ജര്‍മന്‍ വിമാനം സഹപൈലറ്റ് തകര്‍ത്തതെന്ന് അന്വേഷണസംഘം
ജര്‍മന്‍ വിമാനം സഹപൈലറ്റ് തകര്‍ത്തതെന്ന് അന്വേഷണസംഘം
Friday, March 27, 2015 11:05 PM IST
പാരീസ്: ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വതപ്രദേശത്ത് ജര്‍മന്‍ വിംഗ്സ് വിമാനം തകര്‍ന്ന് 150 പേര്‍ മരിക്കാനിടയായ അപകടത്തിനു പിന്നില്‍ വിമാനത്തിന്റെ സഹപൈലറ്റെന്നു സൂചന. വിമാനത്തിന്റെ ബ്ളാക്ക് ബോക്സിലെ കോക്ക്പിറ്റ് വോയിസ് റിക്കാര്‍ഡര്‍ പരിശോധിച്ചതില്‍നിന്നാണ് അന്വേഷണസംഘത്തിനു നിര്‍ണായക സൂചന ലഭിച്ചത്. കോക്പിറ്റില്‍നിന്നു പുറത്തിറങ്ങിയ പ്രധാന പൈലറ്റിനെ തിരികെ പ്രവേശിക്കാന്‍ അനുവദിക്കാതെ സഹപൈലറ്റ് വാതില്‍ അടച്ചെന്നു ഫ്രഞ്ച് പ്രോസിക്യൂട്ടര്‍ ബ്രൈസ് റോബിന്‍ പറഞ്ഞു.

അപകടസമയത്ത് വിമാനത്തിന്റെ കോക്പിറ്റില്‍ സഹ പൈലറ്റ് ആന്‍ഡ്രിയാസ് ലുബിറ്റ്സ് മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിനു തൊട്ടുമുമ്പ് കോക്പിറ്റിന്റെ വാതിലില്‍ ശക്തിയായി മുട്ടുന്ന ശബ്ദം വോയിസ് റിക്കാര്‍ഡറില്‍നിന്നു ലഭിച്ചിട്ടുണ്ട്. കോക്പിറ്റിലുള്ള സഹപൈലറ്റ് ശബ്ദിക്കാതെ 30,000 അടി ഉയരത്തില്‍നിന്ന് 5,000 അടിയിലേക്കു വിമാനം താഴ്ത്തി ആല്‍പ്സ് മലയിലേക്ക് ഇടിപ്പിക്കുകയായിരുന്നു. വിമാനം തകര്‍ക്കാനാണു സഹ പൈലറ്റ് ഉദ്ദേശിച്ചതെന്നും പ്രധാന പൈലറ്റ് കോക്പിറ്റില്‍നിന്നു പുറത്തിറങ്ങിയശേഷം സഹപൈലറ്റ് ഒന്നും സംസാരിച്ചില്ലെന്നും റോബിന്‍ പറ ഞ്ഞു.

എന്നാല്‍, അപകടത്തിനു തീവ്രവാദപ്രവര്‍ത്തനവുമായി ഒരു ബന്ധവുമില്ലെന്ന് അന്വേഷണ സം ഘം വ്യക്തമാക്കി. ഇരുപത്തെട്ടുകാരനായ സഹ പൈലറ്റ് ആന്‍ഡ്രിയാസിനു വിഷാദരോഗത്തിന്റെ ലക്ഷണങ്ങളില്ലായിരുന്നെന്നും ജര്‍മന്‍ വിംഗ്സിലെ ജോലിയില്‍ സന്തോഷവാനായിരുന്നെന്നും ഗ്ളൈഡര്‍ ക്ളബ്ബിലെ അംഗങ്ങള്‍ അന്വേഷണസംഘത്തോ ടു പറഞ്ഞു. ചെറുപ്രായത്തില്‍ ഗ്ളൈഡര്‍ പൈലറ്റ് ലൈസന്‍സ് നേടിയ ആന്‍ഡ്രിയാസ് ലുഫ്താന്‍സയില്‍ പൈലറ്റ് ട്രെയിനിയായാണു ജോലിയില്‍ പ്രവേശിച്ചത്. 630 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള ഇയാള്‍ 2013 സെപ്റ്റംബറിലാണ് ജര്‍മന്‍ വിംഗ്സില്‍ ചേര്‍ന്നത്.

