ചാനല്‍ ടണലിലൂടെ ബ്രിട്ടനിലേക്ക് അനധികൃത കുടിയേറ്റം
Thursday, July 30, 2015 12:08 AM IST
പാരീസ്: ഫ്രാന്‍സില്‍നിന്നു ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച ഒരാള്‍ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ചാനല്‍ ടണലില്‍ കൊല്ലപ്പെട്ടു. 25നും 30നും ഇടയില്‍ പ്രായമുള്ള സുഡാന്‍കാരനാണു മരിച്ചത്. ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ച് ഇംഗ്ളീഷ് ചാനലിനടിയിലൂടെയുള്ള ടണലിന്റെ മൊത്തം ദൈര്‍ഘ്യം 50 കിലോമീറ്ററാണ്.

ടണലിലൂടെ നിരവധി ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഫ്രാന്‍സിലെ കലെയ്സില്‍നിന്ന് ഇംഗ്ളണ്ടിലെ ഡോവറിലേക്കുള്ള ട്രെയിനുകളില്‍ അനധികൃതമായി കടന്നുകൂടാന്‍ ലക്ഷ്യമിട്ട് നിരവധി അഭയാര്‍ഥികള്‍ ഫ്രാന്‍സില്‍ തമ്പടിച്ചിട്ടുണ്ട്. ടണലിലേക്കുള്ള പ്രവേശന മാര്‍ഗം തടയുന്ന സുരക്ഷാവേലി മറികടന്ന് ചൊവ്വാഴ്ച 1500 പേര്‍ ട്രെയിന്‍യാത്രയ്ക്കു ശ്രമിച്ചെങ്കിലും ഫ്രഞ്ച് പോലീസ് തടഞ്ഞു. തിങ്കളാഴ്ച 2000പേരെ തടഞ്ഞു.


എന്നാല്‍ കഴിഞ്ഞദിവസം നൂറുപേരെങ്കിലും അനധികൃതമായി ബ്രിട്ടനിലെത്തിയെന്നു ബ്രിട്ടീഷ് അധികൃതര്‍ പറഞ്ഞു. ബ്രിട്ടനിലെ ഫോള്‍ക്സ്റോണിലെ എക്സിറ്റ് പോയിന്റില്‍ എത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയത്തിന് അപേക്ഷിക്കാം. ഇവരെ പിന്നീട് ഡോവറിലെ ഇമിഗ്രേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയാണു പതിവ്.

ജനുവരിക്കുശേഷം ഇതുവരെ 37000 പേര്‍ അനധികൃത കുടിയേറ്റത്തിനു ശ്രമിച്ചെന്നും ഇവരെ തടഞ്ഞെന്നും ചാനല്‍ ടണലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന യൂറോടണല്‍ ഓപ്പറേറ്റര്‍ അറിയിച്ചു. ജൂണിനുശേഷം ഒമ്പതുപേരാണ് ടണല്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. അനധികൃത കുടിയേറ്റക്കാരെ തടയാന്‍ ഫ്രഞ്ചു പോലീസ് കൂടുതല്‍ ജാഗ്രത കാണിക്കണമെന്നു ബ്രിട്ടന്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.