കര്‍ദിനാള്‍ ടോറന്‍ കമര്‍ലെംഗോ
കര്‍ദിനാള്‍ ടോറന്‍ കമര്‍ലെംഗോ
Sunday, December 21, 2014 10:57 PM IST
വത്തിക്കാന്‍സിറ്റി: കര്‍ദിനാള്‍ ഷാങ് ലൂയി ടോറനെ സഭയുടെ കമര്‍ലെംഗോ (ചേംബര്‍ലെയ്ന്‍) ആയി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മരണമോ രാജിയോ മൂലം പാപ്പാ സ്ഥാനത്ത് ഒഴിവുവരുമ്പോള്‍ സഭാകാര്യങ്ങള്‍ നടത്തുന്നയാളാണു കമര്‍ലെംഗോ. ആ പദവിവഹിച്ചിരുന്ന കര്‍ദിനാള്‍ താര്‍സിസിയോ ബെര്‍തോണെയ്ക്ക് എണ്‍പതു വയസ് തികഞ്ഞതിനെത്തുടര്‍ന്നാണ് 71 വയസുള്ള ഫ്രഞ്ച് കര്‍ദിനാളിനെ നിയമിച്ചത്.

മാര്‍പാപ്പയുടെ അഭാവത്തില്‍ വത്തിക്കാന്‍ രാജ്യത്തിന്റെ അനുദിന കാര്യങ്ങളടക്കമുള്ളതു നിര്‍വഹിക്കുക കമര്‍ലെംഗോയാണെങ്കിലും പ്രബോധനപരവും മറ്റുമായ കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ല. 2011 മുതല്‍ കര്‍ദിനാള്‍ പ്രോട്ടോഡീക്കന്‍ (മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കന്‍) ആയിരുന്ന കര്‍ദിനാള്‍ ടോറന്‍ ആണു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ് അറിയിച്ച ഹബേമൂസ് പാപ്പാം (നമുക്കു പാപ്പായെ ലഭിച്ചു) എന്ന പ്രഖ്യാപനം നടത്തിയത്.


ഫ്രാന്‍സിലെ ബോര്‍ഡോ പ്രവിശ്യയില്‍ ജനിച്ച ഇദ്ദേഹം മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ പ്രസിഡന്റ് പദവിയില്‍ തുടരും. 1975 മുതല്‍ വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1990ല്‍ വത്തിക്കാന്‍ സ്റേറ്റ് സെക്രട്ടേറിയറ്റില്‍ വിദേശകാര്യ മന്ത്രിക്കു തുല്യമായ പദവിയിലേക്കുയര്‍ത്തപ്പെട്ടു. 2003ല്‍ കര്‍ദിനാളായി. ഇപ്പോള്‍ വത്തിക്കാന്‍ ലൈബ്രറിയുടെയും രഹസ്യ ആര്‍ക്കൈവിന്റെയും ചുമതലക്കാരനുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.