പാത്രിയര്‍ക്കീസ് ദിന്‍ഹ നാലാമന്‍ ദിവംഗതനായി
പാത്രിയര്‍ക്കീസ് ദിന്‍ഹ നാലാമന്‍ ദിവംഗതനായി
Friday, March 27, 2015 12:19 AM IST
ഷിക്കാഗോ: ആഗോള പൌരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ പാത്രിയര്‍ക്കീസ് മാറന്‍ മാര്‍ ദിന്‍ഹ നാലാമന്‍ ദിവംഗതനായി. 79 വയസായിരുന്നു. അസുഖംമൂലം ഏതാനും നാളുകളായി ഷിക്കാഗോയിലെ മേയോ ക്ളിനിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പാത്രിയര്‍ക്കീസിന്റെ അസുഖം അത്യന്തം വഷളായതിനെതുടര്‍ന്ന് അമേരിക്കയിലെ മിനസോട്ടയില്‍ നടന്ന സഭയുടെ അടിയന്തര സുനഹദോസ് പാത്രിയാര്‍ക്കീസ് വികാരി ജനറലായി പൌരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യയിലെ മേലധ്യക്ഷന്‍ ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്തയെ ഇന്നലെ തെരഞ്ഞെടുത്തിരുന്നു. പുതിയ പാത്രിയര്‍ക്കീസിനെ തെരഞ്ഞെടുക്കുന്നതുവരെ മാര്‍ അപ്രേം മെത്രാപ്പോലീത്ത കല്‍ദായ സഭയുടെ വികാരി ജനറലായി തുടരും. പാത്രിയര്‍ക്കിസിന്റെ ആസ്ഥാനമായ ഷിക്കാഗോയിലായിരിക്കും മാര്‍ അപ്രേം പുതിയ ചുമതല നിര്‍വഹിക്കുക. അടുത്ത പാത്രിയര്‍ക്കീസിനെ തെരഞ്ഞെടുത്തു സ്ഥാനാരോഹണം നടക്കുന്നതുവരെ ആഗോളസഭയുടെ ഭരണച്ചുമതല മാര്‍ അപ്രേം മെത്രാപ്പോലീത്ത നിര്‍വഹിക്കും. ഭാരതസഭയ്ക്കു ലഭിക്കുന്ന ഒരു അപൂര്‍വ പദവി കൂടിയാണിത്.


സഭയിലെ ഏറ്റവും മുതിര്‍ന്ന മെത്രാപ്പോലീത്തയായ മാര്‍ അപ്രേം 1968ലാണ് ബാഗ്ദാദില്‍വച്ച് മെത്രാപ്പോലീത്തയായി സ്ഥാനമേറ്റത്. 47 വര്‍ഷത്തിന്റെ അനുഭവസമ്പത്തുമായി അടുത്ത പാത്രിയര്‍ക്കീസിനെ വാഴിക്കുന്നതുവരെ മാര്‍ അപ്രേം ആഗോളസഭയെ നയിക്കും. ഇറാക്കിലെ ദര്‍ബന്‍ ഡോക്കെയില്‍ ജനിച്ച മാര്‍ ദിന്‍ഹ നാലാമന്‍ 1957 ജൂലൈ 15നാണു വൈദികപട്ടം സ്വീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.