വത്തിക്കാന്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടവര്‍ അറസ്റില്‍
Saturday, April 25, 2015 12:02 AM IST
റോം: ഉസാമ ബിന്‍ ലാദന്റെ അംഗരക്ഷകരായിരുന്ന രണ്ടുപേര്‍ ഉള്‍പ്പെടെ ഏതാനും അല്‍ക്വയ്ദാ ഭീകരരെ ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കഴിഞ്ഞദിവസം അറസ്റ് ചെയ്തതായി പോലീസ് അറിയിച്ചു.പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പുറമേ വത്തിക്കാനിലും ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതി തയാറാക്കിയിരുന്നുവെന്ന് സാര്‍ഡീനിയയിലെ കാഗിലിയാരി പട്ടണത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ചീഫ് പ്രോസിക്യൂട്ടര്‍ മൌറോ മുണ്‍റോ പറഞ്ഞു.

ഈ ഭീകരഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ആറുവര്‍ഷമായി പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയപ്പോഴാണ് വത്തിക്കാനും ഇവരുടെ ലക്ഷ്യമായിരുന്നുവെന്നു വ്യക്തമായത്.2010ല്‍ ഇറ്റലിയില്‍ ഒരു ചാവേര്‍ ഭടന്‍ എത്തിയിരുന്നു. എന്നാല്‍ ഇയാള്‍ താമസിയാതെ സ്ഥലംവിട്ടു. അതിനാല്‍ ആക്രമണം നടന്നില്ല.


ആകെ 18 പേര്‍ക്ക് എതിരേയാണു വാറന്റ് പുറപ്പെടുവിച്ചത്. ഗ്രൂപ്പിന്റെ ആത്മീയ നേതാവായ ഇമാം ഉള്‍പ്പെടെ ഏതാനും പേരെ പിടികൂടി. ചിലര്‍ രാജ്യം വിട്ടെന്നു കരുതപ്പെടുന്നു.

അഫ്ഗാനിസ്ഥാനില്‍നിന്നും പാക്കിസ്ഥാനില്‍നിന്നും അഭയാര്‍ഥികള്‍ എന്ന വ്യാജേന ആളുകളെ ഇറ്റലിക്കു കടത്തുകയായിരുന്നു ഗ്രൂപ്പിന്റെ പ്രധാന ജോലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.