പാക്കിസ്ഥാന്‍ തേങ്ങുന്നു
പാക്കിസ്ഥാന്‍ തേങ്ങുന്നു
Thursday, December 18, 2014 11:51 PM IST
പെഷവാര്‍: പാക് താലിബാന്‍ ഭീകരരാല്‍ വധിക്കപ്പെട്ട കുരുന്നുകളുടെ കൂട്ടശവസംസ്കാരത്തിലേക്കാണു പാക്കിസ്ഥാനില്‍ ഇന്നലെ സൂര്യന്‍ ഉദിച്ചത്. സൈനിക സ്കൂളിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 132 വിദ്യാര്‍ഥികളുള്‍പ്പെടെ 148 പേരുടെ സംസ്കാര ശുശ്രൂഷകള്‍ കനത്തസുരക്ഷാ ക്രമീകരണങ്ങളില്‍ പെഷവാറിലും പരിസരത്തും നടന്നു. ഖൈബര്‍-പഖ്തുന്‍ഖ്വ പ്രവിശ്യയിലെ സ്കൂളുകള്‍ ഇന്നലെ ദുഃഖസൂചകമായി അടച്ചിട്ടു. പ്രധാനമന്ത്രി നവാസ് ഷരീഫ് രാജ്യത്തു മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മന്ദിരങ്ങളിലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. ഇസ്ലാമാബാദിലും റാവല്‍പിണ്ഡിയിലും ദുഃഖസൂചകമായി മെഴുകുതിരി പ്രദക്ഷിണം നടന്നു. കൂട്ടക്കൊലയില്‍ തങ്ങളുടെ ഗ്രൂപ്പ് അനുശോചിക്കുന്നതായി അഫ്ഗാന്‍ താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് പ്രസ്താവനയില്‍ പറഞ്ഞു.

തീവ്രവാദത്തെ എന്തു വിലകൊടുത്തും നേരിടുമെന്നു പാക് ഭരണകൂടം ഇന്നലെ പ്രഖ്യാപിച്ചു. തീവ്രവാദത്തെ ഫലപ്രദമായി നേരിടുന്നതിനു നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ നേതൃത്വത്തില്‍ ഉന്നതോദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നതായി പാക്കിസ്ഥാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.

കൂട്ടക്കൊലയ്ക്കു വധശിക്ഷ നല്കുന്നതിനു പ്രഖ്യാപിച്ചിരുന്ന മോറട്ടോറിയം പിന്‍വലിച്ചതായി പ്രധാനമന്ത്രി നവാസ് ഷരീഫ് പ്രഖ്യാപിച്ചു. പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ പതിയിരുന്ന് ഇരു രാജ്യത്തേക്കും ആക്രമണം നടത്തുന്ന അല്‍ക്വയ്ദ ബന്ധമുള്ള ഭീകര സംഘടനകളെ ഉന്‍മൂലനം ചെയ്യുന്നതിനു പദ്ധതി തയാറാക്കാന്‍ കരസേനാ മേധാവി റഹീല്‍ ഷരീഫ് കാബൂളിലേക്കു പുറപ്പെട്ടു.

നല്ലതോ ചീത്തയോ എന്നിങ്ങനെ രണ്ടു തരത്തിലുള്ള താലിബാന്‍ ഇല്ലെന്നും ഭീകരസംഘടനകളെ രാജ്യത്തുനിന്ന് തുടച്ചുനീക്കുമെന്നും സര്‍വകക്ഷിയോഗത്തിനുശേഷം പ്രധാനമന്ത്രി നവാസ് ഷരീഫ് പറഞ്ഞു. ഷരീഫിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് ഖുര്‍ഷീദ് ഷാ, പാക്കിസ്ഥാന്‍ തെഹ്്രിക്-ഇ-ഇന്‍സാഫ് ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്‍ എന്നിവര്‍ പങ്കെടുത്തു. തീവ്രവാദ പ്രവര്‍ത്തനത്തെ നേരിടാന്‍ ഫലപ്രഥമായ പദ്ധതി തയാറാക്കാന്‍ ആഭ്യന്തരമന്ത്രി ചൌധരി നിസാര്‍ അധ്യക്ഷനായ സമിതി ചുമതലപ്പെടുത്തിയതായി പ്രധാനമന്ത്രി വ്യക്തമാക്കി. സായുധ സൈനികോദ്യോഗസ്ഥര്‍, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുള്‍പ്പെട്ട സമിതി ഏഴു ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രിക്കു റിപ്പോര്‍ട്ട് കൈമാറും. തീവ്രവാദികള്‍ക്കെതിരേ നടത്തുന്ന സര്‍ബ്-ഇ-അസബ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.


