ബംഗ്ളാദേശില്‍ ഖാലിദ സിയയുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം സര്‍ക്കാര്‍ വിച്ഛേദിച്ചു
Sunday, February 1, 2015 12:24 AM IST
ധാക്ക: ബംഗ്ളാദേശ് നാഷണല്‍ പാര്‍ട്ടി നേതാവും പ്രതിപക്ഷനേതാവുമായ ഖാലിദ സിയയുടെ വീട്ടിലേക്കുള്ള വൈദ്യതി ബന്ധം ഭരണകൂടം വിച്ഛേദിച്ചു. രാജ്യവ്യാപകമായി ഇന്നു രാവിലെ മുതല്‍ 72 മണിക്കൂര്‍ ബന്ദിനു ഖാലിദ സിയ ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ നടപടി.

ജനുവരി നാലു മുതല്‍ സിയയെ തടഞ്ഞുവച്ചിരിക്കുന്ന പാര്‍ട്ടി ഓഫീസും വസതിയും കൂടിയ കെട്ടിടത്തിലേക്കുള്ള വൈദ്യുതി ഇന്നലെ പുലര്‍ച്ചെ പ്രാദേശിയ സമയം 2.37 മുതല്‍ വിച്ഛേദിച്ചെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ബിഎന്‍പി പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്ന 72 മണിക്കൂര്‍ ബന്ദ് തടയാനുള്ള ഭരണകൂടത്തിന്റെ തന്ത്രമാണ് ഇതിനു പിന്നിലെന്നു സിയ അനുകൂലികള്‍ ആരോപിച്ചു.

പ്രധാനമന്ത്രി ഷേയ്ക്ക് ഹസീനയുടെ ദുര്‍ഭരണത്തിനെതിരേയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 15 ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സെക്കന്‍ഡറി സ്കൂള്‍ പരീക്ഷ നടക്കുന്ന ദിവസങ്ങളിലാണു ബന്ദ്. പൊതുപരീക്ഷാ സമയത്തു പ്രഖ്യാപിച്ചിരുന്ന ബന്ദ് മാറ്റണമെന്നാവശ്യപ്പെട്ട് സിയയുടെ ഗുല്‍ഷണിലെ ഓഫീസിനു മുന്നില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രക്ഷോഭം നടത്തി.


ഇതിനിടെ, ബിഎന്‍പി വക്താവ് റുഹുള്‍ കബീര്‍ റിസ്വിയെ ധാക്കയില്‍ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ അറസ്റ് ചെയ്തു. രാജ്യത്ത് കലാപത്തിനു നേതൃത്വം നല്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി ഹസീന പോലീസിനു നിര്‍ദേശം നല്കിയിരുന്നു. ഷേക്ക് ഹസീന നേതൃത്വം നല്കുന്ന അവാമി ലീഗ് സര്‍ക്കാരിനെ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബിഎന്‍പിയുടെ ആവശ്യം. കലാപത്തില്‍ ഇതുവരെ 42 പേര്‍ കൊല്ലപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.