സിറിയന്‍ വ്യോമാക്രമണത്തില്‍ 95 പേര്‍ കൊല്ലപ്പെട്ടു
സിറിയന്‍ വ്യോമാക്രമണത്തില്‍ 95 പേര്‍ കൊല്ലപ്പെട്ടു
Thursday, November 27, 2014 11:30 PM IST
ഡമാസ്കസ്: ഇസ്ലാമിക് സ്റേറ്റ് ഭീകരരുടെ നിയന്ത്രണത്തിലുള്ള സിറിയയിലെ റാഖാ നഗരത്തില്‍ സിറിയന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 95 പേര്‍ക്കു ജീവഹാനി നേരിട്ടു. പത്തു യുദ്ധവിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി അറിയിച്ചു.

നഗരത്തിന്റെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ചു നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 36 പേര്‍ സാധാരണക്കാരാണെന്ന് ഒബ്സര്‍വേറ്ററിയുടെ ചുമതലക്കാരനായ റാമി അബ്ദുറഹ്മാന്‍ പറഞ്ഞു.

കഴിഞ്ഞ ഓഗസ്റിലാണ് പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെ പിന്തുണയ്ക്കുന്ന സിറിയന്‍ സൈന്യത്തെ തുരത്തി റാഖായുടെ നിയന്ത്രണം ഐഎസ് പിടിച്ചത്. നിരവധി സിറിയന്‍ സൈനികരെ ഐഎസ് പിടികൂടി കൊലപ്പെടുത്തുകയുമുണ്ടായി. റാഖായില്‍ നേരത്തെ അമേരിക്കന്‍ സഖ്യസേനാ വിമാനങ്ങളും ഐഎസ് മേഖലകളില്‍ ആക്രമണം നടത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരാക്രമണവും തങ്ങള്‍ നടത്തിയിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. സിറിയന്‍ വ്യോമസേനയുടെ വിമാനങ്ങളാണ് റാഖായില്‍ ആക്രമണം നടത്തിയതെന്ന് ഐഎസിന്റെ ഒരു പോരാളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.