര്‍ ക്ളെയോപാട്ര സിഎംസി ഇംഗ്ളീഷിലാണ് വായിച്ചത്. കൊറീന്ത്യര്‍ക്ക് എഴുതിയ ലേഖനം 15-ാം അധ്യായം 20 മുതല്‍ 26 വരെയുള്ള തിരുവചനങ്ങള്‍.

സുവിശേഷം ലത്തീന്‍ ഭാഷയിലും ഗ്രീക്കു ഭാഷയിലും വായിക്കുകയുണ്ടായി. വിശുദ്ധ മത്തായിയുടെ സുവിശേഷം അധ്യായം 25 വാക്യങ്ങള്‍ 31 മുതല്‍ 46 വരെ. തുടര്‍ന്നു മാര്‍പാപ്പയുടെ സന്ദേശം: ഇന്നു ക്രിസ്തുവിന്റെ രാജത്വ തിരുനാളാണ്. നല്ല ഇടയനായ ക്രിസ്തു കരുണയും സ്നേഹവും ഉള്ളവനായിരുന്നു. ഇന്നു നാമകരണം ചെയ്യപ്പെടുന്നവരെല്ലാം അവരുടെ ജീവിതസാഹചര്യങ്ങളില്‍ കരുണയും സ്നേഹവും പ്രകടിപ്പിച്ചവരാണ്. അതിനാല്‍ അവര്‍ തീര്‍ച്ചയായും അനുകരണയോഗ്യരാണ് എന്നു പരിശുദ്ധ പിതാവ് സന്ദേശത്തില്‍ പറഞ്ഞു.

വിശ്വാസപ്രമാണം ഏറ്റുപറഞ്ഞശേഷം നടത്തിയ വിശ്വാസികളുടെ പ്രാര്‍ഥനകള്‍ വിവിധ ഭാഷകളില്‍ ഉരുവിട്ടു. ഒന്നാമത്തേത് മലയാളത്തിലായിരുന്നു. ജറുസലം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡേവിസ് പട്ടത്ത് സിഎംഐ ആണ് ഇത് ഉരുവിട്ടത്.

തുടര്‍ന്നു വിശുദ്ധ കുര്‍ബാനയുടെ കാഴ്ചവയ്പ് പ്രദക്ഷിണം. കാഴ്ചദ്രവ്യങ്ങള്‍ സംവഹിച്ചതു ചാവറയച്ചന്റെ മധ്യസ്ഥതയാല്‍ രോഗശാന്തി ലഭിച്ച മരിയ ജോസ് കൊട്ടാരത്തില്‍, മാതാപിതാക്കളായ ജോസ് തോമസ്, മേരിക്കുട്ടി, മരിയ ജോസിന്റെ സഹോദരനും വൈദികവിദ്യാര്‍ഥിയുമായ ബ്രദര്‍ ജോര്‍ജ് കൊട്ടാരത്തില്‍, സഹോദരന്‍ ഫെബിന്‍ എന്നിവരും, എവുപ്രാസ്യമ്മയുടെ മധ്യസ്ഥതയില്‍ അദ്ഭുതസൌഖ്യം നേടിയ ജൂവല്‍ ജെന്‍സന്‍ കണ്ണംകുന്നി, മാതാപിതാക്കള്‍ ജെന്‍സന്‍, റീന എന്നിവരുമായിരുന്നു.

