സൌദി യുദ്ധവിമാനങ്ങള്‍ യെമനില്‍ ബോംബിട്ടു
സൌദി യുദ്ധവിമാനങ്ങള്‍ യെമനില്‍ ബോംബിട്ടു
Friday, March 27, 2015 11:01 PM IST
സനാ: യെമന്‍ പ്രസിഡന്റ് അബ്ദു റഹ്മാന്‍ ഹാദിയുടെ അഭ്യര്‍ഥന മാനിച്ച് ഹൌതി ഷിയകള്‍ക്ക് എതിരേ സൌദി അറേബ്യയുടെ നേതൃത്വത്തിലുള്ള പത്തു രാജ്യങ്ങള്‍ സൈനിക നടപടി ആരംഭിച്ചു. ബുധനാഴ്ച രാത്രി യെമന്‍ തലസ്ഥാനമായ സനായില്‍ സൌദി യുദ്ധവിമാനങ്ങള്‍ കനത്ത ആക്രമണം നടത്തി. സനായിലെ അല്‍ദയ്ലാമി വ്യോമത്താവളം, അന്തര്‍ദേശീയ വിമാനത്താവളം, പ്രസിഡന്റിന്റെ കൊട്ടാരം എന്നിവയ്ക്ക് വ്യോമാക്രമണത്തില്‍ കനത്തനാശം സംഭവിച്ചു. 18 പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

നൂറോളം വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഹൌതികളുടെ മിസൈല്‍ വിക്ഷേപണ സംവിധാനം തകര്‍ന്നു. വ്യോമാക്രമണത്തെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ആറുശതമാനംവരെ വര്‍ധിച്ചു. ഓഹരിവിപണി ഇടിഞ്ഞു. ഹൌതികളുടെ നിരവധി യുദ്ധവിമാനങ്ങള്‍ നശിപ്പിച്ചെന്നും വ്യോമമേഖല ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും സൌദി അധികൃതര്‍ അവകാശപ്പെട്ടു. ഓപ്പറേഷന്‍ സ്റോം ഓഫ് റിസോള്‍വ് എന്നു പേരിട്ടിട്ടുള്ള സൈനിക നടപടി ആരംഭിച്ച വിവരം യുഎസിലെ സൌദി സ്ഥാനപതി അദല്‍ അല്‍ജബൂര്‍ വാഷിംഗ്ടണില്‍ പത്രസമ്മേളനത്തിലാണ് അറിയിച്ചത്.

ഈജിപ്ത് നാലു കപ്പലുകള്‍ സൂയസിലേക്ക് അയച്ചു. യെമനിലെ സൈനിക നടപടിക്ക് അമേരിക്കയുടെയും ബ്രിട്ടന്റെയും പിന്തുണയുണ്ട്. യുഎഇ, ബഹറിന്‍, കുവൈറ്റ്, ഖത്തര്‍, ജോര്‍ദാന്‍, മൊറോക്കോ, സുഡാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ യെമന്‍ ആക്രമണത്തില്‍ പങ്കെടുക്കാന്‍ സമ്മതിച്ചെന്ന് അല്‍ അറബിയ ടിവി അറിയിച്ചു. ഗള്‍ഫില്‍നിന്ന് ഒമാന്‍ മാത്രമാണു വിട്ടുനില്‍ക്കുന്നത്. യെമനിലെ നിയമാനുസൃത ഭരണാധികാരിയായ പ്രസിഡന്റ് അബ്ദു റഹ്മാന്‍ ഹാദിയെ അധികാരത്തില്‍ നിലനിര്‍ത്തുകയാണു ലക്ഷ്യമെന്ന് സൌദി വ്യക്തമാക്കി. ഏഡനിലെ കൊട്ടാരത്തിനു നേര്‍ക്ക് ഷിയാ വിമതര്‍ വ്യോമാക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഹാദി ബോട്ടുമാര്‍ഗം സൌദിയിലേക്കു പലായനം ചെയ്തെന്നും അതല്ല അദ്ദേഹം യെമനില്‍ത്തന്നെയുണ്െടന്നും വ്യത്യസ്ത റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനിടെ യെമനിലെ സൌദി ആക്രമണം കൂടുതല്‍ രക്തച്ചൊരിച്ചിലിനിടയാക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കി. ഇറാന്റെ പിന്തുണയുള്ള ഹൌതി ഷിയാകളും സൌദിയുടെ പിന്തുണയുള്ള സുന്നികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഗള്‍ഫിലെ ഇതര രാജ്യങ്ങളിലേക്കും പടര്‍ന്നേക്കാമെന്ന് ഇതോടെ ആശങ്ക പരന്നു.

യെമനില്‍ സംഭവിക്കുന്നത്

പ്രസിഡന്റ് അബ്ദ്റബ് മന്‍സൂര്‍ ഹാദി

യെമന്‍ സര്‍ക്കാരിനെ നയിക്കുന്നതു സുന്നികള്‍. ഇവര്‍ക്ക് ഇതുവരെ അമേരിക്കന്‍ പിന്തുണ ഉണ്ടായിരുന്നു. ഇപ്പോള്‍ യുഎസ് സേന രാജ്യം വിട്ടു. സൌദിഅറേബ്യ, ഈജിപ്ത്, ഖത്തര്‍ അടക്കം ഗള്‍ഫിലെ സുന്നി രാജ്യങ്ങള്‍ എന്നിവ ഹാദിയെ സഹായിക്കുന്നു.

അബ്ദുള്‍ മാലിക് അല്‍ ഹൌതി

ഷിയ മുസ്ലിംകളില്‍പ്പെട്ട ഹൌതി ഗോത്രവര്‍ഗക്കാര്‍ സ്വയംഭരണത്തിനായി 2004 മുതല്‍ പോരടിക്കുന്നു. ഇറാന്റെ പിന്തുണ ഇവര്‍ക്കുണ്ട്. ഷിയാകളിലെ സയ്ദി വിഭാഗമായ ഹൌതികള്‍ ഇതു നിഷേധിക്കുന്നു.

നസീര്‍ അല്‍ വുഹായ്ഷി

അല്‍ക്വയ്ദയുടെ ഏറ്റവും ശക്തവും ആപത്കാരിയുമായ ശാഖയാണു യെമനിലുള്ളത്. ഉസാമ ബിന്‍ ലാദന്‍ യെമനിലാണു ജനിച്ചതെന്നതും ശ്രദ്ധേയമാണ്. ഇസ്ലാമിക് സ്റേറ്റുമായി അല്‍ക്വയ്ദ സഹകരിച്ചു നീങ്ങുന്നു.

യെമനും എണ്ണവിലയും

യെമന്‍ വലിയ എണ്ണ ഉത്പാദക രാജ്യമല്ല. 2013-ലെ പ്രതിദിന ഉത്പാദനം 1.33 ലക്ഷം വീപ്പ. എന്നാല്‍, യെമനും ആഫ്രിക്കയ്ക്കും ഇടയിലുള്ള ബാബ് എല്‍ മാന്‍ഡബ്, ചെങ്കടല്‍ എന്നിവയിലൂടെ പ്രതിദിനം 38 ലക്ഷം വീപ്പ എണ്ണ കടന്നുപോകുന്നു. അതാണു യമനിലെ സംഭവവികാസങ്ങള്‍ എണ്ണവില അഞ്ചു ശതമാനവും സ്വര്‍ണവില ഒരു ശതമാനവും കൂടാനിടയാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.