യെമനിലെ വിമാനത്താവളം അല്‍ക്വയ്ദ പിടിച്ചു
Saturday, April 18, 2015 10:45 PM IST
മുകല്ല: ദക്ഷിണ യെമനിലെ റിയാന്‍ വിമാനത്താവളവും മുകല്ലയ്ക്കു സമീപമുള്ള സൈനികത്താവളവും യെമനിലെ അല്‍ക്വയ്ദ ഇന്‍ അറേബ്യന്‍ പെനിന്‍സുല പിടിച്ചു.യെമനിലെ അഞ്ചാമത്തെ വലിയ നഗരമാണു മുകല്ല. അറേബ്യന്‍ തീരത്തുള്ള ദഹാബ് ഓയില്‍ ടെര്‍മിനലിന്റെ നിയന്ത്രണവും അല്‍ക്വയ്ദ പിടിച്ചു. പ്രസിഡന്റ് ഹാദിയുടെ വിശ്വസ്തരായ സൈനികരെ വ്യാഴാഴ്ച അല്‍ക്വയ്ദ മുകല്ലയില്‍നിന്നു തുരത്തിയിരുന്നു.

ഇറാന്റെ പിന്തുണയുള്ള ഹൌതി ഷിയാ വിമതരും ഹാദിയുടെ സൈനികരും തമ്മില്‍ നടക്കുന്ന പോരാട്ടത്തിനിടയില്‍ അല്‍ക്വയ്ദ നേട്ടം കൈവരിക്കുന്നുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

ഇതിനിടെ ഹാദി സൈനികരെ പിന്തുണയ്ക്കുന്ന സൌദി അറേബ്യ ഇന്നലെയും തലസ്ഥാനമായ സനായിലും ഏഡന്‍, സദാ തുടങ്ങിയ നഗരങ്ങളിലും വ്യോമാക്രണം നടത്തി. ടെയിസ് നഗരത്തില്‍ ഹാദി സൈനികരും ഹൌതികളും ഉഗ്രപോരാട്ടം തുടരുകയാണ്. ഏഡന്റെ നല്ലപങ്കും നേരത്തെ ഹൌതികളുടെ നിയന്ത്രണത്തിലായിരുന്നു. തലസ്ഥാനമായ സനാ കഴിഞ്ഞ സെപ്റ്റംബറില്‍ ഹൌതികള്‍ പിടിച്ചു. പ്രസിഡന്റ് ഹാദി സൌദി അറേബ്യയിലേക്കു പലായനം ചെയ്തു.


യെമനില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ നിര്‍ദേശിച്ചു. യെമനില്‍ അഭയാര്‍ഥികളായവരെ സഹായിക്കാന്‍ അടിയന്തരമായി 27 കോടി ഡോളര്‍ അനുവദിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. യെമനില്‍ കുടിവെള്ളത്തിനും ഭക്ഷണത്തിനും മരുന്നിനും ക്ഷാമം അനുഭവപ്പെടുകയാണ്.

ഇതിനിടെ താന്‍ ഒരു കാരണവശാലും യെമന്‍ വിടില്ലെന്ന് ഹൌതികളെ പിന്തുണയ്ക്കുന്ന മുന്‍ പ്രസിഡന്റ് സാലേ വ്യക്തമാക്കി. സുരക്ഷ ഉറപ്പു തന്നാല്‍ സാലേ യെമന്‍ വിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.