പാക് വ്യോമാക്രമണം; 57 ഭീകരര്‍ കൊല്ലപ്പെട്ടു
പാക് വ്യോമാക്രമണം; 57 ഭീകരര്‍ കൊല്ലപ്പെട്ടു
Friday, December 19, 2014 11:39 PM IST
പെഷവാര്‍: സ്കൂള്‍കുട്ടികളെ കൂട്ടക്കുരുതി നടത്തിയ പാക് താലിബാനു സൈന്യത്തിന്റെ തിരിച്ചടി. ഖൈബര്‍ മേഖലയില്‍ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 57 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പെഷവാര്‍ സൈനിക സ്കൂളില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 132 വിദ്യാര്‍ഥികളടക്കം 148 പേര്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികള്‍ പരിശീലിച്ചത് ഖൈബര്‍ മേഖലയിലെ ബാര പ്രദേശത്താണെന്ന് പാക് സൈന്യത്തിനു വിവരം ലഭിച്ചു. ഇതേത്തുടര്‍ന്നായിരുന്നു വ്യോമാക്രമണം.

അതേസമയം, പെഷവാര്‍ സ്കൂള്‍ ആക്രമണം പദ്ധതിയിട്ടത് അഫ്ഗാനിസ്ഥാനിലെ 16 താലിബാന്‍ ഭീകരരാണെന്നു പാക് അധികൃതര്‍ പറഞ്ഞു. ഈ മാസം ആദ്യം മുല്ല ഫസലുള്ള അടക്കമുള്ള 16 താലിബാന്‍ ഭീകരര്‍ പങ്കെടുത്ത യോഗത്തിലാണ് ആക്രമണം പദ്ധതിയിട്ടതെന്നാണു കണ്െടത്തിയത്.

മുല്ല ഫസലുള്ളയുടെ സഹായി ഷെയ്ഖ് ഖാലിദ് ഹഖാനി, താലിബാന്‍ കമാന്‍ഡര്‍മാരായ ഹാഫിസ് സയീദ്, ഹാഫിസ് ദൌലത്ത്, ഖ്വാരി സെയ്ഫുള്ള, ഖൈബര്‍ ജില്ലയില്‍ സ്വാധീനമുള്ള ലഷ്കര്‍-ഇ-ഇസ്ലാം മേധാവി മംഗള്‍ ബാഗ് തുടങ്ങിയവരും ഗൂഢാലോചനാസംഘത്തില്‍ ഉള്‍പ്പെടുന്നു.


ബാര മേഖലയില്‍ ആറു തീവ്രവാദികള്‍ക്കാണു പരിശീലനം നല്കിയത്. തീവ്രവാദികള്‍ സ്കൂളിലേക്കെത്തിയ വാഹനത്തിന്റെ ഉടമയെ പോലീസ് ഇസ്ലാമാബാദില്‍നിന്ന് അറസ്റ് ചെയ്തു. ഇയാള്‍ക്കു തീവ്രവാദികളുമായുള്ള ബന്ധം പോലീസ് അന്വേഷിക്കുകയാണ്.

ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കു വധശിക്ഷ നടപ്പാക്കാന്‍ പാക് ഭരണകൂടം തീരുമാനിച്ചതോടെ തടവിലുള്ള ഭീകരരെ വരുന്ന ആഴ്ചകളില്‍ തൂക്കിലേറ്റുമെന്നാണ് സൂചന. ദയാഹര്‍ജി നല്കി കാത്തിരുന്ന 55 തീവ്രവാദികളുടെ അപേക്ഷ സുപ്രീംകോടതി റദ്ദു ചെയ്തു. അതില്‍ 17 പേരെ അടുത്ത ആഴ്ച വധിക്കുമെന്നാണ് പാക് വൃത്തങ്ങള്‍ നല്കുന്ന സൂചന.

രാജ്യത്തുടനീളം വിവിധ ജയിലുകളില്‍ തടവിലുള്ള 522ലധികം ഭീകരരെ വധശിക്ഷയ്ക്കു വിധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.