ശ്രീലങ്കയുടെ പുതിയ ചീഫ് ജസ്റീസ് തമിഴ് വംശജന്‍
Friday, January 30, 2015 11:28 PM IST
കൊളംബോ: ശ്രീലങ്കയുടെ പുതിയ ചീഫ് ജസ്റീസായി തമിഴ് വംശജനായ ജസ്റീസ് കനകസഭാപതി ശ്രീപവന്‍ ഇന്നു ചുമതലയേല്‍ക്കും. പുനര്‍നിയമനം ലഭിച്ച വനിതാ ചീഫ് ജസ്റീസ് ഷിരാനി ബന്ദാരനായകെ ഇന്നലെ റിട്ടയര്‍ ചെയ്തതിനെത്തുടര്‍ന്നാണ് പുതിയ ചീഫ്ജസ്റീസിനെ നിയമിച്ചത്.

ശ്രീലങ്കയില്‍ ചീഫ് ജസ്റീസ് പദവിയിലെത്തുന്ന രണ്ടാമത്തെ തമിഴനാണ് ശ്രീപവന്‍. 1952ല്‍ ജനിച്ച അദ്ദേഹം ജാഫ്ന ഹിന്ദു കോളജിലും കൊളംബോ ലോ കോളജിലുമാണു പഠിച്ചത്. ഈയിടെ അധികാരമേറ്റ പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി വിക്രമസിംഗെയും ചീഫ് ജസ്റിസ് മോഹന്‍ പെയ്രീസിനെ ഒഴിവാക്കി സുപ്രീംകോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്്ജിയായ ശ്രീപവന്റെ മുന്നിലാണു സത്യപ്രതിജ്ഞ ചെയ്തത്.

രാജപക്സെ ഭരണകൂടം ഇംപീച്ചുചെയ്ത ഷിരാനിയെ പ്രസിഡന്റ് സിരിസേനയാണ് കഴിഞ്ഞദിവസം വീണ്ടും തല്‍സ്ഥാനത്തു നിയമിച്ചത്. ഇംപീച്ചുമെന്റ് നടപടികള്‍ നിയമവിരുദ്ധമായിരുന്നുവെന്ന് സിരിസേന വ്യക്തമാക്കി. ഷിരാനിക്കു പകരം രാജപക്സെ നിയമിച്ച ചീഫ് ജസ്റീസ് മോഹന്‍ പെയ്രിസിനെ സിരിസേന പുറത്താക്കി.


ബുധനാഴ്ച സുപ്രീംകോടതിയില്‍ തിരിച്ചെത്തി ജോലി പുനരാരംഭിച്ച ഷിരാനിക്ക് ഒരു ദിവസമേ പദവിയില്‍ ഇരിക്കാനായുള്ളു. താന്‍ സ്വമേധയാ റിട്ടയര്‍ ചെയ്യുകയാണെന്ന് അവര്‍ വ്യക്തമാക്കി. ഇന്നലെ അവര്‍ക്ക് കോടതിയില്‍ യാത്രയയപ്പു നല്‍കി. ശ്രീലങ്കയുടെ 44-ാം ചീഫ് ജസ്റിസായി നിയമിതനായ ശ്രീപവന് സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റിസ് ഷിരാനി ആശംസ നേര്‍ന്നു.

ഇതേസമയം ഷിരാനിക്കു പുനര്‍നിയമനം നല്‍കിയെങ്കിലും അവര്‍ തുടരുന്നതിനോട് പ്രധാനമന്ത്രി വിക്രമസിംഗെയ്ക്കും അദ്ദേഹത്തിന്റെ യുഎന്‍പി പാര്‍ട്ടിക്കും താത്പര്യമില്ലായിരുന്നുവെന്നു രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. രാജപക്സെയ്ക്ക് മൂന്നാം ഊഴം തേടാന്‍ അവസരമൊരുക്കിയും എക്സിക്യുട്ടീവ് അധികാരങ്ങള്‍ വര്‍ധിപ്പിച്ചും കൊണ്ടുവന്ന 18-ാംഭരണഘടനാ ഭേദഗതി നിയമാനുസൃതമാണെന്ന് ഷിരാനി വിധിച്ചതാണ് യുഎന്‍പിയുടെ വിരോധത്തിനു കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.