നൊബേല്‍ ജേതാവ് ജോണ്‍ നാഷ് കാറപകടത്തില്‍ മരിച്ചു
നൊബേല്‍ ജേതാവ് ജോണ്‍ നാഷ് കാറപകടത്തില്‍ മരിച്ചു
Monday, May 25, 2015 11:51 PM IST
ന്യൂജേഴ്സി: നൊബേല്‍ പുരസ്കാര ജേതാവ് ജോണ്‍ നാഷും(86) ഭാര്യ അലീഷ്യയും(82) ശനിയാഴ്ച കാറപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ടാക്സികാര്‍ മണ്‍റോ പട്ടണത്തില്‍ മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ വഴിവക്കിലെ സുരക്ഷാവേലിയില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലും മാസച്യൂസെറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഗണിതശാസ്ത്രജ്ഞനായിരുന്ന നാഷിന് 1994ലാണ് സാമ്പത്തിക നൊബേല്‍ ലഭിച്ചത്. മാനസിക രോഗവുമായി മല്ലിടുന്ന നാഷിന്റെ ജീവിതകഥ ചിത്രീകരിച്ച എ ബ്യൂട്ടിഫുള്‍ മൈന്‍ഡ് എന്ന പ്രശസ്തമായ ഹോളിവുഡ് ചിത്രത്തിന് 2001ലെ ഓസ്കര്‍ പുരസ്കാരവും ലഭിച്ചു. ഇതില്‍ നാഷായി വേഷമിട്ടത് റസല്‍ ക്രോയാണ്. 1963ല്‍ നാഷും ഭാര്യ അലിസിയയും വേര്‍പിരിഞ്ഞെങ്കിലും 2001ല്‍ വീണ്ടും വിവാഹിതരായി. ലോകത്തെ മികച്ച ഗണിതശാസ്ത്ര വിദഗ്ധര്‍ക്കുള്ള 2015ലെ ഏബെല്‍ പുരസ്കാരം ഈയിടെ നാഷ് സ്വന്തമാക്കിയിരുന്നു.


ജോണിനെയും അലീഷ്യയെയും ഓര്‍ക്കുമ്പോള്‍ തേങ്ങലടക്കാനാവുന്നില്ല. സുന്ദരമായ മനസുകള്‍, സുന്ദരമായ ഹൃദയങ്ങള്‍- റസല്‍ ക്രോ ട്വിറ്ററില്‍ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.