ബംഗ്ളാ ബ്ളോഗ് എഴുത്തുകാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു
Tuesday, March 31, 2015 11:47 PM IST
ധാക്ക:ബംഗ്ളാദേശിലെ പ്രശസ്ത ബ്ളോഗ് എഴുത്തുകാരന്‍ 27കാരനായ വഷിക്കുര്‍ റഹ്മാന്‍ മിഷുവിനെ പട്ടാപ്പകല്‍ ധാക്കയില്‍ അക്രമികള്‍ വെട്ടിക്കൊന്നു. കൊലക്കത്തികളുമായി രണ്ട് അക്രമികളെ കൈയോടെ പിടികൂടിയെന്നും ഓടിപ്പോയ മൂന്നാമനുവേണ്ടി തെരച്ചില്‍ ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.

ഒരുമാസം മുമ്പ് അമേരിക്കന്‍ പൌരനായ ബംഗ്ളാസ്വദേശി അവിജിത് റോയിയെയും ഇത്തര ത്തില്‍ ധാക്കയില്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

മിഷുവിന്റെ ബ്ളോഗുകളിലെ ആശയങ്ങള്‍ ഇസ്ലാമിനു വിരുദ്ധമായവയാണെന്നും സിദ്ധാന്തപരമായ ഭിന്നതകളാണ് കൊലപാതകത്തി നു പ്രേരിപ്പിച്ചതെന്നും അറസ്റിലായ ജിക്കുല്‍, ആരിഫ് ഇസ്ലാം എന്നിവര്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്ന് ധാക്ക ഡെപ്യൂട്ടി കമ്മീഷണര്‍ ബിപ്ളവ് കുമാര്‍ സര്‍ക്കാര്‍ അറിയിച്ചു. ഇരുവ രും മദ്രസ വിദ്യാര്‍ഥികളാണ്.

ഇറച്ചി വെട്ടുന്നതിന് ഉപയോഗിക്കുന്ന തരത്തിലുള്ള മൂന്നു കത്തികള്‍ സംഭവസ്ഥലത്തുനിന്നു പോലീസ് കണ്െടടുത്തു. മിഷുവിന്റെ മുഖം വെട്ടേറ്റ് വികൃതമായെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ധാക്കയിലെ തേജ്ഗന്‍ വ്യവസായ മേഖലയിലാണ് അക്രമം അരങ്ങേറിയത.് ധാക്കാ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മിഷുവിനെ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒരു സര്‍ക്കാരിതര സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച മിഷു വിവിധ വിഷയങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ ബ്ളോഗുകള്‍ എഴുതിയിരുന്നു.


കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ മതതീവ്രവാദികളാല്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ ബ്ളോഗറാണ് മിഷു. 2013 ഫെബ്രുവരിയില്‍ രജീബ് ഹൈദര്‍ എന്ന ബ്ളോഗര്‍ കൊല്ലപ്പെട്ടു. ഈ കേസില്‍ ഒരു ഇസ്ലാമിസ്റ് സംഘടനാ നേതാവും സ്വകാര്യ യൂണിവേഴ്സിറ്റിയിലെ ഏഴു വിദ്യാര്‍ഥികളും കുറ്റക്കാരാണെന്നു കണ്െടത്തി. യുഎസ് പൌരത്വമുള്ള അവിജിത് റോയിയുടെ കൊലപാതകക്കേസിന്റെ അന്വേഷണത്തില്‍ ധാക്കാ പോലീസുമായി എഫ്ബിഐ സഹകരിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.