മരിച്ച കുട്ടികളില്‍ ഭൂരിഭാഗം പേരുടെയും തലയ്ക്കു നേരെ തൊട്ടടുത്തുനിന്നാണു വെടിവച്ചതെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൂട്ടക്കുരുതി നടന്ന ആര്‍മി പബ്ളിക് സ്കൂളിലെ ക്ളാസ് മുറികളില്‍ രക്തം തളം കെട്ടിനില്ക്കുകയാണെന്നു സംഭവസ്ഥലം സന്ദര്‍ശിച്ച റോയിട്ടേഴ്സ് വാര്‍ത്താസംഘം പറഞ്ഞു. ക്ളാസ് മുറികളില്‍ ചിതറിക്കിടക്കുന്ന ബാഗുകളും മൊബൈല്‍ ഫോണുകളും കാണാം. തറകളിലും ചുമരിലും വെടിയുണ്ടയേറ്റ പാടുകളുണ്ട്. ഒരു ചാവേര്‍ പൊട്ടിത്തെറിച്ച ക്ളാസ് മുറിയുടെ ചുമരുകള്‍ പാടെ തകര്‍ന്നിട്ടുണ്ട്. ക്ളാസ് മുറികളില്‍ വെടിമരുന്നിന്റെയും രക്തത്തിന്റെയും രൂക്ഷഗന്ധമാണെന്നും റോയിട്ടേഴ്സ് സംഘം വ്യക്തമാക്കി.

രാവിലെ 10.30 ഓടെ പിക്ക് അപ് വാനിലാണു തീവ്രവാദികള്‍ സ്കൂള്‍ പരിസരത്ത് എത്തിയതെന്നു സ്കൂള്‍ ബസ് ഡ്രൈവര്‍ ഇസാം ഉദ്ദീന്‍ പറഞ്ഞു. സ്കൂളിനു പുറകിലെത്തി വാന്‍ സ്ഫോടനത്തില്‍ തകര്‍ത്തു ഭീകരര്‍ സ്കൂളിലേക്കുള്ള വഴി തടഞ്ഞു. സ്കൂളിലെ ഒന്നാം നമ്പര്‍ ഗേറ്റിനു മുന്നില്‍ കാവല്‍ നിന്നിരുന്ന സൈനികനെയും കാവല്‍ക്കാരനെയും സമീപത്തുണ്ടായിരുന്ന തോട്ടക്കാരനെയും വെടിവച്ചു കൊലപ്പെടുത്തി. പിന്നീട് ആദ്യ ചാവേര്‍ പൊട്ടിത്തെറിച്ചതായും ഇസാം പറഞ്ഞു.

അഫ്ഗാന്‍ അതിര്‍ത്തിയിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കു നേരേ പാക് സൈന്യം ആക്രമണം ആരംഭിച്ചതോടെയാണു താലിബാന്‍ ഭീകരവാദം രാജ്യത്തിനകത്തു ശക്തിപ്രാപിച്ചത്. സ്കൂളിലെ ഭീകരാക്രമണത്തെത്തുടര്‍ന്നു പാക് താലിബാന്‍ കേന്ദ്രങ്ങളിലേക്കു സൈന്യം വ്യോമാക്രമണം നടത്തി. അഫ്ഗാനിലെ താലിബാന്‍ കമാന്‍ഡര്‍ ഉമര്‍ നരായിയുടെ നിര്‍ദേശമനുസരിച്ചാണു പെഷവാര്‍ സൈനിക സ്കൂളില്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്നു ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.