ആര്‍ച്ച്ബിഷപ് റൊമേറോ വാഴ്ത്തപ്പെട്ടവന്‍
ആര്‍ച്ച്ബിഷപ് റൊമേറോ വാഴ്ത്തപ്പെട്ടവന്‍
Saturday, May 23, 2015 11:50 PM IST
സാന്‍സാല്‍വഡോര്‍: വലതുപക്ഷ അക്രമികളുടെ വെടിയേറ്റു മരിച്ച ആര്‍ച്ച്ബിഷപ് ഓസ്കര്‍ റൊമേറോയെ ഇന്നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും.

വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ആഞ്ജലോ അമാത്തോയാണ് ചടങ്ങുകളില്‍ മുഖ്യകാര്‍മികനാകുക.

സാമൂഹ്യനീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും സൈനിക ഭരണകൂടത്തിനെതിരേ പ്രവര്‍ത്തിക്കുകയും ചെയ്തയാളാണ് ആര്‍ച്ച്ബിഷപ് റൊമേറോ. പട്ടാള ഭരണത്തെ എതിര്‍ക്കുന്ന സാധാരണജനങ്ങളെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കാന്‍ എല്‍സാല്‍വഡോറിലെ പട്ടാളത്തെ ആഹ്വാനം ചെയ്തതിനു പിറ്റേന്നാണ് അദ്ദേഹം വധിക്കപ്പെട്ടത്. 1980 മാര്‍ച്ച് 24-ന് ഒരു ആശുപത്രി ചാപ്പലില്‍ കുര്‍ബാന അര്‍പ്പിക്കുമ്പോഴാണ് പട്ടാള ഭരണകൂടത്തിന്റെ അനുകൂലികളായ ഘാതകസംഘം അദ്ദേഹത്തെ വെടിവച്ചു കൊന്നത്. അപ്പോള്‍ അദ്ദേഹത്തിന് 62 വയസായിരുന്നു.

ദരിദ്രരോടു പക്ഷംചേരുന്ന കത്തോലിക്കാസഭയുടെ പ്രതീകം എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചയാളായി ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ആര്‍ച്ച്ബിഷപ് റൊമേറോയെ പ്രഖ്യാപിച്ചത്. രക്തസാക്ഷിത്വം സംബന്ധിച്ച നിര്‍വചനം വിശാലാര്‍ഥത്തില്‍ പ്രയോഗിച്ച അപൂര്‍വ അവസരങ്ങളിലൊന്നായിരുന്നു അത്. നേരത്തേ വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെയുടെ കാര്യത്തിലും ഈ വിശാലാര്‍ഥം എടുത്തിരുന്നു.


പാവങ്ങളോടു പക്ഷംചേരാനുള്ള രണ്ടാം വത്തിക്കാന്‍ സുനഹദോസിന്റെയും 1968-ലെ മെഡലിന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെയും പഠനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ മുന്നിട്ടുനിന്ന ആര്‍ച്ച്ബിഷപ് റൊമേറോയുടെ നാമകരണ നടപടികള്‍ തുടങ്ങിയത് 1994-ലാണ്. എല്‍സാല്‍വഡോര്‍, ഇക്വഡോര്‍, പാനമ രാജ്യങ്ങളുടെ പ്രസിഡന്റുമാരും നൂറിലേറെ ബിഷപ്പുമാരും രണ്ടരലക്ഷത്തോളം വിശ്വാസികളും ഇന്നത്തെ ചടങ്ങില്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.