കാണാതായ 43 വിദ്യാര്‍ഥികളുടെ മരണം മെക്സിക്കോ സ്ഥിരീകരിച്ചു
Thursday, January 29, 2015 12:00 AM IST

മെക്സിക്കോ സിറ്റി: നാലുമാസം മുമ്പ് കാണാതായ 43 ടീച്ചേഴ്സ് ട്രെയിനിംഗ് കോളജു വിദ്യാര്‍ഥികളെ ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തിയതായി അന്വേഷണത്തില്‍ വ്യക്തമായെന്ന് മെക്സിക്കന്‍ സര്‍ക്കാര്‍ അറിയിച്ചു. ഇഗുലാ നഗരത്തില്‍നിന്ന് സെപ്റ്റംബര്‍ 26നാണ് വിദ്യാര്‍ഥികളെ കാണാതായത്. എതിര്‍ സംഘത്തില്‍പ്പെട്ടവരാണെന്നു കരുതി ഒരു മയക്കുമരുന്നു മാഫിയാത്തലവന്റെ നിര്‍ദേശ പ്രകാരം ഇവരെ ഗുണ്ടകള്‍ വധിക്കുകയായിരുന്നു.

വിദ്യാര്‍ഥികളുടെ തിരോധാനത്തെത്തുടര്‍ന്നു രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നു. പോലീസ് ഉദ്യോഗസ്ഥരുമായി വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയെന്നും പോലീസുകാര്‍ ഇവരെ ഗുണ്ടകള്‍ക്കു കൈമാറിയെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കൊല്ലപ്പെട്ട വിദ്യാര്‍ഥികളില്‍ ഒരാളുടെ മാത്രം മൃതദേഹാവശിഷ്ടങ്ങളേ കണ്ടുകിട്ടിയുള്ളുവെന്ന് അറ്റോര്‍ണി ജനറല്‍ ജീസസ് മുറില്ലോ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇഗുലാ മേയറെയും പത്നിയെയും വിദ്യാര്‍ഥികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തെ പോലീസ് അറസ്റു ചെയ്തിരുന്നു.


ഗുറിയോരസ് യുണിഡോസ് എന്ന സംഘടനയിലെ അംഗമായ ഫെലിപ്പെ റേഡ്രിഗസ് കുറ്റം സമ്മതിച്ചതായി അറ്റോര്‍ണി ജനറല്‍ പറഞ്ഞു. തന്റെ മേധാവിയാണ് 43 യുവാക്കളെയും കൊല്ലാന്‍ ഉത്തരവിട്ടതെന്ന് റോഡ്രിഗസ് പറഞ്ഞു. റോഡ്രിഗസിന് 140വര്‍ഷം തടവുശിക്ഷ നല്‍കാന്‍ താന്‍ കോടതിയില്‍ അപേക്ഷിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മുറില്ലോ പറഞ്ഞു. വിദ്യാര്‍ഥികളുടെ വധവുമായി സൈന്യത്തിനു ബന്ധമുണ്െടന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.

മെക്സിക്കന്‍ ഭരണകൂടത്തെ പിടിച്ചുകുലുക്കിയ കേസ് പെട്ടെന്ന് അവസാനിപ്പിക്കാനുള്ള വ്യഗ്രതയാണ് അധികൃതര്‍ കാണിക്കുന്നതെന്ന് കൊല്ലപ്പെട്ട വിദ്യാര്‍ഥികളില്‍ ഒരാളുടെ രക്ഷിതാവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.