അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് എംബസിയില്‍ ചാവേര്‍ ആക്രമണം; അഞ്ചു മരണം
Friday, November 28, 2014 10:53 PM IST
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടീഷ് എംബസി വാഹനത്തിനുനേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ബ്രിട്ടീഷ് പൌരനുള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 33 പേര്‍ക്കു പരിക്കേറ്റു. അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്.

ഈ വര്‍ഷം അവസാനത്തോടെ അഫ്ഗാനില്‍നിന്നു വിദേശ സൈന്യത്തെ പിന്‍വലിക്കാന്‍ തയാറെടുക്കുന്നതിനു പിന്നാലെയാണു ചാവേര്‍ ആക്രമണം. വിദേശശക്തികള്‍ക്കെതിരേയുള്ള ആക്രമണമാണിതെന്നു സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു താലിബാന്‍ പറഞ്ഞു.

ആക്രമണത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കു പരിക്കേറ്റതായി ബ്രിട്ടീഷ് എംബസി സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് ബ്രിട്ടീഷ് എംബസി വക്താവ് മറുപടി പറഞ്ഞില്ല. അതേസമയം ബ്രിട്ടീഷ് വാഹനത്തിലുണ്ടായിരുന്ന ഒരു എംബസി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായും ഒപ്പമുണ്ടായിരുന്ന മറ്റൊരു ബ്രീട്ടീഷ് പൌരനു പരിക്കേറ്റതായും സുരക്ഷാ സൈനികര്‍ വെളിപ്പെടുത്തി.ബ്രീട്ടീഷ് എംബസി വാഹനത്തിനുനേരെ ബൈക്കിലെത്തിയ ചാവേറാണ് ആക്രമണം നടത്തിയതെന്നു ആഭ്യന്തരവകുപ്പ് ആദ്യം അറിയിച്ചെങ്കിലും ഭീകരന്‍ കാറിലാണെത്തിയതെന്നു പിന്നീടു സ്ഥിരീകരിച്ചു.


കഴിഞ്ഞ കുറേ ആഴ്ചകളായി അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ ഭീകരാക്രമണ ഭീഷണിയിലാണ്. തിങ്കളാഴ്ച വിമാനത്താവളത്തിനു സമീപമുണ്ടായ ആക്രമണത്തില്‍ രണ്ടു അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.