പാക് മനുഷ്യാവകാശ പ്രവര്‍ത്തക സബീന്‍ വെടിയേറ്റു മരിച്ചു
പാക് മനുഷ്യാവകാശ പ്രവര്‍ത്തക സബീന്‍ വെടിയേറ്റു മരിച്ചു
Sunday, April 26, 2015 12:02 AM IST
കറാച്ചി: പാക് മനുഷ്യാവകാശ പ്രവര്‍ത്തക സബീന്‍ മഹമൂദ്(39) വെള്ളിയാഴ്ച രാത്രി തോക്കുധാരികളുടെ വെടിയേറ്റു മരിച്ചു. സബീന്റെ മാതാവിനും വെടിയേറ്റു. അവരുടെ നില ഗുരുതരമാണ്.

കറാച്ചിയില്‍ സെക്കന്‍ഡ് ഫ്ളോര്‍ എന്ന പേരില്‍ സബീന്‍ ഒരു കഫേയും സാസ്കാരിക കേന്ദ്രവും നടത്തിയിരുന്നു. ഇവിടെ ബലൂചിസ്ഥാന്‍ വിമതരെ പങ്കെടുപ്പിച്ചു നടത്തിയ സെമിനാറില്‍ പങ്കെടുത്തശേഷം കാറില്‍ മടങ്ങിപ്പോകുമ്പോഴാണ് സബീനു വെടിയേറ്റത്.തൊട്ടടുത്തുനിന്ന് അഞ്ചുതവണ അക്രമികള്‍ വെടിവച്ചെന്നാണു റിപ്പോര്‍ട്ട്. നാഷണല്‍ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ബലൂചിസ്ഥാനിലെ വിമതര്‍ക്കെതിരേ സൈന്യം നടത്തുന്ന അതിക്രമങ്ങളായിരുന്നു സെമിനാറിന്റെ വിഷയം. നേരത്തെ ലാഹോര്‍ യൂണിവേഴ്സിറ്റിയിലെ മാനേജ്മെന്റ് സയന്‍സ് കേന്ദ്രത്തില്‍ ഈ സെമിനാര്‍ നടത്താന്‍ അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് യൂണിവേഴ്സിറ്റി അധികൃതര്‍ അനുമതി നിഷേധിച്ചതെന്നു പറയപ്പെടുന്നു. ധാതുസമ്പത്തും പ്രകൃതിവാതകവും ധാരാളമുള്ള ബലൂചിസ്ഥാനെ പാക്കിസ്ഥാനിലെ സമ്പന്ന പ്രവിശ്യകള്‍ ചൂഷണം ചെയ്യുകയാണെന്നും തങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കണമെന്നും ആവശ്യപ്പെട്ട് ബലൂചുകള്‍ സമരം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ബലൂച് വിഘടനവാദികള്‍ക്ക് എതിരേ നടന്ന സൈനിക നടപടികളില്‍ നിരവധിപ്പേര്‍ കൊല്ലപ്പെടുകയും ഏറെപ്പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.


സബീന്റെ ഘാതകരെ പിടികൂടാന്‍ പോലീസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചു. ഒരു സംഘടനയും ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അക്രമികളെ പിടികൂടാനുള്ള അന്വേഷണത്തിന് എല്ലാ സഹകരണവും നല്‍കാന്‍ ഇന്റലിജന്‍സ് ഏജന്‍സികളോട് ആവശ്യപ്പെട്ടതായി സൈനിക വക്താവ് അസിം ബജ്്വാല്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.

സബീന്റെ കൊലപാതകത്തെ പ്രധാനമന്ത്രി നവാസ് ഷരീഫ് അപലപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.