കൊലയാളി ഇലക്ട്രോണുകളില്‍നിന്നു ഭൂമിയെ രക്ഷിക്കുന്നതു പ്ളാസ്മാസ്ഫിയര്‍
കൊലയാളി ഇലക്ട്രോണുകളില്‍നിന്നു ഭൂമിയെ രക്ഷിക്കുന്നതു പ്ളാസ്മാസ്ഫിയര്‍
Friday, November 28, 2014 10:53 PM IST
ന്യൂയോര്‍ക്ക്: ഭൂമിയുടെ മറ്റൊരു രക്ഷാകവചം ശാസ്ത്രജ്ഞര്‍ കണ്െടത്തി. സൂര്യനില്‍നിന്നും പ്രപഞ്ചത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നും വരുന്ന റേഡിയേഷന്‍ തടഞ്ഞുനിര്‍ത്തുന്നതാണു കവചം. ഭൂമിയെ മാത്രമല്ല, ഭൂമിയെ വലംവയ്ക്കുന്ന ഉപഗ്രഹങ്ങളെയും അപായകാരിയായ റേഡിയേഷനില്‍നിന്നു തടഞ്ഞുനിര്‍ത്തുന്നത് ഈ കവചമാണ്. ഇതുവഴി ഭൂമിയിലെ വാര്‍ത്താവിനിമയവും സംരക്ഷിക്കപ്പെടുന്നു. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസായുടെ രണ്ടു ഗവേഷണ ഉപഗ്രഹങ്ങള്‍ നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്തതാണ് ഈ കണ്ടുപിടിത്തം. നേച്ചര്‍ മാസികയുടെ പുതിയ ലക്കത്തില്‍ പഠന ഫലം പ്രസിദ്ധീകരിച്ചു. യൂണിവേഴ്സിറ്റി ഓഫ് കോളറാഡോയിലെ ഡാനിയല്‍ ബേക്കറുടെ നേതൃത്വത്തില്‍ പല സ്ഥാപനങ്ങളില്‍നിന്നുള്ളവരാണു വിശകലനം നടത്തി പ്രബന്ധം തയാറാക്കിയത്.

ഭൂമിയുടെ ഉപരിതലത്തില്‍നിന്നു 960 കിലോമീറ്റര്‍ മുതല്‍ 11500 കിലോമീറ്റര്‍വരെ അകലത്തിലുള്ള പ്ളാസ്മാ സ്പിയര്‍ ആണ് ഈ സംരക്ഷണ കവചം. തണുത്തുറഞ്ഞ വാതകങ്ങള്‍ നിറഞ്ഞ ഈ വലയം 1963ല്‍ ഡോണ്‍ കാര്‍പെന്റിയര്‍ ആണു നിരീക്ഷിച്ചു പേരു നല്‍കിയത്. എന്നാല്‍, ഇതിന്റെ നിര്‍ണായക ധര്‍മം ഇപ്പോഴാണു മനസിലായത്. വാന്‍ അലന്‍ ബെല്‍റ്റുകള്‍ എന്ന പേരില്‍ ശാസ്ത്രജ്ഞര്‍ വിളിക്കുന്ന റേഡിയേഷന്‍ വലയങ്ങള്‍ക്കുള്ളിലാണ് ഇ മണ്ഡലം.


ബഹിരാകാശത്തില്‍നിന്നു വരുന്ന ബ്രഹ്മാണ്ഡരശ്മികളും സൂര്യാഘാതത്തിലെ കാന്തിക സ്ഫോടനങ്ങള്‍ പുറന്തള്ളുന്ന റേഡിയേഷനും ചേര്‍ന്ന ഇലക്്ട്രോണ്‍ പ്രവാഹത്തെ ഈ പ്ളാസ്മാസ്ഫിയര്‍ തിരിച്ചുവിടുന്നു. ഇലക്്ട്രോണ്‍ പ്രവാഹം വാന്‍ അലന്‍ ബെല്‍റ്റിന്റെ ബാഹ്യപാളിയിലൂടെ കടന്ന് പ്ളാസ്മാസ്ഫിയറിലെത്തുമ്പോള്‍ ഒരു ഗ്ളാസ് കവചത്തില്‍ തട്ടിയാല്‍ എന്ന മട്ടില്‍ ചിതറിപ്പോകും.

വാന്‍ അലന്‍ ബെല്‍റ്റിന്റെ ബാഹ്യപാളി 13,000 കിലോമീറ്റര്‍ മുതല്‍ 58,000 കിലോമീറ്റര്‍വരെ അകലെയാണ്. ഭൂമിയുടെ ആകര്‍ഷണബലംകൊണ്ടു നിലനില്‍ക്കുന്ന ആ ബെല്‍റ്റില്‍ വരുന്ന റേഡിയേഷനാണ് ഉള്ളിലുള്ള പ്ളാസ്മാസ്ഫിയറിലേക്കു കൂടുതല്‍ ശക്തിയോടെ ചെല്ലുന്നത്. ഇവ അവടെ കടന്നുവന്നാല്‍ ഭൂമിയെ പ്രദക്ഷിണംവയ്ക്കുന്ന ഉപഗ്രഹങ്ങള്‍ക്കും ഇന്റര്‍നാഷണല്‍ സ്പേസ് സ്റേഷനും മറ്റും അപായം ഉണ്ടാകുമായിരുന്നു. കൊലയാളി ഇലക്്ട്രോണുകള്‍ എന്നാണ് ഇവയെ വിളിക്കുന്നത്.

വാന്‍ അലന്‍ ബെല്‍റ്റിന്റെ ആന്തര, ബാഹ്യപാളികള്‍ നിരീക്ഷിക്കുന്ന നാസയുടെ പ്രോബ് എയും പ്രോബ് ബിയും നല്‍കിയ വിവരങ്ങള്‍വച്ചായിരുന്നു പഠനം. 2012ലാണ് ഇവയെ വിക്ഷേപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.