കാഠ്മണ്ഡു മൂന്നുമീറ്റര്‍ തെക്കോട്ടു നീങ്ങി; എവറസ്റിന്റെ ഉയരം മാറിയില്ല
Wednesday, April 29, 2015 12:23 AM IST
ലണ്ടന്‍: ശനിയാഴ്ചത്തെ ഭൂകമ്പം കാഠ്മണ്ഡു നഗരത്തെ മൂന്നു മീറ്റര്‍ (പത്ത് അടി) തെക്കോട്ടു നീക്കി. എവറസ്റ് കൊടുമുടിയുടെ ഉയരം മാറിയിട്ടില്ല. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഭൂകമ്പ പഠന വിദഗ്ധന്‍ ജയിംസ് ജാക്സന്റേതാണ് ഈ വെളിപ്പെടുത്തല്‍.

ഭൂഖണ്ഡങ്ങളെ വഹിക്കുന്ന പ്ളേറ്റുകളുടെ സംഘര്‍ഷമാണു ഭൂകമ്പത്തിനു കാരണമാകുന്നതെന്നാണു ശാസ്ത്രലോകം പറയുന്നത്. ഇന്ത്യയെ വഹിക്കുന്ന പ്ളേറ്റും യൂറോപ്പും ഏഷ്യയും ചേര്‍ന്ന യൂറേഷ്യയെ വഹിക്കുന്ന പ്ളേറ്റും ഉണ്ട്. ഇന്ത്യന്റ പ്ളേറ്റ് യൂറേഷ്യന്‍ പ്ളേറ്റില്‍ ഇടിച്ചുണ്ടായതാണു ഹിമാലയ പര്‍വതനിര എന്നാണു നിഗമനം. പ്രതിവര്‍ഷം രണ്ടു സെന്റിമീറ്റര്‍ വീതം ഇന്ത്യന്‍ പ്ളേറ്റ് യൂറോപ്യന്‍ പ്ളേറ്റിലേക്ക് ഇടിച്ചുകയറുന്നുണ്ട്. ഈ പ്ളേറ്റുകള്‍ കൂട്ടിമുട്ടുന്ന ഭാഗത്തെ ഹിമാലയന്‍ സമ്മര്‍ദ വിടവിലാകും ഭൂകമ്പം ഉദയംകൊണ്ടതെന്നു ജാക്സണ്‍ കരുതുന്നു.

ഇന്ത്യയെ വഹിച്ച പ്ളേറ്റ് ഈ ഹിമാലയന്‍ പര്‍വതഭാഗത്തെ യൂറോപ്യന്‍ പ്ളേറ്റില്‍നിന്നു മൂന്നു മീറ്റര്‍ തെക്കോട്ടു തള്ളപ്പെട്ടു എന്നു യൂണിവേഴ്സിറ്റി ഓഫ് ഡര്‍ഹമിലെ മാര്‍ക്ക് അലന്‍ എന്ന ശാസ്ത്രജ്ഞനും കണക്കുകൂട്ടുന്നു. ഭൂനിരപ്പില്‍നിന്നു 15 കിലോമീറ്റര്‍ താഴെയാണ് ഈ നീക്കവും തത്ഫലമായ ഭൂകമ്പവും തുടങ്ങിയത്.

ഈ മാറ്റം അതിസൂക്ഷ്മ ഭൂപടങ്ങള്‍ മാറ്റിവരയ്ക്കാന്‍ നിമിത്തമാകുമോ എന്നു ശാസ്ത്രജ്ഞര്‍ പറയുന്നില്ല.

എവറസ്റ് കൊടുമുടിയുടെ പടിഞ്ഞാറായാണ് ഈ മാറ്റം സംഭവിച്ചത്. തന്മൂലം കൊടുമുടിയുടെ ഉയരം മാറിയിട്ടുണ്േടാ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നാണു യൂണിവേഴ്സിറ്റി ഓഫ് എഡിന്‍ബറയിലെ ഭൂകമ്പശാസ്ത്ര പ്രഫസര്‍ ഇയാന്‍ മെയിന്‍ പറഞ്ഞത്. എന്നാല്‍, ഉയരവ്യത്യാസം വരാനിടയില്ലെന്നു യൂണിവേഴ്സിറ്റി ഓഫ് അഡ്ലെയ്ഡിലെ സാന്‍ഡി സ്റീസി പറയുന്നു. 8,848 മീറ്റര്‍ (29,029 അടി) ആണു ഭൂമിയിലെ ഏറ്റവും ഉയരമേറിയ എവറസ്റ് കൊടുമുടിയുടെ ഉയരമായി കണക്കാക്കുന്നത്.

ഇതേസമയം, ഇന്ത്യയുടെ കുറേ ഭാഗം നേപ്പാളിനടിയിലേക്കു തള്ളിക്കയറിയതായി അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ കോളിന്‍ സ്റാര്‍ക്ക് പറഞ്ഞു. ഒരടി മുതല്‍ പത്തടിവരെയാണു തള്ളിക്കയറ്റം. ബിഹാറിലെ ഭരത്പുര്‍ - ഹെതനഡ - ജനക്പുര്‍ പ്രദേശമാണ് ഇങ്ങനെ വടക്കോട്ടു തള്ളിയതെന്ന് അദ്ദേഹം വിശദീകരിച്ചു. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ലാമോണ്ട് - ഡോഹര്‍ട്ടി ഭൂനിരീക്ഷണകേന്ദ്രത്തിലെ പ്രഫസറാണു സ്റാര്‍ക്ക്.

1934ലെ ബിഹാര്‍ ഭൂകമ്പത്തിനു ശേഷമുള്ള 81 വര്‍ഷംകൊണ്ട് ഇന്ത്യന്‍ ഭൂഖണ്ഡം നേപ്പാളിലേക്കു 12 അടിയെങ്കിലും തള്ളിക്കയറിയതായിട്ടുണ്െടന്നാണു സ്റാര്‍ക്കിന്റെ നിരീക്ഷണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.