699 ജൂത കുട്ടികളെ രക്ഷിച്ച നിക്കോളാസ് വിന്റണ്‍ അന്തരിച്ചു
699 ജൂത കുട്ടികളെ രക്ഷിച്ച നിക്കോളാസ് വിന്റണ്‍ അന്തരിച്ചു
Friday, July 3, 2015 11:54 PM IST
ലണ്ടന്‍: 699 യഹൂദ കുട്ടികളെ നാസികളുടെ കൂട്ടക്കുരുതിയില്‍നിന്നു രക്ഷിച്ച സര്‍ നിക്കോളാസ് വിന്റണ്‍ അന്തരിച്ചു. 106 വയസായിരുന്നു. താന്‍ ഇങ്ങനെയൊരു സാഹ സിക പ്രവൃത്തി ചെയ്തത് അദ്ദേഹം അര നൂറ്റാണ്ടു മറച്ചുവച്ചു. 1988-ല്‍ ഭാര്യയാണ് നിലവറയില്‍നിന്ന് 1938-40 കാലത്തെ രക്ഷാപ്രവര്‍ത്തനങ്ങളുടെ കുറിപ്പുകള്‍ അടങ്ങിയ നോട്ട്ബുക്ക് കണ്െടടുത്തതും വിവരം പുറംലോകത്തെ അറിയിച്ചതും.

ചെക്കോസ്ളോവാക്യയില്‍ നിന്നാണു വിന്റണ്‍ ജൂത കുട്ടികളെ രക്ഷിച്ചത്. ഓഹരി ബ്രോക്കര്‍ ആയിരുന്ന അദ്ദേഹം ഒരു സുഹൃത്തിന്റെ ക്ഷണപ്രകാരം അവിടെ എത്തിയപ്പോഴാണ് ദുരന്ത സാഹച ര്യം മനസിലായത്. ചില സുഹൃത്തുക്കളുടെയും അമ്മയുടെയും സഹായത്തോടെ നൂറുകണക്കിനു പേരെ രക്ഷിച്ചു. നാസി ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി കൊടു ത്തും ഒളിയാത്രകള്‍ നടത്തിയും ഒക്കെയായിരുന്നു രക്ഷപ്പെടുത്തല്‍. രക്ഷിക്കപ്പെട്ട കുട്ടികള്‍ മിക്കവരും യുദ്ധം കഴിഞ്ഞതോടെ അനാഥരായി.


മാതാപിതാക്കള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ മരിച്ചുപോയ ആ കുട്ടികള്‍ ഇന്നും വിന്റന്റെ കുട്ടികള്‍ എന്നാണു തങ്ങളെ വിളിക്കുന്നത്. ചലച്ചിത്ര സംവിധായകന്‍ കാരള്‍ റൈഷ്, ബ്രിട്ടീഷ് പാര്‍ലമെന്റംഗമായ ആല്‍ഫ്രഡ് ഡബ്സ്, ഇസ്രേലി വ്യോമസേനയുടെ പ്രഥമ മേധാവി ഹ്യൂഗോ മാറോം, ജനിതക ശാസ്ത്രജ്ഞ റെനാറ്റ ലാക്സോവ, കനേഡിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജോ ഷ്ലെസിംഗര്‍, ഗ്രന്ഥകാരി വേര ഗിസിം ഗ് തുടങ്ങിയവര്‍ വിന്റണന്റെ കുട്ടികളില്‍ പെടുന്നു.

1998 വിന്റണു ചെക്കോസ്ളോവാക്യയുടെ പരമോന്നത ബഹുമതി ലഭിച്ചു. ബ്രിട്ടന്‍ പ്രഭു പദവി നല്കി ആദരിച്ചു. സ്ളൊവാക്യന്‍ ചലച്ചിത്രകാരന്‍ മാതേ മിനാച് മൂന്നു സിനിമകള്‍ വിന്റനെപ്പറ്റി എടുത്തു. ഗിസിംഗും മിനാച്ചും ഇദ്ദേഹത്തെപ്പറ്റി പുസ്തകങ്ങള്‍ എഴുതി. ഓസ്കര്‍ ഷിന്‍ഡ്ലര്‍, റൌള്‍ വാളന്‍ബര്‍ഗ് തുടങ്ങി നാസി ഭീകരതയില്‍നിന്നു യഹൂദരെ രക്ഷി ച്ച ധീരന്മാരുടെ ഗണത്തിലാണു വിന്റണും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.