ആണവദാതാക്കളുടെ സംഘത്തിലേക്ക് ഇന്ത്യ; ചൈന എതിര്‍ക്കുന്നു
Wednesday, January 28, 2015 12:11 AM IST
ബെയ്ജിംഗ്: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയോടു കാണിച്ച സൌഹൃദത്തെച്ചൊല്ലിയുള്ള അസ്വസ്ഥത തുറന്നുപറഞ്ഞുകൊണ്ടു ചൈന. ആണവദാതാക്കളുടെ സംഘടന (ന്യൂക്ളിയര്‍ സപ്ളയേഴ്സ് ഗ്രൂപ്പ്-എന്‍ എസ്ജി)യില്‍ ഇന്ത്യക്ക് അംഗത്വം നല്കുന്നതിനെതിരേ ചൈന പരസ്യനിലപാടെടുത്തു. ഇന്ത്യയുടെ അംഗത്വ ത്തെ പിന്താങ്ങുമെന്ന് ഒബാമ ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.

ഇതിനു ബദലായി ഇന്ത്യയുടെ അപേക്ഷ വിശദമായി പരിശോധിക്കേണ്ടതുണ്െടന്നു ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഹുവ ചുന്‍യിംഗ് പറഞ്ഞു. 1975-ല്‍ രൂപംകൊണ്ടതാണ് എന്‍എസ്ജി. ഇതില്‍ 48 അംഗരാജ്യങ്ങളുണ്ട്. എല്ലാവരും അംഗീകരിച്ചാലേ പുതിയ അംഗത്വം നല്കാനാവൂ. ഇന്ത്യ ആണവനിര്‍വ്യാപന ഉടമ്പടി (എന്‍പിടി)യില്‍ ഒപ്പുവച്ചിട്ടില്ല. ഒപ്പുവയ്ക്കാത്തവര്‍ക്ക് ഇതുവരെ അംഗത്വം നല്കിയിട്ടില്ല. എന്‍പിടിയില്‍ ഒപ്പിടാതെ തന്നെ ഇന്ത്യയെ എന്‍എസ്ജിയിലും മിസൈല്‍ സാങ്കേതികവിദ്യ സംബന്ധിച്ച എംടിസിആറിലും പെടുത്താമെന്നാണ് ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവനയിലെ പരോക്ഷ സൂചന. വിവേകത്തോടും ജാഗ്രതയോടുംകൂടി വിശദമായി പഠിച്ചു മാത്രമേ ഇന്ത്യയുടെ അംഗത്വകാര്യം തീരുമാനിക്കാവൂ എന്നും ചൈനീസ് വക്താവ് പറഞ്ഞു. ഇത് അമേരിക്കന്‍ നിലപാടിനെ എതിര്‍ക്കുമെന്ന തുറന്ന പ്രഖ്യാപനമായി നിരീക്ഷകര്‍ കാണുന്നു.


ഒബാമ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ ദിവസങ്ങളില്‍ പാക് കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷരീഫ് ചൈനീസ് തലസ്ഥാനത്ത് ഉന്നതതല ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. ചൈനീസ് സൈന്യത്തിന്റെയും കമ്യൂണിസ്റ് പാര്‍ട്ടിയുടെ മിലിട്ടറി കമ്മീഷന്റെയും മേധാവികളുമായി ഷരീഫ് ചര്‍ച്ച നടത്തി. ചൈനയും പാക്കിസ്ഥാനും എല്ലാ കാലാവസ്ഥയിലും സൌഹൃദം കാക്കുന്നവരും ഉരുക്കുപോലെ ഉറച്ച സഹോദരങ്ങളുമാണെന്നു മിലിട്ടറി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജനറല്‍ ഫാന്‍ ചാങ്ലോങ് പറഞ്ഞതു ശ്രദ്ധേയമായി.

ദക്ഷിണചൈനാസമുദ്രത്തിലെ ചൈനയുടെ അവകാശവാദങ്ങളെ പരോക്ഷമായി വെല്ലുവിളിച്ച ഇന്ത്യ-അമേരിക്ക സംയുക്ത പ്രസ്താവനയെയും ചൈന വിമര്‍ശിച്ചു. ദക്ഷിണചൈനാ സമുദ്രത്തില്‍ ഗതാഗതപ്രശ്നങ്ങളൊന്നും ഇല്ലെന്നാണു ചൈനീസ് വിദേശകാര്യവക്താവ് പറഞ്ഞത്. ദക്ഷിണ ചൈനാ സമുദ്രത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും തങ്ങളുടേതാണെന്നാണു ചൈന പറയുന്നത്. ഫിലിപ്പീന്‍സും മലേഷ്യയും വിയറ്റ്നാമും ഇതിനെ എതിര്‍ക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.