ഭൂട്ടോയുടെ പാര്‍ട്ടിയില്‍ ബിലാവലിനു പകരം സഹോദരി വന്നേക്കും
ഭൂട്ടോയുടെ പാര്‍ട്ടിയില്‍ ബിലാവലിനു പകരം സഹോദരി വന്നേക്കും
Thursday, April 2, 2015 1:26 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഭൂട്ടോ കുടുംബത്തിന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതൃത്വത്തില്‍നിന്നു ബിലാവല്‍ ഭൂട്ടോയെ മാറ്റി സഹോദരി ബഖ്താവറിനെ നിയമിക്കാന്‍ നീക്കം.

പാര്‍ട്ടി നടത്തിപ്പു സംബന്ധിച്ചു പിതാവ് ആസിഫ് അലി സര്‍ദാരിയുമായി വിയോജിച്ചു രാജ്യംവിട്ടു ലണ്ടനില്‍ കഴിയുകയാണു ചെയര്‍പേഴ്സണായ ബിലാവല്‍. കഴിഞ്ഞ വര്‍ഷം പോയ ബിലാവല്‍ ഡിസംബറില്‍ അമ്മ ബേനസീറിന്റെ ചരമവാര്‍ഷികത്തിനു വരുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. ഈ ശനിയാഴ്ച പാര്‍ട്ടി സ്ഥാപകനും ബേനസീറിന്റെ പിതാവുമായ സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ 36-ാമതു ചരമവാര്‍ഷികമാണ്. അന്നു പിപിപി നടത്തുന്ന അനുസ്മരണ സമ്മേളനത്തിലെ മുഖ്യപ്രഭാഷക ബഖ്താവറാണ്.

ബഖ്താവറിന്റെ രാഷ്ട്രീയ അരങ്ങേറ്റമായാണു നിരീക്ഷകര്‍ ഇതിനെ കാണുന്നത്. 2013ല്‍ ബേനസീറിന്റെ രക്തസാക്ഷിത്വ വാര്‍ഷികത്തിലായിരുന്നു ബിലാവലിന്റെ രാഷ്ട്രീയ പ്രവേശം.

മകനെ പാര്‍ട്ടി ചെയര്‍പേണ്‍സണ്‍ ആക്കിയെങ്കിലും സര്‍ദാരി പാര്‍ട്ടിയിലെ തന്റെ പിടി അയച്ചില്ല. പഞ്ചാബ്, സിന്ധ് പ്രവിശ്യകളില്‍ പാര്‍ട്ടി ഭാരവാഹികളെയോ മുഖ്യമന്ത്രിമാരെയോ മാറ്റാന്‍ ബിലാവലിനു സാധിച്ചില്ല. സര്‍ദാരിയുടെ അഴിമതിക്കാരായ കൂട്ടാളികളെ മാറ്റാനും സമ്മതിച്ചില്ല.


ഇതേത്തുടര്‍ന്നു ബിലാവലും സര്‍ദാരിയും പലവട്ടം വാഗ്വാദങ്ങളിലേര്‍പ്പെട്ടു. തുടര്‍ന്നാണു രാജ്യംവിട്ടുപോയത്. ഇപ്പോള്‍ പാര്‍ട്ടിയില്‍ സര്‍ദാരിയും അദ്ദേഹത്തിന്റെ സഹോദരിമാരും നടത്തുന്ന ദുര്‍ഭരണത്തോട് എതിര്‍പ്പ് ശക്തിപ്പെട്ടുകഴിഞ്ഞു. സിന്ധ് പ്രവിശ്യയിലെ പാര്‍ട്ടി ഗവണ്‍മെന്റ് അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു. ഈ അവസ്ഥ മാറ്റാന്‍ ആഗ്രഹിക്കുന്നവരാണ് ബഖ്താവറിനെ കൊണ്ടുവരാന്‍ മുന്നിട്ടുനില്‍ക്കുന്നത്. ഈയിടെ ചെറിയ പാര്‍ട്ടി ചടങ്ങുകളില്‍ പങ്കെടുത്തു ബഖ്താവര്‍ തന്റെ സാന്നിധ്യം അറിയിച്ചുവരികയാണ്.

യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എഡിന്‍ബറയില്‍നിന്നു ബിരുദമെടുത്ത ബഖ്താവര്‍, ബേനസീറിന്റെ മൂന്നു മക്കളില്‍ രണ്ടാമത്തെയാളാണ്. അസിഫാ ആണു മൂന്നാമത്തെയാള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.