താലിബാനില്‍ ഭിന്നത രൂക്ഷം; പ്രമുഖ നേതാവ് രാജിവച്ചു
Wednesday, August 5, 2015 11:08 PM IST
പെഷവാര്‍: താലിബാന്‍ നേതൃത്വത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നു. രണ്ടുവര്‍ഷംമുമ്പ് കറാച്ചിയിലെ ആശുപത്രിയില്‍ മരിച്ച പരമോന്നത നേതാവ് മുല്ലാ ഉമറിന്റെ മരണവാര്‍ത്ത ഇത്രനാളും രഹസ്യമായി വച്ച പുതിയ മേധാവി മുല്ലാ മുഹമ്മദ് മന്‍സൂറിന്റെ നടപടിയെ നിരവധി നേതാക്കള്‍ ചോദ്യം ചെയ്തു.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ താലിബാന്റെ പൊളിറ്റിക്കല്‍ ഓഫീസ് ഡയറക്ടറായിരുന്ന സയിദ് മുഹമ്മദ് തയബ് അഗ്ഹാ ഇന്നലെ രാജിവച്ചു.

കറാച്ചിയിലെ ആശുപത്രിയില്‍ 2013 ഏപ്രിലിലാണ് ക്ഷയരോഗത്തെത്തുടര്‍ന്ന് മുല്ലാ ഉമര്‍ മരിച്ചത്. ബുധനാഴ്ച വാര്‍ത്ത പുറത്തുവന്നയുടന്‍ നിഷേധ പ്രസ്താവനയിറക്കിയ താലിബാന്‍ നേതൃത്വം പിറ്റേന്നു വാര്‍ത്ത സ്ഥിരീകരിക്കുകയും ഉമറിന്റെ പിന്‍ഗാമിയായി മുല്ലാ അക്തര്‍ മന്‍സൂറിനെ തെരഞ്ഞെടുത്തെന്ന് അറിയിക്കുകയുമായിരുന്നു. ഉമറിന്റെ മരണത്തെത്തുടര്‍ന്നുള്ള രണ്ടുവര്‍ഷവും മന്‍സൂര്‍ തന്നെയാണ് താലിബാനെ നയിച്ചത്.

മുല്ലാ ഉമറിന്റെ മരണവിവരം രഹസ്യമാക്കി വച്ച മന്‍സൂറിന്റെ നടപടി ചരിത്രപരമായ മണ്ടത്തരമാണെന്നു രാജിക്കാര്യം പ്രഖ്യാപിച്ചു പുറപ്പെടുവിച്ച പ്രസ്താവനയില്‍ തയബ് അഗ്ഹാ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിലെ ക്വറ്റയില്‍ ഷൂരാ കൌണ്‍സില്‍ ചേര്‍ന്നു പിന്‍ഗാമിയെ തെരഞ്ഞെടുത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു. അഫ്ഗാനിസ്ഥാനില്‍ മുജാഹിദ്ദീനുകളുടെ സാന്നിധ്യത്തില്‍ നേതാവിനെ തെരഞ്ഞെടുക്കണമായിരുന്നുവെന്ന് അഗ്ഹാ അഭിപ്രായപ്പെട്ടു.മന്‍സൂറിനെ പിന്തുണയ്ക്കില്ലെന്നു മുല്ലാ ഉമറിന്റെ സഹോദരന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ വ്യക്തമാക്കി.


പാക്കിസ്ഥാനുമായി അടുപ്പം പുലര്‍ത്തുന്നയാളാണു മന്‍സൂര്‍. താലിബാനിലെ ഭിന്നത പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ നടത്താനിരിക്കുന്ന അഫ്ഗാന്‍-താലിബാന്‍ സമാധാന ചര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നു റിപ്പോര്‍ട്ടുണ്ട്. എതിരാളികളെ ഒതുക്കി നേതൃത്വം കൈപ്പിടിയിലാക്കാന്‍ മന്‍സൂറിനു കഴിഞ്ഞില്ലെങ്കില്‍ സമാധാന ചര്‍ച്ച നടക്കില്ല. ഇതിനിടെ അഫ്ഗാനിസ്ഥാനില്‍ നിരവധി താലിബാന്‍ കമാന്‍ഡര്‍മാര്‍ അഫ്ഗാന്‍ സൈന്യവുമായുള്ള പോരാട്ടം നിര്‍ത്തിവച്ചിരിക്കുകയാണ്. സംഘടനയിലെ നേതൃത്വ പ്രശ്നത്തില്‍ വ്യക്തത വന്നിട്ട് യുദ്ധം പുനരാരംഭിക്കാമെന്നാണ് അവരുടെ നിലപാട്. താലിബാനില്‍ ഭിന്നതയില്ലെന്നു വരുത്തിത്തീര്‍ക്കാനായി ഫേസ്ബുക്കില്‍ മന്‍സൂറിനെ പുകഴ്ത്തുന്നവരുടെ വീഡിയോ താലിബാന്‍ പോസ്റ് ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.