അല്‍ജസീറാ ജേര്‍ണലിസ്റിനെ ഈജിപ്ത് വിട്ടയച്ചു
അല്‍ജസീറാ ജേര്‍ണലിസ്റിനെ ഈജിപ്ത് വിട്ടയച്ചു
Monday, February 2, 2015 12:25 AM IST
കയ്റോ: കയ്റോയിലെ ജയിലില്‍ 400 ദിവസമായി തടവുശിക്ഷ അനുഭവിച്ചുവരുന്ന മൂന്ന് അല്‍ജസീറാ ചാനല്‍ പ്രവര്‍ത്തകരില്‍ ഓസ്ട്രേലിയക്കാരനായ പീറ്റര്‍ ഗ്രസ്തെയെ ഇന്നലെ അധികൃതര്‍ മോചിപ്പിച്ചു. അദ്ദേഹം ഓസ്ട്രേലിയയിലേക്കുള്ള മാര്‍ഗമധ്യേ സൈപ്രസിനു തിരിച്ചു.

പീറ്ററിനോടൊപ്പം ജയിലില്‍ അടയ്ക്കപ്പെട്ട കനേഡിയന്‍-ഈജിപ്ഷ്യന്‍ പൌരത്വമുള്ള മുഹമ്മദ് ഫാമി, ഈജിപ്ഷ്യന്‍ സ്വദേശി ബാഹര്‍ മുഹമ്മദ് എന്നിവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഫാമിയെ ഈജിപ്ഷ്യന്‍ പൌരത്വം റദ്ദാക്കി കാനഡയിലേക്ക് അയച്ചേക്കുമെന്നു റിപ്പോര്‍ട്ടുണ്ട്.

ഭീകരസംഘടനയായ മുസ്്ലിം ബ്രദര്‍ഹുഡിനെ സഹായിച്ചു, വ്യാജവാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 2013ലാണ് മൂവരെയും അറസ്റു ചെയ്തത്. ഏഴുമുതല്‍ പത്തുവര്‍ഷത്തേക്കാണ് ഇവരെ ശിക്ഷിച്ചത്.


തങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതേയുള്ളുവെന്നും ഒരു ഭീകരസംഘടനയെയും സഹായിച്ചില്ലെന്നും പ്രതികള്‍ വ്യക്തമാക്കി.

പീറ്ററെ വിട്ടയച്ചതില്‍ ഖത്തര്‍ ആസ്ഥാനമായുള്ള അല്‍ജസീറാ ടിവി ചാനലിന്റെ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുസ്തഫ സൌഗ് സന്തുഷ്ടി പ്രകടിപ്പിച്ചു. മറ്റു രണ്ടു പേരെക്കൂടി മോചിപ്പിക്കുന്നതുവരെ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.