നവ്യാനുഭവമായി ജിദ്ദയില്‍ കാര്‍ഷിക പ്രദര്‍ശനം
നവ്യാനുഭവമായി ജിദ്ദയില്‍ കാര്‍ഷിക പ്രദര്‍ശനം
Wednesday, May 6, 2015 11:27 PM IST
ജിദ്ദ: ഫേസ്ബുക്കിലെ കാര്‍ഷിക കൂട്ടായ്മയായ കൃഷിഗ്രൂപ്പിന്റെ ജിദ്ദയിലെ പ്രവര്‍ത്തകര്‍ ഒരുക്കിയ കാര്‍ഷിക പ്രദര്‍ശനം നവ്യാനുഭവമായി. ജിദ്ദ അല്‍ മൌഹിമ ഇന്‍ര്‍നാഷണല്‍ സ്കൂളില്‍ നടന്ന പ്രദര്‍ശനത്തില്‍ കേരളത്തില്‍ മാത്രം കണ്ടു പരിചയിച്ച പല പച്ചക്കറികളും തങ്ങളുടെ കണ്‍മുമ്പില്‍ വിളഞ്ഞുനില്ക്കുന്നത് അത്ഭുതത്തോടെ പ്രവാസിമലയാളികള്‍ നോക്കിക്കണ്ടു. കാന്താരിമുളകും വെണ്ടയും തക്കാളിയും വഴുതനയുമെല്ലാം കായ്ച്ചു നില്ക്കുന്നതു കണ്ട വീട്ടമ്മമാര്‍ ഇവയെല്ലാം ജിദ്ദയില്‍ കൃഷി ചെയ്യാന്‍ കഴിയുമോയെന്നു അന്വേഷിക്കുകയും അവയുടെ കൃഷിരീതിയെക്കുറിച്ചും പരിചരണത്തെക്കുറിച്ചും ചോദിച്ചറിയുകയും ചെയ്തു. കുട്ടികളില്‍ പലരും ഇത്തരം വിളകള്‍ ആദ്യമായി കാണുകയുമായിരുന്നു.

മീനും പച്ചക്കറിയും ഒന്നിച്ചു കൃഷിചെയ്യുന്ന അക്വാപോണിക്സ് കൃഷിരീതി പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. വെര്‍മി കമ്പോസ്റ് നിര്‍മാണ രീതിയും പ്രദര്‍ശനത്തില്‍ ശ്രദ്ധനേടി. ലീഡ്സ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് ഫൈനല്‍ മേളയോട് അനുബന്ധിച്ചായിരുന്നു പ്രദര്‍ശനം ഒരുക്കിയത്.

‘ഹരിത ഭവനം വിഷ വിമുക്ത ഭക്ഷണം’ എന്ന ലക്ഷ്യത്തോടെ പ്രവൃത്തിക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് കൃഷിഗ്രൂപ്പ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷത്തോളം മലയാളികള്‍ ഈ കൂട്ടായ്മയിലുണ്ട്. വിഷരഹിതമായ പച്ചക്കറികള്‍ വീടുകളില്‍ കൃഷി ചെയ്യുന്നതിനുവേണ്ട സഹായങ്ങളും നിര്‍ദേശങ്ങളും ഗ്രൂപ്പ് നല്‍കി വരുന്നു. കാര്‍ഷിക സംശയങ്ങള്‍ക്കു മറുപടി നല്കാന്‍ വിദഗ്ധരുടെ സേവനവും ഗ്രൂപ്പില്‍ ലഭ്യമാണ്.


പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജിദ്ദ അല്‍ മൌഹിബ ഇന്റര്‍നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍ സുലൈമാന്‍ നിര്‍വഹിച്ചു. കൃഷിഗ്രൂപ്പ് പ്രസിഡന്റ് മുജീബ്റഹ്മാന്‍ ചെമ്മംകടവ് ഉദ്ഘാടകന് കായ്ച്ച വെണ്ടച്ചെടി ഉപഹാരമായി നല്‍കി. തുടര്‍ന്ന് ഷമീം വട്ടക്കണ്ടത്തില്‍ കൃഷി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. ജിദ്ദയില്‍ ടെറസുകളിലും മറ്റും കൃഷി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ആവശ്യമായ വിത്തുകള്‍, ജൈവവളം, തൈകള്‍ തുടങ്ങിയവയും ആവശ്യമായ നിര്‍ദേശങ്ങളും നല്‍കാന്‍ കൃഷിഗ്രൂപ്പ് തയാറാണെന്ന് അദ്ദേഹം പറഞ്ഞു.

സൈഫ്, മുഹമ്മദ് അലി കൊടിഞ്ഞി, യൂസുഫ് ജെര്‍മിനോ, ഫര്‍ഹാന്‍, അദ്നു ഷബീര്‍, ബഷീര്‍ ചേലേംബ്ര, റസീന ബഷീര്‍, റജീന തുടങ്ങിയവര്‍ പ്രദര്‍ശനത്തിനു നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.