വത്തിക്കാന്‍, ഇന്ത്യന്‍ ഗായകസംഘങ്ങള്‍

മാര്‍പാപ്പയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന തുടര്‍ന്നു. നാമകരണ തിരുക്കര്‍മങ്ങളും കുര്‍ബാനയും ലത്തീന്‍ ഭാഷയിലായിരുന്നു. വത്തിക്കാന്‍ ഗായകസംഘവും ഇന്ത്യന്‍ ഗായകസംഘവും കര്‍മങ്ങള്‍ക്കു ദിവ്യഗീതങ്ങള്‍ ആലപിച്ചു. ഇന്ത്യന്‍ അഥവാ മലയാളീ ഗായകസംഘത്തില്‍ അമ്പത് അംഗങ്ങളുണ്ടായിരുന്നു. ഫാ. സെബാസ്റ്യന്‍ മുട്ടംതോട്ടില്‍ എംസിബിഎസ്, ഫാ. രാജേഷ് കവലയ്ക്കല്‍ സിഎംഐ, ഫാ. നൈജു കളമ്പുകാട്ട് സിഎംഐ, സിസ്റര്‍ ആനി ഗ്രേയ്സ് സിഎംസി, സിസ്റര്‍ ജിസി മരിയ സിഎംസി, ജ്യോതിഷ് വര്‍ക്കി കണ്ണംപ്ളാക്കല്‍ എന്നിവര്‍ നയിച്ചു. ഡെല്‍റ്റസ്, ഫാ. ജൂബി, സുനില്‍, ബ്രദര്‍ ജോയല്‍ തുടങ്ങിയവര്‍ ഓര്‍ക്കസ്ട്രയ്ക്കു നേതൃത്വം നല്‍കി. റോമിലുള്ള സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ സമൂഹങ്ങളിലെ പ്രശസ്തഗായകരും വിവിധ സന്യാസിനീ-സന്യാസ സഭാംഗങ്ങളും വിവിധ രൂപതകളില്‍നിന്നുള്ള വൈദികരും വൈദികവിദ്യാര്‍ഥികളും ഗായകസംഘത്തിലുണ്ടായിരുന്നു.

ഫാ. റോയി കണ്ണന്‍ചിറ സിഎംഐ രചിച്ച് ഫാ. ആന്റണി ഉരുളിയാനിക്കല്‍ സിഎംഐ ഈണം പകര്‍ന്ന ആകാശമോക്ഷത്തിന്‍ പ്രഭയില്‍... എന്നു തുടങ്ങുന്ന ഗാനവും, ഫാ. ചെറിയാന്‍ കുനിയന്തോടത്ത് രചിച്ച് അമല്‍ ആന്റണി ഈണം നല്‍കിയ കാലമുയര്‍ത്തിയ... എന്ന ഗാനവുമാണു നാമകരണത്തോടനുബന്ധിച്ച് പുതിയ വിശുദ്ധരായ കുര്യാക്കോസ് ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും സ്തുതിച്ചു തിരുക്കര്‍മങ്ങളില്‍ പാടിയത്.

രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യനും സംഘവും ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രതിനിധികളായും മന്ത്രി കെ.സി. ജോസഫ്, മന്ത്രി പി.ജെ. ജോസഫ് എന്നിവരടങ്ങിയ സംഘം കേരള ഗവണ്‍മെന്റിന്റെ പ്രതിനിധികളായും ചടങ്ങുകളില്‍ പങ്കെടുത്തു. ജോസ് കെ. മാണി എംപി, എം.പി. വിന്‍സന്റ് എംഎല്‍എ എന്നിവരും പങ്കെടുത്തവരില്‍ പെടുന്നു.

ദിവ്യബലിയുടെ സമയത്തു വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ വൈദികരെ സഹായിച്ചത് ഡീക്കന്മാരായ പ്രതീഷ് കല്ലറയ്ക്കല്‍, സനല്‍ തോമസ് മാളിയേക്കല്‍, സോണി ജോര്‍ജ് കപ്പലുമാക്കല്‍, നിഷാദ് ജോസ്, ലെനീഷ് ജോസ് എന്നിവരാണ്.


