ഇനി ബാറ്ററി വേണ്ടാത്ത വീഡിയോ കാമറ
ഇനി ബാറ്ററി വേണ്ടാത്ത വീഡിയോ കാമറ
Saturday, April 18, 2015 10:46 PM IST
ന്യൂയോര്‍ക്ക്: ബാറ്ററിയില്ലാതെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വീഡിയോ കാമറ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ വികസിപ്പിച്ചെടുത്തു. ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍ ശ്രീ കെ. നയാരുടെ നേതൃത്വത്തിലാണ് ഒരു സെക്കന്‍ഡില്‍ ഒരു ചിത്രം എന്ന വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കാമറ വികസിപ്പിച്ചിരിക്കുന്നത്. ബാറ്ററിയുടെ സഹായം ഇല്ലാതെ സ്വയം ഊര്‍ജം സൃഷ്ടിച്ചാണു കാമറയുടെ പ്രവര്‍ത്തനം. വസ്തുവില്‍നിന്നു പ്രതിഫലിക്കുന്ന വെളിച്ചത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണു ബാറ്ററിയില്ലാതെ പ്രവര്‍ത്തിക്കാന്‍ കാമറയെ സഹായിക്കുന്നത്.

ഏതൊരു ഡിജിറ്റല്‍ കാമറയുടെയും ഹൃദയമെന്നു വിശേഷിപ്പിക്കാവുന്നത് അതിന്റെ ഇമേജ് സെന്‍സറുകളാണ്. ഈ കാമറയില്‍ ഇമേജ് സെന്‍സറുകള്‍ക്കു ചിത്രം പകര്‍ത്തുന്നതു കൂടാതെ പ്രകാശത്തെ വൈദ്യുതോര്‍ജമാക്കി മാറ്റേണ്ട കടമ കൂടിയുണ്ട്. റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയിലേക്കാണ് ഈ വൈദ്യുതോര്‍ജം ശേഖരിച്ചു സൂക്ഷിക്കുക. ചിത്രങ്ങള്‍ എടുക്കാന്‍ ഉപയോഗിക്കാത്ത സമയത്തു ഫോണ്‍, വാച്ച് തുടങ്ങിയവ ചാര്‍ജ് ചെയ്യാനും ഈ കാമറ ഉത്പാദിപ്പിക്കുന്ന കറന്റ് പ്രയോജനപ്പെടുത്താം.

ഡിജിറ്റല്‍ ദൃശ്യസാങ്കേതിക വിദ്യാവിപ്ളവത്തിലൂടെയാണു ലോകം കടന്നുപോകുന്നത്. കഴിഞ്ഞ ഒറ്റ വര്‍ഷം മാത്രം വ്യത്യസ്തമായ 200 കോടി കാമറകളാണു ലോകത്താകമാനം വിറ്റഴിഞ്ഞത്. ചികിത്സാരംഗങ്ങളിലടക്കം വിവിധ മേഖലകളില്‍ ഇന്നു ഡിജിറ്റല്‍ ദൃശ്യസാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ പുറത്തുനിന്ന് ഊര്‍ജം സംഭരിക്കാത്ത കാമറ ഉപയോഗിക്കാന്‍ സാധിക്കുന്നത് ഏറെ സൌകര്യപ്രദമായിരിക്കുമെന്നു ശ്രീ കെ. നയാര്‍ പറയുന്നു.


എന്‍ജിനിയറും വിഖ്യാത കംപ്യൂട്ടര്‍ സയന്റിസ്റുമായ ശ്രീ കെ. നയാര്‍ കൊളംബിയ യൂണിവേഴ്സിറ്റിയിലെ പ്രഫസറാണ്. യൂണിവേഴ്സിറ്റിയിലെ കംപ്യൂട്ടര്‍ വിഷന്‍ ലബോറട്ടറിയുടെ സഹഡയറക്ടറുമാണ്. 1984ല്‍ റാഞ്ചിയിലെ ബിര്‍ള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്നാണു ശ്രീ കെ. നയാര്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടിയത്.

വ്യത്യസ്തങ്ങളായ നിരവധി കാമറകള്‍ ഇദ്ദേഹം ഇതിനകം കണ്ടുപിടിച്ചു കഴിഞ്ഞു. 360 ഡിഗ്രിയില്‍ ചിത്രമെടുക്കാവുന്ന കാമറ, ത്രിമാന ചിത്രങ്ങളെടുക്കാവുന്ന കാമറ, കുട്ടികള്‍ക്കു വിദ്യാഭ്യാസ കാര്യങ്ങള്‍ക്കു പ്രയോജനപ്പെടുത്താവുന്ന ബിഗ്ഷോട്ട് കാമറ തുടങ്ങിയവയൊക്കെ അവയില്‍ ചിലതാണ്. ഡിജിറ്റല്‍ ഇമേജിംഗ്, കംപ്യൂട്ടര്‍ വിഷന്‍, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലായി മുപ്പതോളം പേറ്റന്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 200ലേറെ ശാസ്ത്രലേഖനങ്ങളും എഴുതിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.