ഹിസ്ബുള്ള ആക്രമണത്തില്‍ രണ്ട് ഇസ്രേലി സൈനികര്‍ കൊല്ലപ്പെട്ടു
ഹിസ്ബുള്ള ആക്രമണത്തില്‍ രണ്ട് ഇസ്രേലി സൈനികര്‍ കൊല്ലപ്പെട്ടു
Thursday, January 29, 2015 11:59 PM IST
ബെയ്റൂട്ട്: ലബനീസ് മേഖലയില്‍നിന്ന് ഹിസ്ബുള്ള തീവ്രവാദികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് ഇസ്രേലി സൈനികര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഹിസ്ബുള്ളകള്‍ അയച്ച ടാങ്കുവേധ മിസൈല്‍ തങ്ങളുടെ വാഹനവ്യൂഹത്തില്‍ പതിച്ചെന്ന് ഇസ്രേലി അധികൃതര്‍ വ്യക്തമാക്കി.

ഇതിനു പ്രതികാരമായി ദക്ഷിണ ലബനനിലെ വസാനി ഗ്രാമത്തിനു നേര്‍ക്ക് ഇസ്രേലികള്‍ പീരങ്കി ആക്രമണം നടത്തി. പ്രദേശത്ത് ഇസ്രേലി യുദ്ധവിമാനങ്ങള്‍ പറക്കുന്നതും കാണപ്പെട്ടു.

ഷേബാ ഫാംസ് മേഖലയിലെ ഇസ്രേലി വാഹനവ്യൂഹത്തിനു നേര്‍ക്കു നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നിരവധി സൈനികവാഹനങ്ങള്‍ തകര്‍ന്നെന്നും ഉന്നത റാങ്കിലുള്ളവര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ക്കു ജീവഹാനി നേരിട്ടെന്നും ഹിസ്ബുള്ള അവകാശപ്പെട്ടു. ഈ മാസം ആദ്യം ഇസ്രയേല്‍ ഗോലാന്‍കുന്നില്‍ നടത്തിയ ആക്രമണത്തില്‍ ആറു ഹിസ്ബുള്ളകള്‍ മരിച്ചതിനു പ്രതികാരം ചെയ്യാനാണു മിസൈല്‍ ആക്രമണം നടത്തിയതെന്നും ഹിസ്ബുള്ള ടിവിഅറിയിച്ചു.


ഗോലാന്‍കുന്നില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളകള്‍ക്കു പുറമേ ഇറാന്‍ വിപ്ളവഗാര്‍ഡിന്റെ കമാന്‍ഡറും കൊല്ലപ്പെടുകയുണ്ടായി. ഹിസ്ബുള്ള ആക്രമണത്തിനു തക്കപ്രതികാരം ചെയ്യുമെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹൂ മുന്നറിയിപ്പു നല്‍കി.

ഗാസയിലെ യുദ്ധം ഓര്‍ക്കുന്നത് നന്നായിരിക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനിടെ തെക്കന്‍ ലബനനിലെ യുഎന്‍ സേനയിലെ ഒരു സൈനികനും കൊല്ലപ്പെട്ടു. സ്പാനിഷ് വംശജനാണു കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.