പാക്കിസ്ഥാനില്‍ കൊടുങ്കാറ്റും പേമാരിയിലും 45 പേര്‍ മരിച്ചു
പാക്കിസ്ഥാനില്‍ കൊടുങ്കാറ്റും പേമാരിയിലും 45 പേര്‍ മരിച്ചു
Tuesday, April 28, 2015 11:28 PM IST
പെഷവാര്‍: പാക്കിസ്ഥാനിലെ ഖൈബര്‍-പഷ്തൂണ്‍ഹ്വ പ്രവിശ്യയില്‍ വീശിയടിച്ച ചുഴലിക്കാറ്റും പേമാരിയും 45 ജീവന്‍ അപഹരിച്ചു. 200ലധികം പേര്‍ക്കു പരിക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു.

പെഷവാറില്‍ 25 പേരും ചര്‍സദ്ദയില്‍ എട്ടുപേരും നൌഷേര ജില്ലയില്‍ അഞ്ചു പേരും കൊല്ലപ്പെട്ടു. ഇവിടങ്ങളില്‍ റോഡ്-വൈദ്യുത ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. 110 കിലോമീറ്ററിലധികം വേഗത്തിലാണ് കാറ്റു വീശിയത്. പെഷവാറിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

പേമാരിയിലും കൊടുങ്കാറ്റിലും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. റോഡ് സൌകര്യങ്ങള്‍ തകര്‍ന്നിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്. ഖൈബര്‍-പഷ്തൂണ്‍ഹ്വ പ്രവിശ്യയിലെ എല്ലാ ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രവിശ്യാ മന്ത്രി മുഷ്താഖ് ഗനി അറിയിച്ചു. പെഷവാര്‍ വിമാനത്താവളത്തില്‍നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദു ചെയ്തിട്ടുണ്ട്. ഇന്നും മഴ ശക്തിയായി തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.


ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം അനുവദിച്ചതായി പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഓഫീസില്‍നിന്ന് അറിയിച്ചു. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപവീതം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.