സാര്‍ക് സമ്മേളനത്തില്‍ ഒപ്പിട്ടത് ഊര്‍ജ കരാര്‍ മാത്രം
സാര്‍ക് സമ്മേളനത്തില്‍ ഒപ്പിട്ടത് ഊര്‍ജ കരാര്‍ മാത്രം
Friday, November 28, 2014 10:55 PM IST
കാഠ്മണ്ഡു: മുഖംരക്ഷിക്കുകയെ ന്ന ലക്ഷ്യത്തോടെ ഊര്‍ജസഹകരണത്തിനുള്ള കരാറില്‍ മാത്രം ഒപ്പിട്ട് കാഠ്മണ്ഡുവില്‍ നടന്ന സാര്‍ക് ഭരണത്തലവന്മാരുടെ സമ്മേളനം അവസാനിച്ചു.

ദക്ഷിണേഷ്യയിലെ എട്ടു രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക് (ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ മേഖലാ സഹകരണത്തിനായുള്ള സംഘടന) സമ്മേളനത്തിന്റെ ഉദ്ഘാടനദിവസം പരസ്പരം മുഖംതിരിച്ചുനിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും സമാപനവേദിയില്‍ ഹസ്തദാനം ചെയ്തു പിരിയുകയും ചെയ്തു. ചെറുപുഞ്ചിരിയോടെ ഇരുവരും സൌഹൃദസംഭാഷണത്തിനും തയാറായി.

അതേസമയം, അംഗരാജ്യങ്ങള്‍ക്കിടയിലെ മോട്ടോര്‍ വാഹന ഗതാഗതം സുഗമമാക്കുക, റെയില്‍പ്പാതകള്‍ കൂട്ടിയിണക്കുക എന്നീ കരാറുകള്‍ പാക്കിസ്ഥാന്‍ എതിര്‍ത്തതിനാല്‍ ഒപ്പിട്ടില്ല. കരാറുകളില്‍ ഒപ്പുവയ്ക്കുന്നതിനു സാര്‍ക് സെക്രട്ടേറിയറ്റ് മതിയായ സമയം നല്‍കിയില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ കുറ്റപ്പെടുത്തല്‍. അതിനാല്‍ തുടര്‍നടപടികള്‍ക്കു മൂന്നുമാസത്തെ സമയം സമ്മേളനം അനുവദിച്ചു. പാക്കിസ്ഥാനെ അനുനയിപ്പിക്കാന്‍ തീവ്രശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. സമ്മേളനം വിജയമാണെന്ന് അവകാശപ്പെടുമ്പോഴും പ്രധാനപ്പെട്ട കരാറുകളില്‍ ഒപ്പിടാന്‍ കഴിയാത്തതു ന്യൂനതയാണെന്നു നേപ്പാളിലെ നേതാക്കള്‍ തുറന്നുസമ്മതിച്ചു. സമ്മേളനം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് എട്ട് അംഗരാജ്യങ്ങളിലെയും മന്ത്രിമാര്‍ ചേര്‍ന്ന് ഇതിനായി ചട്ടം രൂപവത്കരിക്കുന്നതിനുള്ള കരാറില്‍ ഒപ്പിടുകയായിരുന്നു.


ഊര്‍ജകരാറിനെയും പാക്കിസ്ഥാന്‍ തുടക്കത്തില്‍ എതിര്‍ത്തിരുന്നു. എന്നാല്‍, കാഠ്മണ്ഡുവിനു സമീപമുള്ള ടൂറിസ്റ്കേന്ദ്രമായ ദുലിഖേലില്‍ നവാസ് ഷരീഫിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം ഒപ്പിടാന്‍ തീരുമാനിക്കുകയായിരുന്നു.

മറ്റു കരാറുകളുടെ കാര്യത്തില്‍ അംഗീകാരത്തിന് മൂന്നുമാസത്തെ സമയം അനുവദിച്ചതായി സാര്‍ക് ചെയര്‍മാനായ നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള അറിയിച്ചു.

മോദിയും നവാസ് ഷരീഫും ഹസ്തദാനം ചെയ്യുന്ന ഫോട്ടോ വിദേശകാര്യമന്ത്രാലയം വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ ട്വിറ്ററില്‍ പരസ്യപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ സാര്‍ക് സമ്മേളനം വലിയ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നേതാക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം സമ്മേളനത്തിന്റെ ആദ്യദിനംതന്നെ പ്രകടമായിരുന്നു. പാക്കിസ്ഥാനിലാണ് അടുത്ത സമ്മേളനം. അഫ്ഗാനിസ്ഥാന്‍, ബംഗ്ളാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവയാണ് സാര്‍ക് രാജ്യങ്ങളുടെ കൂട്ടായ്മയിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.