സഹകാര്‍മികര്‍



പൌരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള സംഘത്തലവന്‍ കര്‍ദിനാള്‍ ലെയണാര്‍ദോ സാന്ദ്രി, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാവേലിക്കര ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, താമരശേരി ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, ഉജ്ജൈന്‍ ബിഷപ് മാര്‍ സെബാസ്റ്യന്‍ വടക്കേല്‍, ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, രാമനാഥപുരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട്, ബിജ്നോര്‍ ബിഷപ് മാര്‍ ജോണ്‍ വടക്കേല്‍ സിഎംഐ, ജഗദല്‍പൂര്‍ ബിഷപ് മാര്‍ ജോയി ജോസഫ് കൊല്ലംപറമ്പില്‍ സിഎംഐ, രാജ്കോട്ട് ബിഷപ് മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ സിഎംഐ, മഡഗാസ്കര്‍ -പോട്ട് ബെര്‍ഗ് ബിഷപ് ജോര്‍ജ് വര്‍ക്കി, ബിജ്നോര്‍ മുന്‍ ബിഷപ് ഗ്രേഷ്യന്‍ മുണ്ടാടന്‍ സിഎംഐ, തൃശൂര്‍ മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി തുടങ്ങിയവരും സിഎംഐ പ്രിയോര്‍ ജനറല്‍ റവ.ഡോ. പോള്‍ ആച്ചാണ്ടി, വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും പോസ്റുലേറ്റര്‍ റവ.ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ സിഎംഐ, ജനറല്‍ കൌണ്‍സിലര്‍ റവ.ഡോ. ജോര്‍ജ് താഞ്ചന്‍, സിഎംഐ മുന്‍ പ്രിയോര്‍ ജനറല്‍ ഫാ. ജോസ് പന്തപ്ളാംതൊട്ടിയില്‍, സിഎംഐ പ്രൊവിന്‍ഷ്യല്‍മാര്‍ എന്നിവരുള്‍പ്പെടെ ഇന്ത്യക്കാരായ എണ്ണൂറിലധികം വൈദികരും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് മാര്‍പാപ്പയോടൊപ്പം സമൂഹബലി അര്‍പ്പിച്ചു.

വിശുദ്ധരുടെ കുടുംബാംഗങ്ങളും


വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും കുടുംബങ്ങളില്‍പ്പെട്ട ഇരുന്നൂറിലധികം പേര്‍ പങ്കെടുത്തു. പതിനായിരത്തോളം ഇന്ത്യക്കാര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളില്‍നിന്നായി ഒരു ലക്ഷത്തിലേറെ ആളുകള്‍ ആറുപേരുടെയും നാമകരണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഉണ്ടായിരുന്നു.

മാര്‍പാപ്പ ത്രികാലജപം ചൊല്ലി എല്ലാവരെയും അനുഗ്രഹിച്ച് വിശുദ്ധപദവി പ്രഖ്യാപന തിരുക്കര്‍മങ്ങള്‍ അവസാനിപ്പിച്ചു. തിരുക്കര്‍മങ്ങള്‍ക്കുശേഷം പാപ്പാ സീറോ മലബാര്‍, സീറോ മലങ്കര മേജര്‍ ആര്‍ച്ച്ബിഷപ്പുമാരായ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ക്ളീമിസ് എന്നിവരുടെയും മറ്റു കര്‍ദിനാള്‍മാരുടെയും ആര്‍ച്ച്ബിഷപ്പുമാരുടെയും സമീപത്തേക്കു വന്നു. പിന്നീടു പോപ്പു മൊബീലില്‍ ജനങ്ങളുടെ ഇടയിലേക്കും ഇറങ്ങിവന്നു. ഇന്നലെ രാവിലെ വത്തിക്കാനില്‍ ചാറ്റല്‍മഴ ഉണ്ടായിരുന്നു. തുടക്കത്തില്‍ മഴയുടെ ലക്ഷണമുണ്ടായിരുന്നെങ്കിലും കര്‍മങ്ങള്‍ തുടങ്ങിയശേഷം തെളിഞ്ഞ കാലാവസ്ഥയായിരുന്നു. കര്‍മങ്ങളുടെ അവസാനം മാര്‍പാപ്പ ഇന്ത്യയുടെ, പ്രത്യേകിച്ചു കേരളത്തിന്റെ ആത്മീയതയെയും വിശ്വാസതീക്ഷ്ണതയെയും പ്രകീര്‍ത്തിച്ചു സംസാരിച്ചു.

നാമകരണത്തിനുശേഷം ആദ്യമായി മാര്‍പാപ്പ അര്‍പ്പിച്ച കുര്‍ബാനയില്‍ ആറു പുതിയ വിശുദ്ധരുടെയും പേരുകള്‍കൂടി വിശുദ്ധരെ ഓര്‍ത്ത് പ്രാര്‍ഥിക്കുന്നിടത്തു ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.