ഹമാസ് ഭീകരസംഘടനയല്ല: യൂറോപ്യന്‍ കോടതി
Thursday, December 18, 2014 12:06 AM IST
ബ്രസല്‍സ്: പലസ്തീന്‍ സംഘടനയായ ഹമാസിനെ ഭീകരപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ജനറല്‍കോര്‍ട്ട് ഓഫ് ദ യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിച്ചു. ഹമാസിന്റെ സ്വത്തുക്കള്‍് മരവിപ്പിച്ച യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ക്ക് മൂന്നു മാസത്തേക്ക് തല്‍സ്ഥിതി തുടരാമെന്നു കോടതി വ്യക്തമാക്കി. അപ്പീല്‍ നല്‍്കുന്നതിനുള്ള അവസരം ഒരുക്കുന്നതിനാണിത്.

കൊലപാതകികളുടെ ഭീകര സംഘടനയാണു ഹമാസെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹൂ പ്രതികരിച്ചു. ഹമാസിനെ വീണ്ടും ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇസ്രയേലിനെ നശിപ്പിക്കണമെന്ന് ഹമാസിന്റെ ചാര്‍ട്ടറില്‍ പറയുന്നുണ്ട്. ഗാസയില്‍ ഭരണം കൈയടക്കിയ ഹമാസ് ഇസ്രയേലിനെതിരേ നിരന്തര പോരാട്ടത്തിലാണ്. യുഎസ് ഉള്‍പ്പെടെ മിക്ക പാശ്ചാത്യരാജ്യങ്ങളും ഹമാസ് ഭീകരസംഘടനയാണെന്നു പറഞ്ഞിട്ടുണ്െടന്ന് ഇസ്രേലി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

യൂറോപ്യന്‍ കോടതിയുടെ ഉത്തരവിനെ ഹമാസ് സ്വാഗതം ചെയ്തു. ചരിത്രപരമായ ഒരു തെറ്റ് ഈ ഉത്തരവിലൂടെ അവര്‍ തിരുത്തിയിരിക്കുകയാണെന്ന് ഹമാസിന്റെ ഡെപ്യൂട്ടി മേധാവി മുസാ അബു മര്‍സൂക്ക് റോയിട്ടേഴ്സിനോടു പറഞ്ഞു.അധിനിവേശത്തെ ചെറുക്കാന്‍ ഹമാസിനു നിയമപരമായി എല്ലാ അവകാശമുണ്െടന്നും അദ്ദേഹം പറഞ്ഞു.


ഹമാസിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് സംഘടനയെപ്പറ്റി വ്യക്തമായി വിശകലനം ചെയ്തശേഷമല്ലെന്ന് യൂറോപ്യന്‍ കോടതി ചൂണ്ടിക്കാട്ടി. മാധ്യമ റിപ്പോര്‍ട്ടുകളെ ആധാരമാക്കിയാണ് സംഘടനയെ ഭീകരപ്പട്ടികയില്‍ ചേര്‍ത്തത്.

മേല്‍ക്കോടതിയായ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റീസില്‍ ഇപ്പോഴത്തെ വിധിക്കെതിരേ അപ്പീല്‍ നല്‍കാം. അപ്പീലിന്മേല്‍ വിധി പ്രസ്താവിക്കാന്‍ സാധാരണയായി ഒന്നരവര്‍ഷംവരെ എടുക്കും.

ഇതേസമയം ഹമാസിനെ ഭീകരപ്പട്ടികയില്‍ നിലനിര്‍ത്താനാണു പരിപാടിയെന്ന് ഇസ്രയേലിലെ യൂറോപ്യന്‍ യൂണിയന്‍ സ്ഥാനപതി ലാര്‍സ് ഫാബോര്‍ഗ് ആന്‍ഡേഴ്സന്‍ പറഞ്ഞു.

ചിലപ്പോള്‍ ഇത്തരത്തിലുള്ള അപ്രതീക്ഷിത വിധികള്‍ കോടതിയില്‍നിന്നുണ്ടാവാറുണ്ട്. നിയമവശങ്ങള്‍ പഠിച്ച് അപ്പീലിനു പോകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.