ഇറാനുമായി ആണവ ഉടമ്പടി: അന്തിമ ചര്‍ച്ച ഇന്ന്
ഇറാനുമായി ആണവ ഉടമ്പടി: അന്തിമ ചര്‍ച്ച ഇന്ന്
Tuesday, March 31, 2015 11:41 PM IST
തന്റെ ഭരണകാലത്തു പശ്ചിമേഷ്യയില്‍ ഒരു നിര്‍ണായകനേട്ടം കുറിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ആഗ്രഹിക്കുന്നു. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്നത്തില്‍ ധാരണ എളുപ്പമല്ലാത്തതിനാല്‍ ഇറാന്റെ അണ്വായുധപദ്ധതി വെട്ടിച്ചുരുക്കാവുന്ന കരാര്‍ ഉണ്ടാക്കാനാണു ശ്രമം. സ്വിറ്റ്സര്‍ലന്‍ഡിലെ ലോസാനില്‍ ഇതിന്റെ പ്രാരംഭ ഉടമ്പടിക്കുള്ള അന്തിമ ചര്‍ച്ച ഇന്ന്. പ്രാരംഭ ഉടമ്പടി വച്ചു വിശദചര്‍ച്ച നടത്തി ജൂണ്‍ 30-നകം സമഗ്ര ഉടമ്പടിയാ ണു ലക്ഷ്യം.

ഒത്തുതീര്‍പ്പിനോടുള്ള എതിര്‍പ്പ്

ഇസ്രയേല്‍ ആവശ്യപ്പെടുന്നത് ഇറാന്റെ ആണവസംവിധാനം അപ്പാടെ ഇല്ലാതാക്കണമെന്നാണ്. കരാര്‍ പത്തോ ഇരുപതോ വര്‍ഷമായി പരിമിതപ്പെടുത്തരുത്; ശാശ്വതമാകണം. ഇസ്രയേലിനെ അനുകൂലിക്കുന്നവരാണ്. അമേരിക്കന്‍ സെനറ്റിലെ ഭൂരിപക്ഷം റിപ്പബ്ളിക്കന്മാരും കുറേ ഡെമോക്രാറ്റുകളും. ഇറാന്‍ കരാര്‍ സെനറ്റില്‍ അംഗീകരിപ്പിക്കാന്‍ ഒബാമ ഏറെ പണിപ്പെടേണ്ടിവരും.

ചര്‍ച്ചയില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, ഇറാന്‍.

പാശ്ചാത്യര്‍ക്കു വേണ്ടത്

ഇറാന്റെ ആണവസ്ഥാപന ങ്ങളില്‍ കര്‍ശന പരിശോധന, യുറേനിയം സമ്പുഷ്ടീകരിക്കുന്ന സെന്‍ട്രിഫ്യുജുകളുടെ എണ്ണം ചുരുക്കല്‍, ഇറാനിലുള്ള സമ്പുഷ്ട യുറേനിയം രാജ്യത്തിനു പുറത്തേക്കുമാറ്റല്‍. 20 വര്‍ഷത്തേക്കു കരാര്‍ വേണം; അതിനുശേഷം യുഎന്‍ പരിശോധന തുടരണം.

ഇറാനു വേണ്ടത്

ഊര്‍ജ- വൈദ്യ ആവശ്യങ്ങള്‍ക്കു ള്ള ആണവ പദ്ധതികള്‍ നിര്‍ബാധം തുടരണം. എണ്ണ കയറ്റുമതിക്കും വിദേശ ധനകാര്യ ഇടപാടുകള്‍ക്കുമുള്ള ഉപരോധം ഉടനടി നീക്കണം. കരാര്‍ പത്തു വര്‍ഷത്തേക്കായിരിക്കണം. പിന്നീട് ആണവപദ്ധതികള്‍ തുടരണം.

കരാര്‍ ഉണ്ടായാല്‍

ഉപരോധങ്ങള്‍ മാറിയാല്‍ ലോകവിപണിയിലേക്ക് ഇറാന്റെ എണ്ണ എത്തും. ഇത് എണ്ണവില വീപ്പയ്ക്ക് ഇരുപതു ഡോളറിലേക്കു താഴുമെന്നാണു പ്രതീക്ഷ. ഇറാന്റെ കൈവശം 370 ലക്ഷം വീപ്പ എണ്ണ റിസര്‍വുണ്ട്. ഇതും വിപണിയിലെത്തും. ഇറാന്റെ അണ്വായുധ നിര്‍മാണശ്രമങ്ങള്‍ രഹസ്യമായി തുടരുകയും ചെയ്യും എന്നാണ് ഇസ്രേലി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറയുന്നത്.

തര്‍ക്കവിഷയങ്ങള്‍

1. ബോംബിലേക്ക് എത്രദൂരം?