ലുഫ്താന്‍സയിലും കോണ്‍ഡോറിലും ജോലി ചെയ്തിട്ടുള്ള പ്രധാന പൈലറ്റ് 2014 മേയിലാണ് ജര്‍മന്‍ വിംഗ്സിലെത്തിയത്. ആറായിരം മണിക്കൂര്‍ വിമാനം പറത്തി പരിചയമുണ്ട്. ലുഫ്താന്‍സയുടെ തന്നെ സഹോദരസ്ഥാപനാണ് ജര്‍മന്‍ വിംഗ്സ്. പ്രധാന പൈലറ്റിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ എയര്‍ലൈന്‍സ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.


സ്പെയിനിലെ ബാഴ്സലോണയില്‍നിന്നു ജര്‍മനിയിലെ ഡുസല്‍ഡോര്‍ഫിലേക്കു പുറപ്പെട്ട എയര്‍ബസ് എ 320 വിമാനമാണ് ചൊവ്വാഴ്ച ആല്‍പ്സില്‍ തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 144 യാത്രക്കാരും ആറു വിമാനജോലിക്കാരുമടക്കം 150 പേര്‍ അപകടത്തില്‍ മരിച്ചു. ഇതില്‍ 51 പേര്‍ സ്പെയിന്‍കാരും 72 പേര്‍ ജര്‍മന്‍കാരുമാണ്.

മരിച്ചവരുടെ ബന്ധുക്കളെ പ്രത്യേക വിമാനത്തില്‍ അപകടസ്ഥലത്ത് എത്തിച്ചു. മൃതദേഹങ്ങള്‍ കിലോമീറ്ററോളം നീളുന്ന ചെങ്കുത്തായ പാറകളില്‍ ചിതറിക്കിടക്കുകയാണ്. താത്കാലികമായി തയാറാക്കിയ ലാബുകളില്‍ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധന നടത്തിയാണു മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത്.

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ്, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റഹോയി എന്നിവര്‍ ബുധനാഴ്ച അപകടസ്ഥലം സന്ദര്‍ശിച്ചു.

1974ല്‍ തുര്‍ക്കി എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 346 പേര്‍ മരിച്ച സംഭവത്തിനുശേഷം ഫ്രാന്‍സിലുണ്ടാകുന്ന ഏറ്റവും വലിയ വിമാനാപകടമാണിത്. 18 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. മൂന്ന് അമേരിക്കക്കാരും മൂന്ന് ബ്രിട്ടീഷുകാരും വിമാനത്തിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. അര്‍ജന്റീന, ഓസ്ട്രേലിയ, ബെല്‍ജിയം, കൊളംബിയ, ഡെന്മാര്‍ക്ക്, ഹോളണ്ട്, ഇസ്രയേല്‍, ജപ്പാന്‍, മെക്സികോ, മൊറോക്കോ പൌരന്‍മാരും വിമാനത്തിലുണ്ടായിരുന്നു.

വിമാനം അപകടകരമായി താഴ്ന്നപ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂം സഹപൈലറ്റുമായി ബന്ധപ്പെട്ടെങ്കിലും ഇയാള്‍ പ്രതികരിച്ചില്ലെന്ന് റോബന്‍ പറഞ്ഞു. വിമാനത്തില്‍ രണ്ടു കുട്ടികളും 16 ജര്‍മന്‍ സ്കൂള്‍ വിദ്യാര്‍ഥികളുമുണ്ടായിരുന്നു.

വിമാനത്തിന്റെ രണ്ടാമത്തെ ബ്ളാക്ക് ബോക്സ് ദുരന്തസ്ഥലത്തുനിന്നു കണ്െടത്തിയിട്ടില്ല. 24 വര്‍ഷം പഴക്കമുള്ള വിമാനം തിങ്കളാഴ്ച അറ്റകുറ്റപ്പണി നടത്തിയിരുന്നെന്നും ലുഫ്താന്‍സയുടെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യ ത്തെ ആകാശദുരന്തമാണിതെന്നും സിഇഒ കാര്‍സ്റന്‍ സ്പോര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.