ഇംപീച്ചു ചെയ്ത ചീഫ് ജസ്റീസിനു ശ്രീലങ്ക പുനര്‍നിയമനം നല്‍കി
ഇംപീച്ചു ചെയ്ത ചീഫ് ജസ്റീസിനു ശ്രീലങ്ക പുനര്‍നിയമനം നല്‍കി
Thursday, January 29, 2015 11:58 PM IST
കൊളംബോ: രാജപക്സെ സര്‍ക്കാര്‍ രണ്ടു വര്‍ഷം മുമ്പ് ഇംപീച്ചു ചെയ്ത ശ്രീലങ്കയിലെ പ്രഥമ വനിതാ ചീഫ് ജസ്റീസ് ഷിരാനി ബന്ദാരനായകെയ്ക്കു പുനര്‍നിയമനം നല്‍കിക്കൊണ്ടു പുതിയ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിട്ടു. ഷിരാനിയെ ചീഫ് ജസ്റീസിന്റെ പദവിയില്‍ വീണ്ടും നിയമിക്കുമെന്നു സിരിസേന പ്രകടന പത്രികയിലും വ്യക്തമാക്കിയിരുന്നു.

ഇന്നലെ സുപ്രീംകോടതി സമുച്ചയത്തിലെത്തിയ ഷിരാനിയെ അഭിഭാഷകര്‍ ഹാര്‍ദ്ദമായി സ്വീകരിച്ചു.എന്നാല്‍ ഷിരാനി ഇന്നു രാജിവയ്ക്കുമെന്ന് അവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.

ഷിരാനിക്ക് ഉചിതമായ യാത്രയപ്പു നല്‍കുമെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഉപുല്‍ ജയസൂര്യ വ്യക്തമാക്കി.പദവി പുനസ്ഥാപിച്ചു പിറ്റേന്നു തന്നെ ഷിരാനി രാജിവയ്ക്കുന്നതിന്റെ കാരണം വ്യക്തമല്ല. ഷിരാനി രാജിവയ്ക്കുന്നതോടെ സിരിസേന ഭരണകൂടത്തിനു പുതിയ ചീഫ് ജസ്റീസിനെ നിയമിക്കാനാവും.

ഷിരാനിയുടെ ഇംപീച്ചുമെന്റ് നടപടികള്‍ നിയമവിരുദ്ധമായിരുന്നുവെന്നു സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഷിരാനിക്കു പകരം രാജപക്സെ നിയമിച്ച ചീഫ് ജസ്റീസ് മോഹന്‍ പെയ്രിസിന് പ്രസിഡന്റ് സിരിസേന അയച്ച കത്തില്‍ അദ്ദേഹത്തിന്റെ നിയമനം സാധുവല്ലെന്നു ചൂണ്ടിക്കാട്ടി. പെയ്രിസിനോടു രാജിവയ്ക്കാനും സിരിസേന കത്തില്‍ നിര്‍ദേശിച്ചിരുന്നുവെന്ന് അറ്റോര്‍ണി അറ്റ് ലോ വെലിയമുന അറിയിച്ചു.

ഈ മാസം എട്ടിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രാജപക്സെ തോറ്റതിനെത്തുടര്‍ന്ന് പെയ്രിസിന്റെ മേല്‍ രാജിക്കു സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അദ്ദേഹം അവഗണിക്കുകയായിരുന്നു.

സ്വത്തുവെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച്് 2013 ജനുവരിയിലാണ് രാജപക്സെ ഭരണകൂടം ഷിരാനിക്ക് എതിരേ തിരക്കിട്ട് ഇംപീച്ചുമെന്റ് നടപടികള്‍ എടുത്തത്. എന്നാല്‍ സര്‍ക്കാരിന്റെ ഒരു ബില്ലിനെ ഷിരാനി എതിര്‍ത്തതാണ് യഥാര്‍ഥ കാരണമെന്നു പറയപ്പെടുന്നു. താനാണ് നിയമപരമായി ചീഫ്ജസ്റീസ് എന്ന നിലപാടാണ് ഷിരാനി തുടര്‍ന്നും സ്വീകരിച്ചുപോന്നത്.


ഇതിനിടെ പുറത്താക്കപ്പെട്ട ചീഫ്ജസ്റീസ് മോഹന്‍ പെയ്രിസിനെ ഈയിടെ ഗൂഢാലോചനക്കേസില്‍ ശ്രീലങ്കന്‍ സിഐഡി ചോദ്യം ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അധികാരം നിലനിര്‍ത്താന്‍ രാജപക്സെ ശ്രമിച്ചെന്നും ഇതിനുള്ള ആലോചനയില്‍ പെയ്രിസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തുവെന്നുമായിരുന്നു ആരോപണം. തെരഞ്ഞെടുപ്പു ഫല പ്രഖ്യാപന ദിവസം പെയ്രിസ് രാജപക്സെയുടെ വസതിയില്‍ എത്തിയിരുന്നു. രാഷ്ട്രീയത്തില്‍ ഇടപെട്ട പെയ്രിസ് ചീഫ് ജസ്റീസ് പദവിക്കു യോഗ്യനല്ലെന്ന് അഭിഭാഷകരുടെ പ്രതിനിധി ഗുണരത്ന വന്നിനായകെ പറഞ്ഞു.

രാജപക്സെ ജയിലിലടച്ച മുന്‍ സൈന്യാധിപന്‍ ശരത് ഫോണ്‍സെക്കയുടെ പദവിയും പ്രസിഡന്റ് സിരിസേന കഴിഞ്ഞയാഴ്ച പുന:സ്ഥാപിക്കുകയുണ്ടായി. തമിഴ്പുലികളെ പരാജയപ്പെടുത്തി ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച ഫോണ്‍സെക്ക പിന്നീട് രാജപക്സെയുമായി തെറ്റിപ്പിരിഞ്ഞു. 2010ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രാജപക്സെയോടു തോറ്റ ഫോണ്‍സെക്കയെ അഴിമതിക്കേസില്‍ കുടുക്കി അറസ്റുചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ സൈനിക ബഹുമതികള്‍ രാജപക്സെ റദ്ദാക്കി. ഇതാണ് സിരിസേന പുന:സ്ഥാപിച്ചു നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.