ഇറാന് ഇനി മൂന്നു മുതല്‍ ആറുവരെ മാസത്തിനുള്ളില്‍ അണുബോംബ് നിര്‍മിക്കാനാവും എന്നു പാശ്ചാത്യര്‍ കരുതുന്നു. കരാര്‍വഴി ഈ ശേഷി ഒരു വര്‍ഷത്തില്‍ കൂടുതലാക്കാന്‍ അവരാഗ്രഹിക്കുന്നു. കരാര്‍ ലംഘിച്ച് ഇറാന്‍ ബോംബുണ്ടാക്കാന്‍ ശ്രമിച്ചാലും ഒരു വര്‍ഷം വേണ്ട രീതിയില്‍ ശേഷി കുറയ്ക്കണം. ഒരു വര്‍ഷം കിട്ടിയാല്‍ ഉപരോധങ്ങളും രാഷ്ട്രീയ-സൈനിക സമ്മര്‍ദങ്ങളും വഴി ഇറാനെ തടയാമത്രേ. ബോംബിലേക്ക് ഒന്നരവര്‍ഷം വേണ്ട കരാറാണെങ്കില്‍ ഒബാമയ്ക്കു കൂടുതല്‍ പിന്തുണ കിട്ടും.


2. സെന്‍ട്രിഫ്യൂജുകള്‍ എത്ര?

ഇപ്പോള്‍ ഇറാന് 20,000 സെന്‍ട്രിഫ്യൂജുകള്‍ ഉണ്െടന്നാണു ധാരണ. യുറേനിയം സമ്പുഷ്ടീകരിച്ചു ബോംബിനുവേണ്ട നിലവാരത്തിലാക്കാന്‍ ഇവ വേണം. ഇവയുടെ എണ്ണം 6500 ആയി ചുരുക്കണമെന്ന് അമേരിക്ക നിര്‍ദേശിക്കുന്നു. ഒരു സെന്‍ട്രിഫ്യൂജ് പോലും പാടില്ലെന്ന് ഇസ്രയേല്‍ ആവശ്യപ്പെടുന്നു. ഏഴായിരത്തിനു മുകളില്‍ അനുവദിച്ചാല്‍ ഇറാനും ആറായിരത്തിനു താഴെയായാല്‍ ഒബാമ യ്ക്കും വിജയം.

3. ആണവ ഇന്ധനം എവിടെ?

ഇറാന് ആണവവൈദ്യുതനിലയം ഉണ്ട്. അതിന് അഞ്ചു ശതമാനം സമ്പുഷ്ട യുറേനിയം വേണം. ബോംബിനു 90 ശതമാനം സമ്പുഷ്ടമാകണം. ഇറാന്റെ കൈയിലുള്ള ഇന്ധനം റഷ്യയിലേക്കു മാറ്റി വൈദ്യുതനിലയത്തിനുള്ള നിലവാരത്തിലേക്ക് അവ മാറ്റി കൊടുക്കാനാണു പാശ്ചാത്യനിര്‍ദേശം. ഈ വ്യവസ്ഥയില്‍ ഇറാന്റെ എതിര്‍പ്പു മാറിയിട്ടില്ല.

4. പരിശോധന എങ്ങനെ?

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)യുടെ പരിശോധന എങ്ങനെ എന്നു തീരുമാനിക്കണം. സമഗ്ര പരിശോധനയ്ക്ക് ഇറാന്‍ വിധേയമാകേണ്ടിവരും. നിലയങ്ങള്‍ മാത്രമല്ല ഗവേഷണശാലകളും പരിശോധിക്കാന്‍ സമ്മതിക്കണം.

5. എത്ര കാലത്തേക്ക്?

കരാര്‍ എത്ര കാലത്തേക്ക് എന്നതില്‍ പാശ്ചാത്യര്‍ക്കും യോജിപ്പില്ല. പത്തു മുതല്‍ 20 വരെ വര്‍ഷമാണു മിക്കവരും ആവശ്യപ്പെടുന്നത്. ഫ്രാന്‍സിന്റെ നിര്‍ദേശം 15 വര്‍ഷം. ഇസ്രയേല്‍ പറയുന്നതു കരാര്‍ ശാശ്വതമാക്കണമെന്നാണ്.

6. ഉപരോധംപിന്‍വലിക്കല്‍ ?

ഒറ്റയടിക്ക് ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്നാണ് ഇറാന്റെ ആവശ്യം. ഉപരോധങ്ങള്‍മൂലം സാമ്പത്തി ക അടിത്തറ തകര്‍ന്നപ്പോഴാണ് ഇറാന്‍ രണ്ടു വര്‍ഷം മു മ്പു ചര്‍ച്ചയ്ക്കു തയാറായത്. അമേരിക്ക പറയുന്നതു ഘട്ടംഘട്ടമായി മാത്രം ഉപരോധം പിന്‍വലിക്കല്‍ എന്നാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.