ബോക്കോ ഹറാമിന്റെ തടവില്‍നിന്ന് 178 പേരെ സൈന്യം മോചിപ്പിച്ചു
Tuesday, August 4, 2015 11:29 PM IST
അബുജ: നൈജീരിയയിലെ ബോര്‍ണോ സ്റേറ്റില്‍ ബോക്കോ ഹറാമിന്റെ തടവില്‍നിന്ന് 178 പേരെ രക്ഷപ്പെടുത്തിയതായി സൈന്യം അവകാശപ്പെട്ടു. മോചിതരായവരില്‍ 101 പേര്‍ കുട്ടികളും 67 പേര്‍ സ്ത്രീകളും ബാക്കിയുള്ളവര്‍ പുരുഷന്മാരുമാണെന്ന് സൈനിക വക്താവ് കേണല്‍ തുകുര്‍ ഗുസാവു പറഞ്ഞു.

ബോക്കോ ഹറാമിന്റെ ഒരു കമാന്‍ഡറെ അറസ്റു ചെയ്തു. ബോര്‍ണോ തലസ്ഥാനമായ മൈദുഗുരിയുടെ വടക്കു പടിഞ്ഞാറുള്ള നിരവധി തീവ്രവാദി ക്യാമ്പുകള്‍ സൈന്യം കൈയടക്കിയെന്നും കേണല്‍ ഗുസാവു അറിയിച്ചു.


ബോക്കോ ഹറാമിനെതിരേ പോരാടുന്നതിനു നൈജീരിയ, കാമറൂണ്‍, നൈജര്‍, ഛാഡ്, ബനിന്‍ തുടങ്ങിയ രാജ്യങ്ങളുടെ സഹകരണത്തോടെ 8700 ഭടന്മാരുള്ള പ്രത്യേകസേനയ്ക്ക് ഈയിടെ രൂപം നല്‍കുകയുണ്ടായി. ബോക്കോ ഹറാമിനെ തുടച്ചുനീക്കുമെന്ന് ഗുഡ്ലക്ക് ജോനാഥനെ പരാജയപ്പെടുത്തി നൈജീരിയന്‍ പ്രസിഡന്റായി ചുമതലയേറ്റ ബുഹാരി പ്രസ്താവിച്ചിരുന്നു.

എന്നാല്‍ അതിനുശേഷവും ബോക്കോ ഹറാം നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.