കോടികളുടെ ചിത്രം അറിയാതെ വിറ്റതു ചുളുവിലയ്ക്ക്
Thursday, April 2, 2015 1:24 AM IST
ഗാസ: വിശ്രുത ബ്രട്ടീഷ് ചിത്രകാരനായ ബാന്‍ക്സെ വരച്ച ചുവര്‍ ചിത്രം നിസാരവിലയ്ക്ക് വിറ്റഴിച്ചതിനെച്ചൊല്ലി ഖേദിക്കുകയാണ് ഗാസ നിവാസിയായ റബിയ ദാര്‍ദുന. സാധാരണ മൂന്നരക്കോടിരൂപയോളമാണ് ബാന്‍ക്സെ ചിത്രത്തിന്റെ വില. എന്നാല്‍ തന്റെ കൈവശമുണ്ടായിരന്ന ചിത്രം വെറും 175 ഡോളറിനാണ് റബിയ നാട്ടിലെ ഒരു കലാപ്രേമിക്കു വിറ്റത്.

ബോംബുകള്‍ക്കു നടുവില്‍ ജനജീവിതം എങ്ങനെയൊക്കെയാണെന്നു നേരിട്ടറിയാന്‍ ഈവര്‍ഷം ആദ്യമാണ് ബാന്‍ക്സെ ഗാസയിലെത്തിയത്. പതിവുപോലെ തെരുവിലെ നിരവധിയിടങ്ങളില്‍ അദ്ദേഹം ചുവര്‍ചിത്രങ്ങളും രചിച്ചു. അതിലൊന്ന് ആറു കുട്ടികളുടെ അച്ഛനായ റബിയ ദാര്‍ദുനയുടെ വീടിനുമുന്നിലെ വാതില്‍പ്പടിയിലായിരുന്നു.

തലയില്‍ കൈവച്ചിരിക്കുന്ന ഒരു ദേവതയുടെ ചിത്രം. പിന്നീടൊരു ദിവസം ഇസ്രേലി ആക്രമണത്തില്‍ വീടിന്റെ വാതില്‍പ്പടി തകര്‍ന്നു. ഇതോടെ ഇരുമ്പും ഇഷ്ടികയും ചേര്‍ന്നു നിര്‍മിച്ച വാതിലിന്റെ ഭാഗം ഉപയോഗശൂന്യമായി. ചിത്രം ആലേഖനം ചെയ്ത വാതില്‍പ്പടി വെറും 175 ഡോളറിനു ചുമര്‍ചിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ ബെലാല്‍ ഖാലിദിനു റബിയ കൈമാറുകയായിരുന്നു.


അസാധാരണമായ ഇടങ്ങളില്‍ ചുമര്‍ചിത്രങ്ങള്‍ വരയ്ക്കുന്നതാണ് ബാന്‍ക്സെയുടെ രീതി. അത്തരമൊരു വിലപ്പെട്ട ചിത്രമായിരുന്നു വാതിലിലേതെന്നു പരസ്യമായതോടെ റബിയ വിഷമവൃത്തത്തിലായി. ചിത്രത്തിന്റെ മൂല്യം എത്രയാണെന്നോ,ചിത്രകാരനായ ബാന്‍ക്സെ ആരാണെന്നോ തനിക്കറിയില്ലെന്നു പറഞ്ഞ റബിയ മൂല്യം അറിയാമായിരുന്നുവെങ്കില്‍ അതു കൈമാറുകയില്ലെന്നും പറഞ്ഞു. വിലയേറിയ ചിത്രമാണെന്നറിഞ്ഞതോടെ ഖാലിദിനെ ഫോണില്‍ വിളിച്ചെങ്കിലും മറുപടിയില്ലായിരുന്നു.

അതേസമയം വാതില്‍ തിരിച്ചുനല്‍കാനോ, ചിത്രം വിറ്റഴിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ഖാലിദിന്റെ പ്രതികരണം. ചിത്രം നശിച്ചുപോകാതെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അത് സ്വന്തമാക്കിയത്.

ബാന്‍ക്സെയെ വര്‍ഷങ്ങളായി പിന്തുടരുന്നയാളാണ് താന്‍. ഗാസയിലെ ജനജീവിതത്തിന്റെ നേര്‍ചിത്രമെന്ന നിലയില്‍ ലോകമെമ്പാടുമുള്ള ഗാലറിയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഖാലിദ് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.