അര്‍മേനിയന്‍ വംശഹത്യയുടെ നൂറാം വാര്‍ഷികം ആചരിച്ചു
അര്‍മേനിയന്‍ വംശഹത്യയുടെ നൂറാം വാര്‍ഷികം ആചരിച്ചു
Saturday, April 25, 2015 12:01 AM IST
യെരെവാന്‍: ഓട്ടോമന്‍ തുര്‍ക്കികള്‍ ഒന്നാംലോക മഹായുദ്ധകാലത്ത് 15ലക്ഷം അര്‍മേനിയന്‍ ക്രൈസ്തവരെ വംശഹത്യ നടത്തിയതിന്റെ നൂറാം വാര്‍ഷികം ഇന്നലെ ആചരിച്ചു. അര്‍മേനിയന്‍ തലസ്ഥാനമായ യെരെവാനില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദ്, റഷ്യന്‍ പ്രസിഡന്റ് പുടിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഒരുഡസനോളം രാജ്യങ്ങള്‍ അര്‍മേനിയന്‍ കൂട്ടക്കൊലയെ വംശഹത്യയെന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ജര്‍മന്‍ പ്രസിഡന്റും ആദ്യമായി വംശഹത്യയെന്ന വാക്ക് ഇന്നലെ ഉപയോഗിച്ചു.

അര്‍മേനിയയില്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ ഒരു നൂറ്റാണ്ടുമുമ്പ് 15 ലക്ഷത്തോളം ക്രൈസ്തവരെ വകവരുത്തിയത് വംശീയ കൂട്ടക്കൊലയാണെന്ന് ജര്‍മന്‍ പ്രസിഡന്റ് പറഞ്ഞു. തുര്‍ക്കിയുമായുള്ള ജര്‍മനിയുടെ നയതന്ത്ര ബന്ധം വഷളാക്കുന്ന നടപടിയാണിതെന്ന് ആശങ്ക ഉയര്‍ന്നു.

വംശീയ കൂട്ടക്കൊല എന്ന ആരോപണം തുര്‍ക്കി നിഷേധിക്കുകയാണ്. ഒന്നാംലോക മഹായുദ്ധകാലത്ത് നടന്ന അതിക്രമങ്ങളുടെ ഭാഗമാണിതെന്നും അര്‍മീനിയക്കാരെ തെരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയിട്ടില്ലെന്നുമാണ് തുര്‍ക്കിയുടെ ഭാഷ്യം.


1915 ഏപ്രില്‍ 24ന് 250 അര്‍മീനിയന്‍ ബുദ്ധിജീവികളെയും സമുദായ പ്രമാണികളെയും ഓട്ടോമന്‍ തുര്‍ക്കികള്‍ അറസ്റു ചെയ്തു. ഇവരെ പിന്നീട് കോണ്‍സ്റാന്റിനോപ്പിളില്‍ (ഇപ്പോഴത്തെ ഈസ്റാംബൂള്‍) വധിച്ചു. യുദ്ധം അവസാനിക്കുമ്പോഴേക്ക്് അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് ക്രൈസ്തവ വിഭാഗക്കാരായ 15ലക്ഷം പേര്‍ കൊല്ലപ്പെട്ടെന്നാണു കണക്ക്. റഷ്യയെ അര്‍മേനിയന്‍ വംശജര്‍ പിന്തുണയ്ക്കുമെന്ന ഭീതിയും അര്‍മേനിയക്കാര്‍ക്ക് എതിരേ തിരിയാന്‍ ഓട്ടോമന്‍ തുര്‍ക്കികളെ പ്രേരിപ്പിച്ചു.

യൂറോപ്യന്‍ പാര്‍ലമെന്റും അര്‍മേനിയന്‍ കൂട്ടക്കൊലയെ വംശീയ കൂട്ടക്കൊല എന്നു വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് ഒബാമ കൂട്ടക്കൊലയെ അപലപിച്ചെങ്കിലും വംശീയ കൂട്ടക്കൊല എന്നു പറഞ്ഞില്ല. തുര്‍ക്കിയുടെ നയതന്ത്ര സമ്മര്‍ദമാണിതിനു കാരണമെന്നു പറയപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.