50 ശതകോടീശ്വരിമാരില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍
50 ശതകോടീശ്വരിമാരില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍
Saturday, May 30, 2015 11:29 PM IST
ന്യൂയോര്‍ക്ക്: സ്വന്തം പരിശ്രമത്തിലൂടെ അതിസമ്പന്നരായ അമ്പത് അമേരിക്കന്‍ വനിതകളുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ വംശജരും. ഇന്ത്യയില്‍ ജനിച്ച് അമേരിക്കയിലെത്തി 110 കോടി ഡോളര്‍ (7000 കോടി രൂപ) സമ്പത്തുണ്ടാക്കിയ നീരജ സേഠിയും, ലണ്ടനില്‍ ജനിച്ച് അമേരിക്കയിലെത്തി 47 കോടി ഡോളര്‍ (2000 കോടി രൂപ) സമ്പാദിച്ച ജയശ്രീ ഉള്ളാലുമാണ് അവര്‍. നീരജ 14-ാം സ്ഥാനത്തും ജയശ്രീ 30-ാം സ്ഥാനത്തുമാണ്.

അറുപതുകാരിയായ നീരജയുടെ ഭര്‍ത്താവ് ഭരത് ദേശായിയും ശതകോടീശ്വരനാണ്. ഇരുവരുംകൂടി 1980-ല്‍ ഐടി കണ്‍സള്‍ട്ടിംഗ്- ഔട്ട്സോഴ്സിംഗ് സ്ഥാപനമായ സിന്റല്‍ തുടങ്ങി. ഇപ്പോള്‍ നീരജ കമ്പനി വൈസ് പ്രസിഡന്റാണ്. 24000ലേറെ ജീവനക്കാരുണ്ട് കമ്പനിയില്‍.

ക്ളൌഡ് നെറ്റ്വര്‍ക്കിംഗ് കമ്പനിയായ അരിസ്റ നെറ്റ്വര്‍ക്സിന്റെ പ്രസിഡന്റും സിഇഒയുമാണ് അമ്പത്തിനാലുകാരി ജയശ്രീ. അമേരിക്കയിലെ ഏറ്റവും സമ്പന്ന വനിതാ എക്സിക്യൂട്ടീവുമാരില്‍ ഒരാളാണ് അവര്‍. അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസിലും ക്രെസന്‍ഡോ കമ്യൂണിക്കേഷനിലും പ്രവര്‍ത്തിച്ചു. ക്രെസന്‍ഡോയെ സിസ്കോ സിസ്റംസ് വാങ്ങിയപ്പോള്‍ ജയശ്രീക്ക് പുതിയ പദവി ലഭിച്ചു. 1500 കോടി ഡോളറിലേറെ വരുമാനമുണ്ടാക്കിയ ഒരു വിഭാഗത്തിന്റെ ലീഡറായി അവിടെ ജയശ്രീ. 2008-ലാണ് അരിസ്റയില്‍ ചേര്‍ന്നത്.


പട്ടികയില്‍ ഒന്നാമത് രക്തപരിശോധനാ സ്ഥാപനമായ തെറാനോസിന്റെ അധിപ എലിസബത്ത് ഹോംസാണ്. ബിരുദപഠനം പൂര്‍ത്തിയാക്കാത്ത ഈ മുപ്പത്തൊന്നുകാരി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയാണ്. സമ്പത്ത് 450 കോടി ഡോളര്‍ (28500 കോടി രൂപ).

ഹ്യൂലറ്റ് പക്കാര്‍ഡ് മേധാവി മെഗ് വിറ്റ്മാന്‍, യാഹൂ സിഇഒ മരിസ മെയര്‍, ഗായിക മഡോണ, ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബെര്‍ഗ്, ഓപ്ര വിന്‍ഫ്രേ, ഗായിക ബിയോണ്‍സ് തുടങ്ങിയവരും പട്ടികയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.