അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണം; 50 മരണം
Monday, November 24, 2014 11:36 PM IST
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ വോളിബോള്‍ മത്സരത്തിനിടെ ചാവേര്‍ ഭടന്‍ നടത്തിയ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

പാക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പക്തികാ പ്രവിശ്യയിലെ യാഹ്യാ ഖലീല്‍ ജില്ലയിലാണ് സംഭവം. മത്സരം കാണാന്‍ തിങ്ങിക്കൂടിയവര്‍ക്കിടയിലേക്ക് ചാവേര്‍ ഭടന്‍ കടന്നുചെന്നു പൊട്ടിത്തെറിക്കുകയായിരുന്നു.

പ്രവിശ്യാ ഉദ്യോഗസ്ഥരും പോലീസ് മേധാവിയും ഉള്‍പ്പെടെ നിരവധി പ്രമുഖരും മത്സരം കാണാനെത്തിയിരുന്നു.

അന്തര്‍ജില്ലാ മത്സരം നടക്കുന്ന ഗ്രൌണ്ടിലായിരുന്നു ചാവേര്‍ ആക്രമണം. പരിക്കേറ്റവരില്‍ നിരവധി പ്പേരുടെ നില ഗുരുതരമാണെന്ന് പക്തികാ ഗവര്‍ണറുടെ വക്താവ് അറിയിച്ചു.

ആക്രമണത്തെ പ്രസിഡന്റ് അഷ്റഫ് ഗാനി അപലപിച്ചു. താലിബാനാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു.

താലിബാന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികളെ നേരിടാനായി 12500 വിദേശസൈനികരെ ഒരു വര്‍ഷംകൂടി അഫ്ഗാനിസ്ഥാനില്‍ നിലനിര്‍ത്തുന്നതു സംബന്ധിച്ച ഉടമ്പടികള്‍ അഫ്ഗാന്‍ പാര്‍ലമെന്റിന്റെ അധോസഭ അംഗീകരിച്ച ദിവസം തന്നെയാണ് ചാവേര്‍ ആക്രമണം നടന്നതെന്നതു ശ്രദ്ധേയമാണ്.

യുഎസിന്റെ അഫ്ഗാന്‍ ദൌത്യം ഒരു വര്‍ഷത്തേക്കുകൂടി നീട്ടുന്നതിനുള്ള സുരക്ഷാ ഉടമ്പടിയും നാറ്റോയുമായുള്ള പ്രത്യേക ഉടമ്പടിയുമാണ് ഇന്നലെ ചേര്‍ന്ന അഫ്ഗാന്‍ പാര്‍ലമെന്റിന്റെ സ്പെഷല്‍ സമ്മേളനം അംഗീകരിച്ചത്.

ഈ വര്‍ഷാവസാനത്തോടെ യുഎസ് സൈനികരുടെ എണ്ണം 9800 ആയി കുറയ്ക്കാനായിരുന്നു നേരത്തെ അമേരിക്ക തീരുമാനിച്ചിരുന്നത്.

അഫ്ഗാന്‍ സൈനികര്‍ക്കു പരിശീലനം നല്‍കുക എന്ന ദൌത്യമായിരിക്കും ഇവര്‍ക്കുള്ളതെന്നും വ്യക്തമാക്കിയിരുന്നു. 2015ല്‍ പകുതിപ്പേരെക്കൂടി കുറയ്ക്കുവാനും 2016ല്‍ വളരെക്കുറച്ചു സൈനികരെ നിലനിര്‍ത്താനുമായിരുന്നു വാഷിംഗ്ടണിന്റെ പദ്ധതി.

എന്നാല്‍ അല്‍ക്വയ്ദയ്ക്കും താലിബാനും എതിരേയുള്ള പോരാട്ടം വിപുലമാക്കുന്ന സാഹചര്യത്തില്‍ യുഎസ് സൈനിക ദൌത്യം ഒരു വര്‍ഷംകൂടി തുടരാന്‍ പ്രസിഡന്റ് ഒബാമ ഉത്തരവിടുകയായിരുന്നു. അമേരിക്കക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനായി താലിബാനെതിരേ വ്യോമാക്രമണത്തിനും പുതിയ ഉടമ്പടിയില്‍ വ്യവസ്ഥയുണ്ട്.

താലിബാനെതിരായ പോരാട്ടത്തില്‍ തിരിച്ചടി നേരിട്ട അഫ്ഗാന്‍ സൈനികരും പോലീസും യുഎസ് സൈനിക ദൌത്യം നീട്ടാനുള്ള ഒബാമയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.