രാഷ്ട്രീയക്കാരനായി മാറിയ ശാസ്ത്രജ്ഞന്‍
രാഷ്ട്രീയക്കാരനായി മാറിയ ശാസ്ത്രജ്ഞന്‍
Sunday, March 1, 2015 11:11 PM IST
മോസ്കോ: പ്രസിഡന്റ് പുടിന്റെ കടുത്ത എതിരാളിയായി മാറിയ നെംറ്റ്സോവ് ശാസ്ത്രജ്ഞനും നയതന്ത്രവിദഗ്ധനും രാഷ്ട്രീയക്കാരനുമായിരുന്നു. 1959ല്‍ ജനനം.

1985ല്‍ ഗോര്‍ക്കി യൂണിവേഴ്സിറ്റിയില്‍നിന്നും ഫിസിക്സിലും ഗണിതശാസ്ത്രത്തിലും പിഎച്ച്ഡി നേടി.

1986ല്‍ ചെര്‍ണോബില്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം സംഘടിപ്പിച്ചു പൊതുപ്രവര്‍ത്തനരംഗത്ത് എത്തി.

റഷ്യയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ പ്രസിഡന്റ് ബോറിസ് യെല്‍ട്സിന്റെ വിശ്വസ്തനായി മാറിയ നെംറ്റ്സോവ് 1991ല്‍ നിഷ്നി നോവഗ്രോഡ് പ്രവിശ്യയുടെ ഗവര്‍ണറായി.

1995ല്‍ അദ്ദേഹം രണ്ടാം തവണയും ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലയളവില്‍ മികച്ച സാമ്പത്തിക പരിഷ്കര്‍ത്താവ് എന്ന പേരു സമ്പാദിക്കാന്‍ ബോറിസ് നെംറ്റ്സോവിനു കഴിഞ്ഞു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറടക്കമുള്ളവരുടെ പ്രശംസയ്ക്ക് അദ്ദേഹം അര്‍ഹനായി.

1993ല്‍ നെംറ്റ്സോവ് റഷ്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.1997ല്‍ റഷ്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയായി നെംറ്റ്സോവ് തെരഞ്ഞെടുക്കപ്പെട്ടു. ഊര്‍ജ്ജവികസന വകുപ്പിന്റെ ചുമതലയും അദ്ദേഹം വഹിച്ചു.


2000 ത്തിലെ റഷ്യന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പേര് ഉയര്‍ന്നുവന്നെങ്കിലും 1998ലെ റഷ്യന്‍ സ്റോക്ക് മാര്‍ക്കറ്റിലെ തകര്‍ച്ച ജനപ്രീതി ഇടിച്ചു.

തുടര്‍ന്നു ഉപപ്രധാനമന്ത്രി പദം നഷ്ടമായെങ്കിലും വീണ്ടും യെല്‍ട്സിന്‍ അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയാക്കി.

അരാജകത്വവും അഴിമതിയുമില്ലാത്ത റഷ്യ എന്ന സംഘടന രൂപീകരിക്കുന്നതില്‍ പങ്കു വഹിച്ച അദ്ദേഹം 2012 മുതല്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഓഫ് റഷ്യ-പീപ്പിള്‍സ് ഫ്രീഡത്തിന്റെ സഹഅധ്യക്ഷനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

പുടിന്റെ നയങ്ങളെ വിമര്‍ശിച്ച് നിരവധി പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുണ്ട്.

യുക്രെയ്നിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള രേഖകള്‍ തന്റെ കൈവശമുണ്െടന്നു നെംറ്റ്സോവ് അടുത്തയിടെ പറഞ്ഞതായി യുക്രെയ്ന്‍ പ്രസിഡന്റ് പൊറോഷെങ്കോ വ്യക്തമാക്കി.

ഇവ വെളിപ്പെടുത്താന്‍ തയാറെടുക്കുന്നതിനിടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും പൊറോഷെങ്കോ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.