ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഫോണും യുഎസ് ചോര്‍ത്തി
Saturday, August 1, 2015 11:42 PM IST
ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെയും ഏതാനും ജപ്പാന്‍ കമ്പനികളുടെയും ഫോണുകള്‍ യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി(എന്‍എസ്എ) ചോര്‍ത്തിയതായി വിക്കിലീക്സ് പുറത്തുവിട്ട രേഖകളില്‍ വ്യക്തമാക്കി. രാഷ്ട്രീയക്കാരും കമ്പനി ഉദ്യോഗസ്ഥരുമുള്‍പ്പെടെ 35 പേരുടെ ഫോണുകളാണു ചോര്‍ത്തിയത്. രണ്ടാംലോക മഹായുദ്ധത്തിനുശേഷം ഏഷ്യയില്‍ അമേരിക്കയുടെ ഏറ്റവും വലിയ സഖ്യകക്ഷിയാണു ജപ്പാന്‍.

രഹസ്യങ്ങള്‍ ചോര്‍ത്തുമ്പോള്‍ അമേരിക്ക മാന്യതയോ പരിഗണനയോ കാണിക്കുമെന്നു പ്രതീക്ഷിക്കരുതെന്ന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ പറഞ്ഞു. ലൈംഗിക പീഡനക്കേസില്‍ കുറ്റവിചാരണയ്ക്ക് സ്വീഡനിലേക്ക് വിട്ടുകൊടുക്കുന്നത് ഒഴിവാക്കാനായി അസാന്‍ജെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുകയാണ്.

ജാപ്പനീസ് കാബിനറ്റ് ഓഫീസ്, ബാങ്ക് ഓഫ് ജപ്പാന്‍, ധനകാര്യമന്ത്രാലയം ,വാഹന നിര്‍മാതാക്കളായ മിത്്സുബിഷി കമ്പനി, മിറ്റ്സുയി കമ്പനി തുടങ്ങിയവയുടെ ഫോണുകള്‍ യുഎസ് ചോര്‍ത്തിയെന്നു വിക്കിലീക്സ് പ്രസിദ്ധീകരിച്ച രേഖകളില്‍ പറയുന്നു. 2007-2009 കാലഘട്ടത്തിലെ ഫോണ്‍ സംഭാഷണങ്ങളാണു ചോര്‍ത്തിയത്.


പരിസ്ഥിതി പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള ജപ്പാന്റെ നിലപാട് മനസിലാക്കിയ അമേരിക്ക പ്രസ്തുത വിവരങ്ങള്‍ ഓസ്ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുമായി പങ്കുവച്ചെന്ന് അസാന്‍ജെ പറഞ്ഞു. ഫ്രഞ്ച്, ജര്‍മന്‍, ബ്രസീലിയന്‍ നേതാക്കളുടെ ഫോണുകളും അമേരിക്ക ചോര്‍ത്തിയെന്ന് നേരത്തെ വിക്കിലീക്സ് വ്യക്തമാക്കിയിരുന്നു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ സെല്‍ഫോണ്‍ യുഎസ് ചോര്‍ത്തിയ വിവരം പുറത്തായത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുകയുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.