നേപ്പാളിന്റെ പൈതൃക സ്മാരകം ഭീം സെന്‍ ടവര്‍ മണ്‍കൂനയായി
നേപ്പാളിന്റെ പൈതൃക സ്മാരകം ഭീം സെന്‍ ടവര്‍ മണ്‍കൂനയായി
Sunday, April 26, 2015 12:23 AM IST
കാഠ്മണ്ഡു: ഇന്നലെവരെ ലോകത്തിനു മുന്നില്‍ നേപ്പാളിന്റെ അഭിമാനമായിരുന്നു ധരാഹര എന്ന ഭീം സെന്‍ ടവര്‍. ഒന്‍പതു നിലകളിലായി 61.88 മീറ്റര്‍ ഉയരത്തില്‍ തല ഉയര്‍ത്തി നിന്നിരുന്ന ഭീം സെന്‍ ടവര്‍ ഇന്നലെത്തെ ഭൂകമ്പത്തില്‍ വെറുമൊരു മണ്‍കൂനയായി മാറി. കാഠ്മണ്ഡുവില്‍ സുന്ദരയിലായിരുന്നു ഈ ടവറിന്റെ സ്ഥാനം.

യുനെസ്കോയുടെ അംഗീകാരം നേടിയിരുന്ന ഈ ടവര്‍ 1832ല്‍ ഭീം സെന്‍ ഥാപ്പ പ്രധാനമന്ത്രിയായിരുന്ന കാലത്താണു നിര്‍മിക്കപ്പെട്ടത്. ടവറിനു മുകളിലെത്താന്‍ 213 നടകള്‍ കയറണമായിരുന്നു. എട്ടാമത്തെ നിലയില്‍ ഒരു സര്‍ക്കുലര്‍ ബാല്‍ക്കണിയായിരുന്നു ഇതിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. ഈ ബാല്‍ക്കണിയില്‍നിന്നു കാഠ്മണ്ഡു താഴ്വരയുടെ സൌന്ദര്യം ആവോളം നുകരാമായിരുന്നു. ടവറിന്റെ മേല്‍ക്കൂര 5.2 മീറ്റര്‍ ചെമ്പ് പൊതിഞ്ഞതായിരുന്നു. 2005 മുതലാണു ടവറില്‍ സന്ദര്‍ശകരെ അനുവദിച്ചത്.

ഭീംസെന്‍ ഥാപ്പ നിര്‍മിച്ച ഇരട്ട സ്തംഭങ്ങളിലൊന്നാണു ധരാഹര എന്നു പറയാം. ഒറിജിനല്‍ ഭീംസെന്‍ ടവര്‍ 1824ലാണു നിര്‍മിച്ചത്. അതിനു 11 നിലകളുണ്ടായിരുന്നു. ഇതു കണ്ടപ്പോള്‍ ഹരം കയറിയ സഹോദരീപുത്രി ലളിത് ത്രിപുര സുന്ദരി രാജ്ഞിയുടെ ആവശ്യപ്രകാരം അതിനു സമീപത്തു നിര്‍മിക്കപ്പെട്ടതാണു നിലവിലുണ്ടായിരുന്ന ഒന്‍പതു നിലയുള്ള ടവര്‍. 1834ലെ ഭൂകമ്പത്തെ ഇരുടവറുകളും ഒരു വിധം അതിജീവിച്ചു. എന്നാല്‍, 1934ലെ ഭൂകമ്പത്തെ അതിജീവിക്കാന്‍ ഒറിജിനല്‍ ഭീം സെന്‍ ടവറിനായില്ല. ഇതു നശിച്ചതോടെ രണ്ടാമത്തെ ടവര്‍ അതേ പേരില്‍ അറിയപ്പെടുകയായിരുന്നു. സൈനിക വാച്ച് ടവര്‍ എന്ന നിലയിലാണു നിര്‍മാണമെങ്കിലും പിന്നീട് ഇതു നേപ്പാളിന്റെ അഭിമാനസ്തംഭമായി മാറി.


വജ്ര-സുര്‍ക്കി, കുമ്മായം, കരി, കരിച്ച പഞ്ചസാര തുടങ്ങിയവയൊക്കെ ചേര്‍ന്ന മിശ്രിതമാണു നിര്‍മാണത്തിന് ഉപയോഗിച്ചത്. പക്ഷേ, മുന്‍ഗാമിയെ വീഴ്ത്തിയതുപോലെ ഒരു ഭൂകമ്പം ഈ ചരിത്രസ്മാരകത്തെയും വെറുമൊരു മണ്‍കൂനയാക്കി മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.