വിമാനാപകടം; ഹാരിസണ്‍ ഫോര്‍ഡ് അദ്ഭുതകരമായി രക്ഷപ്പെട്ടു
വിമാനാപകടം; ഹാരിസണ്‍ ഫോര്‍ഡ് അദ്ഭുതകരമായി രക്ഷപ്പെട്ടു
Saturday, March 7, 2015 12:01 AM IST
ലോസ് ആഞ്ചലസ്: ഹോളിവുഡ് നടന്‍ ഹാരിസണ്‍ ഫോര്‍ഡ് സഞ്ചരിച്ച ചെറുവിമാനം ഇടിച്ചിറങ്ങിയെങ്കിലും അദ്ദേഹം അദ്ഭുതകരമായി രക്ഷപ്പെട്ടു. സ്റാര്‍ വാഴ്സ് സിനിമകളിലൂടെ ആരാധകരുടെ ഇഷ്ടതാരമായ ഫോര്‍ഡ് സഞ്ചരിച്ച ചെറുവിമാനത്തിന്റെ എന്‍ജിന്‍ പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെ തകരാറിലാകുകയായിരുന്നു. രണ്ടു സീറ്റ് മാത്രമുള്ള വിമാനം പറപ്പിച്ചത് ഇന്ത്യാന ജോണ്‍സ് താരമായ ഫോര്‍ഡാണ്.

എന്‍ജിന്‍ തകരാറിനെത്തുടര്‍ന്നു വിമാനം താഴെയിറക്കാന്‍ എഴുപത്തിരണ്ടുകാരനായ താരം നിര്‍ബന്ധിതനായി. എന്നാല്‍, വന്‍ അപകടം ഒഴിവാക്കാന്‍ ആള്‍പാര്‍പ്പില്ലാത്ത ഗോള്‍ഫ് കോഴ്സിലേക്കു ഫോര്‍ഡ് വിമാനം പറത്തുകയായിരുന്നു. സാരമായി പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തെന്നു ഫോര്‍ഡിന്റെ മകന്‍ ബെന്‍ ഫോര്‍ഡ് ട്വിറ്ററിലൂടെ അറിയിച്ചു. തലയ്ക്കും കൈക്കുമാണ് പരിക്കേറ്റത്. ഗോള്‍ഫ് കളിച്ചുകൊണ്ടിരുന്ന രണ്ടു ഡോക്ടര്‍മാരാണ് സൂപ്പര്‍ താരത്തിനു പ്രാഥമിക ശുശ്രൂഷ നല്കിയത്.


സാന്താ മോണിക്ക വിമാനത്താവളത്തില്‍നിന്നാണ് ഫോര്‍ഡ് ചെറുവിമാനം പറത്തിയത്. ഒരു റണ്‍വേ മാത്രമുള്ള വിമാനത്താവളത്തിലേക്ക് അടിയന്തരമായി തിരിച്ചിറക്കാന്‍ ഫോര്‍ഡിന് അനുമതി ലഭിച്ചില്ല. 1942ല്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായിരുന്ന ഡബ്ളു ഡബ്ള്യു 2 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 1919ല്‍ പൂര്‍ത്തിയായ സാന്താ മോണിക്ക വിമാനത്താവളത്തോട് തൊട്ടുചേര്‍ന്ന് പാര്‍പ്പിട സമുച്ചയങ്ങളുണ്ട്.

1966ല്‍ ഡെഡ് ഹീറ്റ് ഓണ്‍ എ മേരി ഗോ റൌണ്ട് എന്ന സിനിമയിലൂടെയാണ് ഫോര്‍ഡ് വെള്ളിത്തിരയിലെത്തിയത്. ബ്ളേഡ് റണ്ണര്‍ 2 സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഓസ്കര്‍, ബാഫ്ത, ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാര പരാമര്‍ശം ലഭിച്ചിട്ടുണ്ട്. വിമാനം പറപ്പിക്കുന്നതില്‍ വിദഗ്ധനായ ഫോര്‍ഡ് 1999ലും 2000ലും അപകടത്തില്‍പ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.